അസീസ് നെടുമങ്ങാടിന് അനൂപ് മേനോനൊപ്പം രസകരമായ ചില മുഹൂർത്തങ്ങൾ സിനിമയിലുണ്ടാക്കാനാകുന്നുണ്ട്
അനൂപ് മേനോൻ, ഷീലു എബ്രഹാം, ധ്യാൻ ശ്രീനിവാസൻ, അസീസ് നെടുമങ്ങാട് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്ത 'രവീന്ദ്രാ നീ എവിടെ' തിയേറ്ററുകളിൽ എത്തി. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടൊരുക്കിയ ചിത്രം ടാർഗറ്റ് ഒഡിയൻസിനിടയിൽ വർക്കാകുന്ന പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ രവീന്ദ്രൻ്റെ കുടുംബ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങൾ ഔദ്യോഗിക ജീവിതത്തെ കൂടി ബാധിക്കുന്നു. രവീന്ദ്രൻ എന്ന കഥാപാത്രത്തെയും അയാളുടെ കുടുംബത്തെയും എസ്റ്റാബ്ലിഷ് ചെയ്യുന്നതാണ് ആദ്യ പകുതി. സിനിമയുടെ പേര് സൂചിപ്പിക്കും പോലെ രവീന്ദ്രനെ കാണാതെയാകുന്നു. രവീന്ദ്രൻ എവിടെയാണെന്ന അന്വേഷണവും അയാളുടെ തിരിച്ചറിവുകളുമാണ് രണ്ടാം പകുതിയിൽ സിനിമ. രവീന്ദ്രനായി അനൂപ് മേനോൻ എത്തുമ്പോൾ ഭാര്യ ബിന്ദുവാകുന്നത് ഷീലു എബ്രഹാം ആണ്. ജോൺ കുട്ടി എന്ന കഥാഗതിയെ സ്വാധീനിക്കുന്ന കഥാപാത്രമാണ് ധ്യാൻ ശ്രീനിവാസൻ്റേത്. സുഹൃത്തിൻ്റെ വേഷത്തിൽ എത്തുന്ന അസീസ് നെടുമങ്ങാടിന് അനൂപ് മേനോനൊപ്പം രസകരമായ ചില മുഹൂർത്തങ്ങൾ സിനിമയിലുണ്ടാക്കാനാകുന്നുണ്ട്.
അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് നിരവധി ഹിറ്റ് കോമഡി ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ കൃഷ്ണ പൂജപ്പുരയാണ്. സിനിമയിൽ മനോഹരമായി ഒരുക്കിയിരിക്കുന്ന രണ്ട് പാട്ടുകൾ ഉണ്ട്. ബികെ ഹരിനാരായണൻറെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ് കൂടിയായ പ്രകാശ് ഉള്ളേരിയാണ്. ഹരിഹരൻ, ശങ്കർ മഹാദേവൻ എന്നിവരാണ് ആലാപനം.
ഷീലു എബ്രഹാം അവതരിപ്പിച്ച ബിന്ദു പ്രേക്ഷകർക്ക് കണ്ടു പരിചയമുള്ള ഒരാളായി തന്നെ തോന്നും. സിദ്ദിഖ്, സെന്തിൽ കൃഷ്ണ, സജിൻ ചെറുകയിൽ, സുരേഷ് കൃഷ്ണ, മേജർ രവി തുടങ്ങിയവരും അവരവരുടെ വേഷങ്ങൾ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. രസകരമായി ചേർത്തു വച്ച സന്ദർഭങ്ങൾക്കൊപ്പം നർമ്മം കൂടി ചേർത്ത് ഒന്നും ഓർക്കാതെ കണ്ടാസ്വദിക്കാവുന്ന ഒരു കൊച്ചു സിനിമയാണ് 'രവീന്ദ്രാ നീ എവിടെയാ'. റിയലിസ്റ്റിക്കായ ഒരു ഫാമിലി ഹ്യൂമർ സിനിമയായി പ്രേക്ഷകന് കണ്ട് ആസ്വദിക്കാം.

