ദില്ലി: നോട്ട്​ അസാധുവാക്കിയത് ഇന്ത്യയുടെ ആഭ്യന്തര ഉൽപാദന വളർച്ചാ നിരക്ക്​ തല്‍ക്കാലം കുറയ്ക്കുമെന്ന്​ ലോകബാങ്ക്​ റിപ്പോര്‍ട്ട്. പേപ്പര്‍ കറന്‍സികള്‍ സമാന്തര സമ്പദ് വ്യവസ്ഥയെ സഹായിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‍ലി പറഞ്ഞു. പ്രധാനമന്ത്രിയെ വിളിച്ചുവരുത്താൻ അധികാരമുണ്ടെന്ന് പറഞ്ഞ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷൻ കെ വി തോമസ് എംപിക്കെതിരെ ബിജെപി സ്പീക്കര്‍ക്ക് പരാതി നൽകി

നോട്ട്​ പിൻവലിക്കലിന്​ ശേഷം ഇന്ത്യൻ സമ്പദ്​വ്യവസ്​ഥയെ കുറിച്ചുള്ള ആദ്യ റിപ്പോർട്ടാണ്​ ലോകബാങ്ക്​ പുറത്ത്​ വിട്ടത്. 500-1000 രൂപ നോട്ടുകൾ പിൻവലിച്ചതിലൂടെ ആഭ്യന്തര ഉത്പാദന വളര്ർച്ചാ നിരക്കായ ജിഡിപി പ്രതീക്ഷിച്ചിരുന്ന 7.6 ശതമാനത്തിൽ നിന്ന്​ 7 ശതമാനമായി കുറയുമെന്നാണ് ലോകബാങ്കിന്‍റെ പ്രവചനം. 2017 മാർച്ച്​ വരെ ജി.ഡി.പി വളർച്ച 7 ശതമാനത്തി​ൽ തന്നെ തുടരും. 

എന്നാൽ മാന്ദ്യം താത്കാലികകഴിഞ്ഞമാണെന്നും 2018ൽ ജിഡിപി നിരക്ക് 7.6 ശതമാനമായും 2019ൽ 7.8 ശതമാനമായും കൂടുമെന്നും ലോക ബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പേപ്പര്‍ കറൺസികൾ സമാന്തര സന്പദ് വ്യവസ്ഥയെ സഹായിക്കുമെന്ന് പറഞ്ഞ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‍ലി ശക്തമായ തീരുമാനങ്ങളാണ് ഇന്ത്യക്ക് ആവശ്യമെന്നും വ്യക്തമാക്കി.

നോട്ട് പിൻവലിക്കൽ തീരുമാനത്തെകുറിച്ച് വിശദീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ചുവരുത്താൻ അധികാരമുണ്ടെന്ന പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷൻ കെ വി തോമസ് എംപിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തി. സമിതിയിൽ ആലോചിക്കാതെയുള്ള കെ വി തോമസിന്‍റെ പ്രസ്താവനയ്ക്കെതിരെ ബിജെപി ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാനാജന് പരാതി നൽകി