മുംബൈ: വാട്സ്ആപ് വഴിയുള്ള പണമിടപാടുകള്‍ക്ക് രാജ്യത്ത് ഔദ്ദ്യോഗിക അനുമതി ലഭിച്ചു. ഡിജിറ്റല്‍ പണമിടപാടുകളുടെ മേല്‍നോട്ട ചുമതലയുള്ള റിസര്‍വ് ബാങ്ക് ഏജന്‍സിയായ നാഷണല്‍ പേയ്മെന്റ് കോര്‍പറേഷനാണ് വാട്സ്ആപ് ഭീം യു.പി.ഐയ്‌ക്ക് അംഗീകാരം നല്‍കിയത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് വാട്സ്ആപ് പേയ്മെന്റ് സര്‍വീസ് പ്രവര്‍ത്തിക്കുന്നുണ്ട്.

ലോകത്ത് തന്നെ ഏറ്റവുമധികം പേര്‍ വാട്സ്ആപ് ഉപയോഗിക്കുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയില്‍ പേയ്മെന്റ് സര്‍വ്വീസ് കൂടി ആരംഭിക്കുമ്പോള്‍ വന്‍ ജനപിന്തുണയാണ് കമ്പനി ലക്ഷ്യമിടുന്നത്. പേടിഎം ഉള്‍പ്പെടെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയുമാകും ഇനി വാട്സ്ആപ്.

നിലവില്‍ 10 ലക്ഷത്തില്‍ കൂടാത്ത ഉപയോക്താക്കള്‍ക്കായി പേയ്മെന്റ്സ് സേവനങ്ങള്‍ നടത്താനാണ് അംഗീകാരം. ഇടപാടിലെ തുകയ്‌ക്കും പരിധിയുമുണ്ടാകും. തുടക്കത്തില്‍ നാല് ബാങ്കുകളായിരിക്കും വാട്സാപ്പിനൊപ്പം ചേരുന്നത്. പരീക്ഷണാടിസ്ഥാനത്തിലുള്ള സേവനം വിജയിച്ചാല്‍ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനമാരംഭിക്കാമെന്നും നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ അറിയിച്ചിട്ടുണ്ട്.