Asianet News MalayalamAsianet News Malayalam

രസിപ്പിക്കുന്ന കുടുംബചിത്രം; 'അച്ഛനൊരു വാഴ വെച്ചു' റിവ്യൂ

നവാഗതനായ സാന്ദീപ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എ വി അനൂപ് ആണ്

Achanoru Vazha Vechu movie review Niranj Raju mukesh av anoop dhyan sreenivasan ava productions nsn
Author
First Published Aug 26, 2023, 6:36 PM IST

സ്വന്തം കരിയറിനും സന്തോഷങ്ങളിലും മാത്രം ശ്രദ്ധ കൊടുക്കുന്ന ഒരു മകന്‍, മകന്‍ കുടുംബത്തെ അവഗണിക്കുന്നുവെന്ന് പരാതിയുള്ള ഒരു അച്ഛന്‍. വാക്കാല്‍ താന്‍ പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മനസിലാക്കാത്ത മകന് അവ ശരിക്കും മനസിലാക്കി കൊടുക്കാന്‍ ഒരിക്കല്‍ ആ അച്ഛന്‍ ഒരു തീരുമാനമെടുക്കുകയാണ്. എന്താണ് ആ തീരുമാനമെന്നും അത് മകനിലും ആ കുടുംബത്തില്‍ തന്നെയും എന്തൊക്കെ വ്യത്യാസങ്ങളാണ് വരുത്തുന്നതെന്നും ടൈറ്റില്‍ പോലെ രസകരമായി പറയുകയാണ് അച്ഛനൊരു വാഴ വെച്ചു എന്ന ചിത്രം. 

നവാഗതനായ സാന്ദീപ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എ വി അനൂപ് ആണ്. വിരുദ്ധധ്രുവങ്ങളില്‍ നില്‍ക്കുന്ന പ്രത്യുഷ് എന്ന മകനായി നിരഞ്ജ് മണിയന്‍പിള്ള രാജു എത്തുമ്പോള്‍ അച്ഛന്‍ സച്ചിദാനന്ദനെ അവതരിപ്പിച്ചിരിക്കുന്നത് നിര്‍മ്മാതാവ് എ വി അനൂപ് തന്നെയാണ്. വളച്ചുകെട്ടല്‍ ഒന്നുമില്ലാതെ നേരിട്ട് കഥയിലേക്ക് പ്രവേശിക്കുകയാണ് ഇവിടെ സംവിധായകന്‍. മലയാളത്തില്‍ ഏറെ കേള്‍വിക്കാരുള്ള ഒരു എഫ് എം റേഡിയോയില്‍ അവതാരകനാണ് പ്രത്യുഷ്. സുഹൃത്ത് ദമയന്തിക്കൊപ്പം അയാള്‍ ചെയ്യുന്ന കോമ്പിനേഷന്‍ ഷോയ്ക്ക് വലിയ ആരാധകരാണുള്ളത്. എതിരാളികള്‍ അസൂയയോടെ നോക്കുന്ന ഷോയുമാണ് അത്. നാളെയെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നതിന് പകരം ഇന്നിനെ ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്ന പുതിയ തലമുറയുടെ പ്രതിനിധിയാണ് പ്രത്യുഷ്. അച്ഛന്‍ സച്ചിദാനന്ദന്‍റെ പരാതികള്‍ കാമ്പുള്ളതല്ലെന്ന് ആദ്യം തോന്നുമെങ്കിലും അയാളുടേത് ഒരു വൈകാരികപ്രശ്നമാണെന്ന് പിന്നീട് മനസിലാവും. ഒരു റേഡിയോ ജോക്കി കേന്ദ്ര കഥാപാത്രമാവുന്ന ചിത്രത്തിലെ കഥയുടെ മുന്നോട്ടുപോക്കില്‍ പല പ്രധാന വഴിത്തിരിവുകളും ആവിഷ്കരിക്കാന്‍ സംവിധായകന്‍ റേഡിയോ പ്രോഗ്രാമുകളുടെ ഫോര്‍മാറ്റ് തന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 

Achanoru Vazha Vechu movie review Niranj Raju mukesh av anoop dhyan sreenivasan ava productions nsn

 

അല്‍പം ഗൌരവഭാവത്തില്‍ കഥ പറഞ്ഞ് തുടങ്ങുന്ന ചിത്രം പിന്നാലെ നര്‍മ്മത്തെയും കൂടെക്കൂട്ടുന്നുണ്ട്. സച്ചിദാനന്ദന്‍റെ അയല്‍വാസിയായ ഉത്തമന്‍ എന്ന കഥാപാത്രമായി ജോണി ആന്‍റണിയാണ് ചിത്രത്തിന്‍റെ തുടക്കത്തില്‍ ഒരു ഹ്യൂമര്‍ ട്രാക്ക് വര്‍ക്ക് ചെയ്യുന്നത്. പ്രായം പ്രണയത്തിനൊരു തടസമല്ലെന്ന് കരുതുന്ന വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥനായി ജോണി ആന്‍റണി രസിപ്പിക്കുന്നുണ്ട്. ഇടവേളയ്ക്ക് ശേഷം എ വി അനൂപിന്‍റെ കഥാപാത്രവും പ്രേക്ഷകര്‍ക്ക് ഒട്ടേറെ രസനിമിഷങ്ങള്‍ നല്‍കുന്നു. എ വി അനൂപും നിരഞ്ജ് മണിയന്‍പിള്ള രാജുവും തമ്മിലുള്ള അച്ഛന്‍- മകന്‍ കെമിസ്ട്രിയും നന്നായി വര്‍ക്ക് ചെയ്തിട്ടുണ്ട്. ദമയന്തിയായി ആത്മീയ രാജന്‍ എത്തുമ്പോള്‍ പ്രത്യുഷിന്‍റെ അമ്മയായി എത്തുന്നത് ശാന്തി കൃഷ്ണയാണ്. പ്രത്യുഷിന്‍റെ അമ്മൂമ്മ കഥാപാത്രമായി കുളപ്പുള്ളി ലീല പതിവുപോലെ തിയറ്ററില്‍ ചിരി പൊട്ടിക്കുന്നുണ്ട്. 

Achanoru Vazha Vechu movie review Niranj Raju mukesh av anoop dhyan sreenivasan ava productions nsn

 

എഫ് എം റേഡിയോയിലേതുപോലെ നിരന്തരം എത്തുന്ന പാട്ടുകള്‍ ചിത്രത്തിന്‍റെ കഥപറച്ചിലിനുവേണ്ടി സംവിധായകന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അത് ബോറടിപ്പിക്കുന്നില്ലെന്ന് മാത്രമല്ല, പല പാട്ടുകളും കേള്‍ക്കാന്‍ ഇമ്പമുള്ളതുമാണ്. ബിജിബാല്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. മനു ഗോപാല്‍ ആണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. പ്രശസ്ത ഛായാഗ്രാഹകന്‍ പി സുകുമാര്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. രണ്ട് തലമുറകള്‍ക്കിടയിലുള്ള അന്തരം പ്രമേയമാക്കുന്ന ചിത്രത്തിന് ചേര്‍ന്ന  ഫ്രെയ്മുകളാണ് സുകുമാര്‍ ഒരുക്കിയിരിക്കുന്നത്. വി സാജന്‍ ആണ് എഡിറ്റര്‍.

അതിഥിതാരങ്ങളായി എത്തുന്ന മുകേഷിന്‍റെയും ധ്യാന്‍ ശ്രീനിവാസന്‍റെയും സാന്നിധ്യം കഥ പറഞ്ഞ് പോകവെ ഫ്രെയ്‍മുകള്‍ക്ക് ഫ്രഷ്നസ് പകരുന്നുണ്ട്. ലളിതമായി കഥ പറഞ്ഞുപോകുന്ന, രസനിമിഷങ്ങള്‍ സമ്മാനിക്കുന്ന, ഭാരമില്ലാതെ കണ്ടിറങ്ങാവുന്ന കുടുംബചിത്രമാണ് അച്ഛനൊരു വാഴ വെച്ചു.

ALSO READ : തിയറ്ററുകളിലെ ഓണം തുടങ്ങി; ബോക്സ് ഓഫീസില്‍ 'സൂപ്പര്‍ ഫ്രൈഡേ', മൂന്ന് ചിത്രങ്ങള്‍ ചേര്‍ന്ന് നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios