വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപയിലധികം വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന വ്യവസായി വിജയ് മല്യയെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരാനുള്ള നടപടികള്‍ ഇന്ത്യ തുടരുകയാണ്. മല്യയെ തിരിച്ചെത്തിക്കാന്‍ നിയമസഹായം നല്‍കുമെന്ന് ബ്രിട്ടന്‍ കഴിഞ്ഞ ദിവസം ഇന്ത്യക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതിനിടെയാണ് ബ്രിട്ടനിലെ സില്‍വര്‍സ്റ്റണില്‍ മല്യ സഹഉടമയായ ഫോര്‍മുല വണ്‍ ടീം, ഫോഴ്‌സ് ഇന്ത്യ സംഘടിപ്പിച്ച ചടങ്ങിനിടെ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയിലേക്ക് മടങ്ങിവരില്ലെന്ന് മല്യ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി.
രാജ്യത്തെ രണ്ട് പ്രധാന പാര്‍ട്ടികള്‍ തന്നെ പന്തുതട്ടുംപോലെ തട്ടുകയാണ്. ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായ കിങ്ഫിഷറിന്റെ പേരിലുണ്ടായ നഷ്‌ടത്തിന് താന്‍ മാത്രമാണ് ഉത്തരവാദിയെന്ന് വരുത്തിത്തീര്‍ത്ത് തന്നില്‍ നിന്ന് മാത്രം കടം തിരിച്ചുപിടിക്കാനാണ് ബാങ്കുകളുടെ ശ്രമം. വെറും സിവില്‍ കേസിനെ ക്രിമിനല്‍ കേസാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ താത്പര്യ പ്രകാരമാണ്. എന്തെങ്കിലും തെളിവുണ്ടെങ്കില്‍ കൊണ്ടുവരട്ടെ. പക്ഷേ അങ്ങനെയൊന്നില്ലെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും മല്യ പറഞ്ഞു. എല്ലാം നിയമപരമായി നേരിടാനാണ് തീരുമാനം. നിയമനടപടികള്‍ നീതിയുക്തമായി മുന്നോട്ട് പോകണമെന്നും മല്യ ആവശ്യപ്പെട്ടു.
