ജയറാമിന്റെ ഓസ്‍ലറിന്റെ റിവ്യു. 

രൂപത്തിലും ഭാവത്തിലും മാറിയ ജയറാം. അതിഥി വേഷത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന മമ്മൂട്ടി. സംവിധായകനായി മിഥുൻ മാനുവേല്‍ തോമസ്. ഓസ്‍ലറിന്റെ ഹൈപ്പിന് ധാരാളമായിരുന്നു ഇതൊക്കെ. ആ പ്രതീക്ഷകള്‍ നിറവേറ്റുന്ന ചിത്രം തന്നെയാകുന്നു ജയറാം നായകനായി മെഡിക്കല്‍ ത്രില്ലറായി എത്തിയ ഓസ്‍ലര്‍.

തുടക്കത്തിലേ ഓസ്‍ലറിന്റെ സ്വഭാവം വ്യക്തമാക്കുന്നുണ്ട് സംവിധായകൻ മിഥുൻ മാനുവല്‍ തോമസ്. മകള്‍ക്ക് ഒരു പുരാണ കഥ പറഞ്ഞു കൊടുക്കുകയാണ് ഓസ്‍ലര്‍. അക്കഥയാകട്ടെ ക്ലൈമാക്സില്‍ നിര്‍ണായകവുമാണ്. തുടക്കത്തിലേ ഞെട്ടിക്കുന്ന ഒരു സംഭവവും കഥയില്‍ നടക്കുന്നു. അത് ഓസ്‍ലറിനറെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. ഒരു ത്രില്ലര്‍ ഴോണര്‍ സിനിമയുടെ കഥാ ഗതിയില്‍ അനിവാര്യമായ എല്ലാ അപ്രതീക്ഷിത തിരിവുകളും ഓസ്‍ലറില്‍ ആദ്യം മുതല്‍ക്കേയുണ്ട്. ത്രില്ലറുകള്‍ പ്രേക്ഷകരിലേക്ക് അതേ തീവ്രതയോടെ സിനിമാ അനുഭവമായി നിറയാൻ പോന്ന ആകാംക്ഷകള്‍ ആദ്യാവസാനം നിലനിര്‍ത്തിയാണ് ഓസ്‍ലര്‍ തുടങ്ങുന്നതും പാതിയിലെന്നോണം തുടര്‍ച്ചയുടെ സൂചനകളുമായി നിര്‍ത്തുന്നതും.

കൊലപാതക പരമ്പരകള്‍ക്ക് പിന്നാലെ പോകുന്ന സിനിമയാണ് ഓസ്‍ലറും. ആരാണ് കൊലയാളി എന്നും കൊലപാതകങ്ങള്‍ എന്തിനാണ് ചെയ്‍തത് എന്നതിലുപരിയായി കേവലം ഇൻവസ്റ്റിഗേഷൻ സ്റ്റോറി എന്നത് മറികടന്ന് മെഡിക്കല്‍ ത്രില്ലറായും മാറുന്നു ഓസ്‍ലര്‍. ഉത്തരം കിട്ടാതിരിക്കുന്ന ഒരു നിര്‍ണായക ചോദ്യത്തില്‍ മനസ് കോര്‍ത്തു നടക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനാണ് ഓസ്‍ലറിലെ നായകൻ എന്ന പ്രത്യേകതയുമുണ്ട്. അടിത്തറയുള്ള ഒരു പശ്ചാത്തലത്തില്‍ നിന്നാണ് സിനിമ ഉത്തരങ്ങള്‍ നേടുന്നത് എന്ന നിലയ്‍ക്കാണ് ഓസ്‍ലര്‍ പ്രേക്ഷകന് വിശ്വസനീയമായി തോന്നുന്നതും. കബളിപ്പിക്കുന്ന കണ്‍കെട്ടുകളിലൂടെ വഴി തെറ്റിക്കുന്ന സിനിമാ കാഴ്‍ചയല്ല ഓസ്‍ലര്‍. കഥയുടെ ഓരോ ഗതിയിലും സംഭവിച്ചത് എന്തെന്ന് ഓസ്‍ലറിന്റെ പ്രേക്ഷകനെ വിശ്വസനീയമായി ധരിപ്പിക്കുന്നുണ്ട്. എന്തുകൊണ്ട് അങ്ങനെ എന്ന പ്രേക്ഷക ചോദ്യങ്ങള്‍ക്ക് ബുദ്ധിപരവും സമര്‍ഥവുമായ ഉത്തരങ്ങള്‍ ആസ്വാദ്യകരമായി ഓസ്‍ലര്‍ ഓരോ ഘട്ടത്തിലും നിരത്തുന്നുണ്ട്.

ലീഡുകള്‍ തേടി പോകുന്ന ഉദ്യോഗസ്ഥനാണ് ആദ്യ പകുതിയില്‍ ഓസ്‍ലറില്‍. ഒന്നിനൊന്ന് കോര്‍ത്തുള്ള ലീഡുകള്‍ ഒടുവില്‍ കുറ്റവാളിയിലേക്ക് അന്വേഷണ ഉദ്യോഗസ്ഥനായ നായകനെ എത്തിക്കുന്നു. കുറ്റവാളിയുടെ സാമര്‍ഥ്യങ്ങള്‍ക്കപ്പുറത്തെ വൈകാരികമായ കഥാ പശ്ചാത്തലത്തിനാണ് ഓസ്‍ലറില്‍ പ്രാധാന്യം. വൈകാരികമായ പശ്ചാത്തലം കുടുംബ പ്രേക്ഷകരെ സിനിമയോട് ചേര്‍ത്തുനിര്‍ത്താനും ഉപകരിക്കും.

ഓസ്‍ലര്‍ ലക്ഷണമൊത്ത ത്രില്ലറായി മാറുന്നത് സംവിധായകൻ മിഥുൻ മാനുവേല്‍ തോമസിന്റെ കയ്യൊതുക്കമുള്ള ആഖ്യാനത്താലാണ്. കാര്യങ്ങള്‍ വിശദീകരിച്ചും സസ്‍പെൻസ് നിലനിര്‍ത്തിയുമെല്ലാം സംവിധായകൻ മിഥുൻ മാനുവേല്‍ തോമസ് ഓസ്‍ലറിനെ എല്ലാ വിഭാഗം പ്രേക്ഷകരുടെയും ഒരു തെരഞ്ഞെടുപ്പാക്കി മാറ്റുന്നതില്‍ വിജയിക്കുന്നു. സ്‍പൂണ്‍ ഫീഡിംഗ് ചിലയിടത്ത് അനുഭവപ്പെട്ടേക്കാമെങ്കിലും സിനിമ ആസ്വാദ്യകരമായി പ്രേക്ഷകരിലേക്ക് എത്താൻ ആ വിശദീകരണങ്ങള്‍ അനിവാര്യമായിരുന്നിരിക്കാം. തിരക്കഥയിലെ വിശ്വസനീയതിയും ഓസ്‍ലറിനറെ എഴുത്തുകാരനുമായ സംവിധായകൻ മിഥുൻ മാനുവേല്‍ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്.

വേഷപ്പകര്‍ച്ചയില്‍ വിസ്‍മയിപ്പിക്കുന്ന ഒരാള്‍ ജയറാമാണ്. തിരിച്ചുവരവിന്റെ പ്രതീക്ഷകളുമായി ജയറാം ഏറ്റെടുത്ത സിനിമയിലെ നായകൻ ഓസ്‍ലര്‍ നിരാശപ്പെടുത്തുന്നില്ല എന്ന് മാത്രമല്ല ചലനങ്ങളില്‍ പോലും ആവര്‍ത്തനങ്ങളെ മറികടന്ന് പുതിയ കാലത്തിന്റെ നടനായിരിക്കുന്നു. ശരീരഭാഷയിലും നടൻ ജയറാം ഓസ്‍ലര്‍ സിനിമയില്‍ പുലര്‍ത്തിയ നിഷ്‍കര്‍ഷ ആ നായക കഥാപാത്രത്തിന്റെ മികവിനെ അടയാളപ്പെടുത്തുന്നു. പക്വതയാര്‍ന്ന പ്രകടനത്താല്‍ ഓസ്‍ലറിലെ നായക കഥാപാത്രത്തിലെ വിവിധ മാനസിക അടരുകളെ അതേ തീവ്രതയോടെ പതര്‍ച്ചകളില്ലാതെ പകര്‍ത്താൻ ജയറാമിന് സാധിച്ചിരിക്കുന്നു.

ആരാണ് ഓസ്‍ലറില്‍ മമ്മൂട്ടി എന്ന് പറയുന്നത് ആസ്വാദനത്തെ ബാധിച്ചേക്കാം. എന്നാല്‍ ഇൻട്രോയിലെ ആ കരിസ്‍മയാല്‍ ചിത്രത്തിലെ മമ്മൂട്ടിയുടെ വേറിട്ട ഒരു സാന്നിദ്ധ്യത്തെ പരാമര്‍ശിക്കാതിരിക്കാതെ വയ്യ. താരഭാരമില്ലാതെ ഓസ്‍ലറില്‍ മമ്മൂട്ടിക്ക് മൊത്തം കഥാ ഗതിയില്‍ ചേര്‍ന്നുനില്‍ക്കാനാകുന്നു എന്നത് ആ നടന്റെ വേറിട്ട വഴി നടത്തത്തിന് മറ്റൊരു ഉദാഹരണമാകുന്നു. ചലനങ്ങളിലും അത്ഭുതപ്പെടുത്തി ജഗദീഷും ജയറാം സിനിമയില്‍ നിര്‍ണായക വേഷത്തില്‍ എത്തുമ്പോള്‍ സെന്തില്‍ കൃഷ്‍ണ, അനശ്വര രാജൻ തുടങ്ങിയവരൊക്കെ ഓസ്‍ലറില്‍ പ്രധാനമാണ്.

തേനി ഈശ്വറിന്റെ ക്യാമറാ നോട്ടവും സിനിമയുടെ മൊത്തം സ്വഭാവത്തെ സാധൂരിക്കുന്നതാണ്. തേനി ഈശ്വറിന്റെ ബുദ്ധിപൂര്‍വമുള്ള ഛായാഗ്രാഹണം ഓസ്‍ലറെ ഒരു ക്രൈം ത്രില്ലര്‍ എന്ന നിലയില്‍ ചടുലകമാക്കുന്നു. മിഥുൻ മുകുന്ദനാണ് ഓസ്‍ലറിനറെ താളം. ഓസ്‍ലര്‍ മിഥുൻ മുകുന്ദന്റെ പശ്ചാലത്തല സംഗീതത്താലാണ് എൻഗേജിംഗാകുന്നത്.

Read More: ബസിന്റെ മുകളില്‍ വലിഞ്ഞുകയറുന്ന വിജയ്, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക