ദില്ലി: പുതുതായി രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്ക് പെര്‍മനന്റ് അക്കൗണ്ട് നമ്പറും (പാന്‍) ചാക്സ് ഡിഡക്ഷന്‍ അക്കൗണ്ട് നമ്പറും (ടാന്‍) ഒരു ദിവസത്തിനുള്ളില്‍ തന്നെ നല്‍കും. 2017 മാര്‍ച്ച് 31 വരെ 19,704 കമ്പനികള്‍ക്ക് അപേക്ഷിച്ച അതേ ദിവസം തന്നെ പാന്‍ കാര്‍ഡ് നല്‍കിയെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. അച്ചടിച്ച പാന്‍ കാര്‍ഡിന് പുറമേ അപേക്ഷകര്‍ക്ക് ഇ-മെയിലായി അയച്ചു നല്‍കുന്ന ഇലക്ട്രോണിക് പാന്‍ കാര്‍ഡ് സംവിധാനവും ആദായ നികുതി വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. കമ്പനികള്‍ക്ക് പുറമെ വ്യക്തികള്‍ക്കും ഇ-പാന്‍ കാര്‍ഡ് ലഭിക്കും. സാധാരണ പാന്‍ കാര്‍ഡ് പോലെ തിരിച്ചറിയല്‍ രേഖയായി ഇലക്ട്രോണിക് പാന്‍ കാര്‍ഡും ഉപയോഗിക്കാം.

ആദായ നികുതി വകുപ്പും കോര്‍പറേറ്റ്കാര്യ വകുപ്പും സഹകരിച്ചാണ് പുതിയ കമ്പനികള്‍ക്ക് പാനും ടാനും ഉടന്‍ തന്നെ നല്‍കുന്നത്. ഇതിനായി ഒരു അപേക്ഷാ ഫോം സമര്‍പ്പിച്ചാല്‍ മതിയാകും. കമ്പനികാര്യ വകുപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് ഇത് സമര്‍പ്പിക്കേണ്ടത്. പരിശോധനകള്‍ക്ക് ശേഷം കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന് ഇത് കൈമാറുന്നതോടെ മണിക്കൂറുകള്‍ക്കകം പാനും ടാനും അനുവദിക്കും. ഇ-മെയില്‍ വഴി നമ്പറുകള്‍ അപേക്ഷകര്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. മാര്‍ച്ച് 31 വരെ ഇത്തരത്തില്‍ പെട്ട 19,704 അപേക്ഷകളില്‍ നടപടിയെടുത്തു. 95 ശതമാനത്തോളം കമ്പനികള്‍ക്കും നാല് മണിക്കൂറുകള്‍ക്കകം തന്നെ പാന്‍ ലഭ്യമാക്കാന്‍ കഴിഞ്ഞെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി.