Asianet News MalayalamAsianet News Malayalam

IFFK REVIEW : ഓരോ ഇന്ത്യന്‍ യുവാവിന്‍റെയും ഭൂതകാലം; 'ആഗ്ര' റിവ്യൂ

കേന്ദ്ര കഥാപാത്രം ​ഗുരുവിന്‍റെ മനസ് പോലെ തിങ്ങിനിറഞ്ഞ തെരുവുകളും ഇടുക്കമുള്ള ആ​ഗ്രയുടെ വഴികളുമാണ് ഫ്രെയ്‍മുകളിലാകെ

agra movie review iffk 2023 kanu behl Mohit Agarwal daregama india ltd nsn
Author
First Published Dec 14, 2023, 11:47 AM IST

തിത്‍ലി എന്ന അരങ്ങേറ്റ ചിത്രത്തിലൂടെത്തന്നെ ആരാധകരെ നേടിയ സംവിധായകനാണ് കനു ബേല്‍. അദ്ദേഹത്തിന്‍റെ രണ്ടാം ചിത്രമാണ് ആ​ഗ്ര. ഇത്തവണത്തെ കാന്‍ ചലച്ചിത്രമേളയില്‍ ഡയറക്ടേഴ്സ് ഫോര്‍ട്ട്‍നൈറ്റ് വിഭാ​ഗത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രം ഐഎഎഫ്‍കെയിലെ അന്തര്‍ദേശീയ മത്സരവിഭാ​ഗം ചിത്രമാണ്. കടുത്ത ലൈം​ഗിക ദാരിദ്ര്യം നേരിടുന്ന, അതില്‍ നിന്നുള്ള ഇച്ഛാഭം​ഗത്താല്‍ പരവശനായ ​ഗുരു എന്ന 24 കാരനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. പേര് സൂചിപ്പിക്കുന്നതുപോലെ പ്രണയത്തിന്റെ നിത്യസ്മാരകമായ താജ്മഹല്‍ സ്ഥിതി ചെയ്യുന്ന ആ​ഗ്രയാണ് കനു ബാല്‍ ഈ കഥ പറയാന്‍ തെരഞ്ഞെടുത്തിരിക്കുന്നത് എന്നത് വിപരീതങ്ങളുടെ സൗന്ദര്യം ഉണ്ടാക്കുന്നുണ്ട്. 

താജ്‍മഹലോ ആ​ഗ്രയുടെ മറ്റ് മനോഹാരിതകളോ ഒന്നും കടന്നുവരാത്ത ചിത്രത്തില്‍ കേന്ദ്ര കഥാപാത്രം ​ഗുരുവിന്‍റെ മനസ് പോലെ തിങ്ങിനിറഞ്ഞ തെരുവുകളും ഇടുക്കമുള്ള ആ​ഗ്രയുടെ വഴികളുമാണ് ഫ്രെയ്‍മുകളിലാകെ. ഏത് കാലത്ത് സംഭവിക്കുന്ന കഥയെന്ന് സംവിധായകന്‍ നേരിട്ട് പറയുന്നില്ലെങ്കിലും വര്‍ത്തമാനകാലമല്ലെന്ന് വ്യക്തം. എതിര്‍ലിം​ഗത്തില്‍ പെട്ടവരോടുള്ള സൗഹൃദം നിലവിലേതുപോലെ സ്വാഭാവികമോ സാധ്യമോ അല്ലാതിരുന്ന ഒരു കാലമാണ് കഥാപശ്ചാത്തലം. സോഷ്യല്‍ മീഡിയയൊക്കെ എത്തുന്നതിന് മുന്‍പുള്ള ചാറ്റ്‍ റൂം കാലമാണ് അത്. സങ്കീര്‍ണ്ണതയുള്ള ഒരു കുടുംബത്തിലെ അം​ഗമാണ് ​ഗുരു. അച്ഛനും അമ്മയും അച്ഛന്‍റെ രണ്ടാം ഭാര്യയും ഒപ്പം ഒരു കസിന്‍ സിസ്റ്ററും. ഇടുങ്ങിയ ഒരു വീട്ടില്‍ ഇത്രയും പേര്‍ക്കൊപ്പമാണ് ​ഗുരു കഴിയുന്നത്. തന്‍റെ വികാരവിചാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇടമില്ലാത്ത, തന്നെ കേള്‍ക്കാന്‍ തയ്യാറാവാത്ത വീടിനോട് സംഘര്‍ഷഭരിതമായ ബന്ധമാണ് അയാളുടേത്. മാനസികമായ അപഭ്രംശത്തോളം എത്തുന്ന ​ഗുരുവിനെ ഒരു തെറ്റുകാരനും കുറ്റക്കാരനുമായാണ് കുടുംബം എപ്പോഴും വിലയിരുത്തുന്നത്. ഹോര്‍മോണുകള്‍ ഏറ്റവും ആക്റ്റീവ് ആയ ഒരു പ്രായത്തില്‍ സെക്ഷ്വല്‍ ഫ്രസ്ട്രേഷന്‍റെ അറ്റം കണ്ട കഴിഞ്ഞ തലമുറയിലെ വലിയൊരു വിഭാ​ഗം യുവാക്കളുടെ പ്രതിനിധിയാണ് ​ഗുരു. കാലം കടന്നുപോകവെ അയാള്‍ എത്തരത്തിലാണ് ജീവിതത്തിനൊപ്പം സഞ്ചരിച്ചതെന്നാണ് ആ​ഗ്ര കാട്ടിത്തരുന്നത്.

agra movie review iffk 2023 kanu behl Mohit Agarwal daregama india ltd nsn

 

​ഗുരുവായി നവാ​ഗതനായ മോഹിത് അ​ഗര്‍വാള്‍ അതി​ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്. അഭിലാഷങ്ങളുടെ ചങ്ങലക്കെട്ടുകളില്‍ നിന്ന് മോചനമില്ലാതെ കുടുങ്ങിക്കിടക്കാന്‍ വിധിക്കപ്പെട്ട ​ഗുരുവിനെ അനുഭവിപ്പിക്കുന്നുണ്ട് മോഹിത്. പ്രണയം തേടി ചാറ്റ് റൂമികളിലൂടെയും അല്ലാതെയുമുള്ള യാത്രകളില്‍ അയാള്‍ ഏറ്റവുമൊടുവില്‍ എത്തിച്ചേരുന്നത് പ്രീതി എന്ന ഇന്‍റര്‍നെറ്റ് കഫേ ഉടമയായ, ഭിന്നശേഷിക്കാരിയായ മുതിര്‍ന്ന സ്ത്രീയുടെ മുന്നിലാണ്. മരണപ്പെട്ട രണ്ടാമത്തെ ഭര്‍ത്താവില്‍ നിന്നും ലഭിച്ചതാണ് അവര്‍ക്ക് ആ കഫെ. ശരീരത്തിന്‍റേതായ ദാഹങ്ങള്‍ക്ക് ഒരു വഴിയും പ്രകാശനവും ലഭിക്കുന്നതോടെ ജീവിതത്തോടുള്ള ​ഗുരുവിന്‍റെ സമീപനങ്ങള്‍ തന്നെ മാറുന്നുണ്ട്. എല്ലാവരാലും പാഴെന്ന് മുദ്ര കുത്തപ്പെട്ടിരുന്നിടത്തുനിന്ന് കുടുംബാം​ഗങ്ങളുടെയെല്ലാം ജീവിതത്തെ സ്വാധീനിക്കുന്ന ചില തീരുമാനങ്ങളിലേക്കും ​ഗുരു എത്തുന്നുണ്ട്.

agra movie review iffk 2023 kanu behl Mohit Agarwal daregama india ltd nsn

 

തിത്‍ലി ഒരു വണ്‍ ടൈം വണ്ടര്‍ ആയിരുന്നില്ലെന്ന് തെളിയിക്കുകയാണ് കനു ബേല്‍ ആ​ഗ്രയിലൂടെ. ലോകസിനിമയില്‍ നിരവധി ആവര്‍ത്തിച്ചിട്ടുള്ള ഒരു പ്രമേയത്തെ ഇന്ത്യന്‍ സാഹചര്യത്തിലേക്ക് പറിച്ചുനടപ്പോള്‍ അതിന് നിരവധി അര്‍ഥതലങ്ങള്‍ കൊടുക്കാന്‍ കനുവിന് സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമൂ​ഹത്തില്‍ ഏറ്റവും പ്രാധാന്യമുള്ള കുടുംബം എന്ന സ്ഥാപനത്തെയും ചിത്രം ആഴത്തില്‍ പരിശോധിക്കുകയും വിമര്‍ശനവിധേയമാക്കുന്നുമുണ്ട്. ​ഗുരു നേരിടുന്ന തീവ്രമായ മാനസിക പ്രതിസന്ധികള്‍ ഒരു വലിയ ഭാ​ഗം ആ ഇടുങ്ങിയ വീട്ടില്‍ ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെട്ട ആ കുടുംബാം​ഗങ്ങള്‍ ചേര്‍ന്ന് സമ്മാനിക്കുന്നതാണ്. സൗരഭ് മോം​ഗയാണ് ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം. ​ഗുരുവിന്‍റെ മനസുപോലെതന്നെ ഇന്‍ഡോര്‍ ആയാലും ഔട്ട്ഡോര്‍ ആയാലും ഇടുങ്ങിയ ഫ്രെയ്‍മുകളാണ് സൗരഭ് വച്ചിരിക്കുന്നത്. ​ഗുരുവിന്‍റെ വിക്ഷുബ്ധമായ മനസിലൂടെ സഞ്ചരിക്കുന്നതുപോലെയാണ് ആ​ഗ്രയുടെ ദൃശ്യാനുഭവം. ഇന്ത്യന്‍ സിനിമയ്ക്ക് പ്രതീക്ഷയര്‍പ്പിക്കാവുന്ന മറ്റൊരു സംവിധായകനെക്കൂടി നമുക്ക് ലഭിക്കുകയാണ് കനു ബേലിലൂടെ.

ALSO READ : IFFK Review : മറ്റൊരു ജെയ്‍ലാന്‍ മാജിക്; 'എബൗട്ട് ഡ്രൈ ഗ്രാസസ്' റിവ്യൂ

 

Follow Us:
Download App:
  • android
  • ios