സി.പി.എമ്മിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് 100 കോടിയുടെ പദ്ധതി ഉപേക്ഷിക്കാനൊരുങ്ങുകയാണ് പാലക്കാട് തൃത്താലയിലെ യുവ വ്യവസായി. പണം ആവശ്യപ്പെട്ടത് നിരാകരിച്ചതോടെ പദ്ധതി ഭൂമിക്ക് പുറത്ത് സി.പി.എം കൊടി നാട്ടിയെന്നാണ് പരാതി. അതേ സമയം റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കുന്ന തരത്തില്‍ നടത്തിയ സൗന്ദര്യവത്കരണം ഒഴിവാക്കാനായിരുന്നു സി.പി.എം സമരം ചെയ്തതെന്നാണ് പ്രാദേശിക നേതൃത്തിന്‍റെ നിലപാട്.
അമേരിക്കയില്‍ പെട്രോകെമിക്കല്‍ എഞ്ചിനീയറായിരുന്ന തൃശൂര്‍ സ്വദേശി സക്കീര്‍ ഹുസൈന്‍ വ്യവസായം വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പാലക്കാട്ടെ തൃത്താലയില്‍ സ്വപ്ന പദ്ധതിക്ക് തുടക്കമിട്ടത്. 7-സ്റ്റാര്‍ സൗകര്യങ്ങളോട് കൂടിയ ആയുര്‍വേദ ചികിത്സാലയവും ഫാം ടൂറിസം സൗകര്യങ്ങളുമൊരുക്കാനായിരുന്നു പദ്ധതി. ഇടക്കിടെ പ്രാദേശിക സി.പി.എം നേതൃത്വം പണമാവശ്യപ്പെട്ടത് എതിര്‍ത്തതോടെ ഭീഷണികള്‍ തുടങ്ങിയെന്നാണ് അദ്ദേഹം പരാതിപ്പെടുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയോടെ സ്വന്തം ചെലവില്‍, എപ്പോള്‍ വേണമെങ്കിലും പൊളിച്ചുമാറ്റാമെന്ന കരാറില്‍ മതിലിനും റോഡിനും ഇടക്ക് നടത്തിയ സൗന്ദര്യ വത്കരണ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് സി.പി.എമ്മിന്റെ സമരവും കൊടിനാട്ടലും. എതിര്‍പ്പുകള്‍ കനത്തതോടെ 20 കോടിയോളം രൂപ ഇതിനോടകം ചെലവിട്ട പദ്ധതി സക്കീര്‍ ഉപേക്ഷിക്കാനൊരുങ്ങുകയാണ് ..
പൊതുമരാമത്ത് വകുപ്പ് സൗന്ദര്യ വത്കരണത്തിന് നല്‍കിയ അനുമതി പിന്‍വലിക്കണണെന്നാവശ്യപ്പെട്ടാണ് സി.പി.എം സമരം നടത്തിയതും കൊടി നാട്ടിയതും. റോഡിനരിലെ ഉദ്യാനം ഗതാഗത തടസ്സമുണ്ടാക്കുന്നെന്നാണ് സി.പി.എമ്മിന്റെ വാദം. എതിര്‍പ്പിനെകുറിച്ചറിഞ്ഞതോടെ വിദേശത്തു നിന്ന് നിക്ഷേപ വാഗ്ദാനങ്ങളുമായെത്തിയവര്‍ പിന്മാറി. കേരളത്തിലെ സാഹചര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ എങ്ങനെ വ്യവസായം വരുമെന്ന സക്കീറിന്റെ ചോദ്യത്തിന് മറുപടി പറയേണ്ടത്, അറിഞ്ഞിട്ടും ഈ വിഷയത്തിലിടപെടാത്ത ഭരണാധികാരികളാണ്.
