ദില്ലി: ചരക്കു സേവന നികുതി ബില്ലിന്‍മേല്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മുഖ്യമന്ത്രി പിണറായി വിജയന്‍ അരുണ്‍ ജയ്‌റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയതും ജിഎസ്‌ടി ബില്ലിന്‍മേലുള്ള സിപിഎമ്മിന്റെ നിലപാടും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

സാമ്പത്തിക സ്രോതസുകള്‍ സമാഹരിക്കാനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അവകാശം ഇല്ലാതാക്കുന്നതാണ് ജിഎസ്‌ടി ബില്ല്. ജിഎസ്‌ടി നടപ്പാക്കുക വഴി ഉത്പാദക സംസ്ഥാനങ്ങളുടെ നഷ്ടം നികത്താനുള്ള ഒരു നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തിലും സിപിഎം ഈ നിലപാടില്‍ത്തന്നെ ഉറച്ചു നില്‍ക്കുമെന്നും യെച്ചൂരി പറഞ്ഞു.

നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടു വര്‍ഷത്തെ വിശകലനറിപ്പോര്‍ട്ട് യെച്ചൂരിയും പിബി അംഗം ബൃന്ദാ കാരാട്ടും ചേര്‍ന്ന് പുറത്തിറക്കി. കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിയാണ് മോദി സര്‍ക്കാര്‍ കഴിഞ്ഞ രണ്ടു വര്‍ഷവും ഭരണം നടത്തിയതെന്നും തൊഴിലുറപ്പു പദ്ധതിയും കര്‍ഷകക്ഷേമപദ്ധതികളും ഉള്‍പ്പടെയുള്ളവ അട്ടിമറിയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കയില്‍വച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സംയുക്ത പ്രസ്താവന ആണവപദ്ധതികള്‍ സംബന്ധിച്ചുള്ള ഇന്ത്യയുടെ നിലപാട് അട്ടിമറിക്കുന്നതാണെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു.