മാസ്- ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ ആണ് ടര്‍ബോ. 

'ഹ്യൂമറിന് ഒന്നും നേരമില്ല, മനുഷ്യന് തലയില്‍ തീ പിടിച്ച് നില്‍ക്കുമ്പോള്‍ തമാശ പറയാന്‍ സമയമുണ്ടാകില്ല', പ്രസ് മീറ്റിനിടെ ടർബോയെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണിത്. ഈ വാക്കുക​ൾ അന്വർത്ഥം ആക്കുന്നത് ആയിരുന്നു ഇന്ന് തിയറ്ററിൽ കണ്ട കാഴ്ചയും. ടർബോ ജോസ് എന്ന കഥാപാത്രത്തിന്റെ തലയിൽ തീ പിടിച്ചപ്പോൾ പ്രേക്ഷകർക്കും അതേ ആവേശം. ഈ ആവേശം കേറിയങ്ങ് കൊളുത്തിയപ്പോൾ തിയറ്ററിൽ ഉയർന്ന് കേട്ടത് വൻ കയ്യടികളും. 

ഒരിടവേളയ്ക്ക് ശേഷം എത്തുന്ന മമ്മൂട്ടിയുടെ മാസ് ആക്ഷൻ പടം. അതായിരുന്നു ടർബോ എന്ന ചിത്രത്തിന്റെ യുഎസ്പി. അത് പൂർണമായും വർക്ക് ആവുകയും ചെയ്തിട്ടുണ്ട്. പക്കാ കൊമേഷ്യൽ ചിത്രമായി ഒരുങ്ങിയ സിനിമയിലെ പ്രധാന കഥാപാത്രം ആണ് ജോസ്. ഒരു സാധാരണ അച്ചായൻ കുടുംബത്തിലെ അം​ഗം ആണിയാൾ. പള്ളി പെരുന്നാളും കൂടി ചെറിയ തല്ലും ബഹളവുമൊക്കെ ആയി പോകുന്ന ജോസിന് ആകെ പേടിയുള്ളത് അമ്മച്ചിയെ ആണ്. എത്രയൊക്കെ അടിയുണ്ടാക്കിയാലും അമ്മച്ചി പറയുന്നിടത്ത് ജോസ് നിൽക്കും. 

ജീപ്പ് ഡ്രൈവറായ ജോസിന്റെ കൂട്ടുകാരനാണ് ജെറി. ഇയാളുടെ ഒരു പ്രശ്നത്തിൽ ജോസ് ഇടപെടുന്നതോടെയാണ് കഥ മാറുന്നത്. ഇതിന്റെ പേരിൽ സ്വന്തം നാട് വിട്ട് ചെന്നൈയിലേക്ക് പോകേണ്ടി വരുന്ന ജോസിനെ കാത്തിരുന്നത് വൻകിട മാഫിയ ആണ്. ശേഷം ഇയാളുടെ ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ വന്ന് പെടുന്ന സംഭവങ്ങളും അതിന് പിന്നാലെ ഉള്ള പരക്കം പാച്ചിലുമാണ് ടർബോയുടെ പ്രമേയം. 

പതിയെ തുടങ്ങി പക്കാ ത്രില്ലറായാണ് ടർബോയെ സംവിധായകൻ വൈശാഖും തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസും ചേർന്ന് അണിയിച്ചൊരുക്കിയിരിക്കുന്നത്. അതായത് എന്റർടെയ്ൻമെന്റ് മോഡിൽ നിന്നും പ്രേക്ഷകനെ സാവകാശം ത്രില്ലർ മോഡിലേക്ക് ടർബോ എത്തിക്കുന്നു. ആക്ഷനൊപ്പം ഉള്ള ഹ്യൂമറിന്റെ അകമ്പടിയും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്നുമുണ്ട്. 

ജോസ്, വെട്രിവേൽ ഷൺമുഖ സുന്ദരം, ഓട്ടോ ബില്ല, റോസക്കുട്ടി, ഇന്ദുലേഖ, ജെറി തുടങ്ങിയവരാണ് ടർബോയിലെ പ്രധാന കഥാപാത്രങ്ങൾ. ടർബോ ജോസ് എന്ന് വിളിപ്പേരുള്ള പ്രിയപ്പെട്ടവരുടെ ജോസേട്ടായിയായി മമ്മൂട്ടി ബി​ഗ് സ്ക്രീനിൽ നിറഞ്ഞാടി. സിനിമയ്ക്ക് പ്രായമൊന്നും ഒരു കാരണമേ അല്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ച് പക്കാ മാസ് ആക്ഷൻ മോഡിലുള്ള താരത്തിന്റെ പരകായപ്രവേശം പ്രേക്ഷകരെ ആവേശത്തലാഴ്ത്തി എന്നത് വ്യക്തം. ഓരോ 'ടർബോ പഞ്ചിനും' തിയറ്ററിൽ നിന്നും ഉയരുന്ന ഹർഷാരവം തന്നെ അതിന് തെളിവ്. 

ടർബോയിലെ ജോസിന്റെ എതിരാളിയാണ് വെട്രിവേൽ. രാജ് ബി ഷെട്ടി ഈ കഥാപാത്രത്തെ അതി ​ഗംഭീരമായി കൈകാര്യം ചെയ്തു എന്നത് പറയേണ്ടതില്ലല്ലോ. ജോസിന് മാസ് ഇൻട്രോ ഇല്ലെങ്കിലും വെട്രിവേലിന് പക്കാ മാസ് ഇൻട്രോയാണ് ലഭിച്ചത്. ഒരുപക്ഷേ മലയാള സിനിമയിൽ ഒരു വില്ലൻ കഥാപാത്രത്തിന് കിട്ടാവുന്നതിൽ വച്ച് അതി ​ഗംഭീരമായ ഇൻട്രോ. അദ്ദേഹത്തോടൊപ്പം ഓട്ടോ ബില്ലയായി എത്തി തെലുങ്ക് താരം സുനിലും തിളങ്ങി. വില്ലനിസത്തോടൊപ്പം ഉള്ള താരത്തിന്റെ കോമഡിയും വർക്കൗട്ട് ആയെന്ന കാര്യത്തിൽ തർക്കമില്ല.

ഞങ്ങൾക്കും ഇങ്ങനെ ഒരു അമ്മയെ വേണമെന്ന് ആ​ഗ്രഹിക്കുന്ന തരത്തിലെ പ്രകടനം ആയിരുന്നു ബിന്ദു പണിക്കരുടേത്. റോസക്കുട്ടി എന്ന ജോസിന്റെ അമ്മച്ചിയായുള്ള ബിന്ദുവിന്റെ അഭിനയം വൻ കയ്യടിയാണ് നേടിയത്. മമ്മൂട്ടി- ബിന്ദു പണിക്കർ കോമ്പോയിലെ അമ്മ മകൻ ബന്ധം ടർബോയിലെ ഹൈലൈറ്റുകളിൽ ഒന്നുമാണ്. ശബരീഷ് വർമയെയും തമിഴിലെ പ്രമുഖ താരങ്ങൾക്കും ഒപ്പം ഒരു സീനിൽ വന്ന് പോകുന്നവർ വരെ അവരവരുടെ ഭാ​ഗങ്ങൾ ഭം​ഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഇവർക്കൊപ്പം മനോഹരമായ വിഷ്വൽസ് പ്രേക്ഷകർക്ക് സമ്മാനിച്ച വിഷ്ണു ശർമ്മ എന്ന ഛായാ​ഗ്രഹകനും മാസ് പശ്ചാത്തല സംഗീതം ഒരുക്കിയ ക്രിസ്റ്റോ സേവ്യറും സംഘവും കയ്യടി അർഹിക്കുന്നുണ്ട്. 

ഭാര്യയെ സംശയമുള്ള അതേ പ്രസ് മുതലാളി, പക്ഷേ പ്രായമേറെയായി; ട്രെന്‍റായി 'തളത്തിൽ ദിനേശന്‍റെ' വിവാഹ വാർഷിക ഫോട്ടോ

ക്ലൈമാക്സ് ഫൈറ്റാണ് ടർബോയിലെ ഏറ്റവും പ്രധാനമായ ഘടകം. വിയറ്റ്നാം ഫൈറ്റേഴ്സും രാജ് ബി ഷെട്ടിയും ഒക്കെയായുള്ള മമ്മൂട്ടിയുടെ ആക്ഷൻ രം​ഗങ്ങൾക്ക് ഏഴുന്നേറ്റ് നിന്നായിരുന്നു പ്രേക്ഷകർ കയ്യടിച്ചത്. പ്രത്യേകിച്ച് കാർ ചേസിം​ഗ് സീനുകളെല്ലാം പ്രേക്ഷകനെ ആവേശത്തിരയിലാഴ്ത്തി. രണ്ടാം ഭാ​ഗത്തിന്റെ സൂചനയും നൽകിയാണ് ടർബോ അവസാനിക്കുന്നത്. ഒപ്പം രണ്ടാം ഭാ​ഗത്തിലെ വില്ലൻ ആരായിരിക്കും എന്ന ധാരണയും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..