Asianet News MalayalamAsianet News Malayalam

മാസ് നായകനായി വീണ്ടും ജോജു, കൈയടി നേടി കല്യാണി; 'ആന്‍റണി' റിവ്യൂ

പൊറിഞ്ചു മറിയം ജോസിന് ശേഷം ജോജു ജോര്‍ജ് വീണ്ടും ജോഷിയുടെ ടൈറ്റില്‍ കഥാപാത്രമായി മാറുകയാണ് ആന്‍റണിയിലൂടെ

antony malayalam movie review joshiy joju george kalyani priyadarshan chemban vinod jose kalyani priyadarshan nsn
Author
First Published Dec 1, 2023, 2:54 PM IST

ഇടവേളയ്ക്ക് ശേഷം ജോഷിയുടെ തിരിച്ചുവരവ് ചിത്രമായിരുന്ന പൊറിഞ്ചു മറിയം ജോസ് ടീം വീണ്ടുമൊന്നിക്കുന്നു എന്നതായിരുന്നു ആന്‍റണിക്ക് ലഭിച്ച പ്രീ റിലീസ് ശ്രദ്ധയുടെ പ്രധാന കാരണം. പൊറിഞ്ചു മറിയം ജോസിലെ മൂന്ന് ടൈറ്റില്‍ കഥാപാത്രങ്ങളും- ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ഇവര്‍ക്കൊപ്പം കല്യാണി പ്രിയദര്‍ശനും ചേരുന്നതാണ് ആന്‍റണിയിലെ പ്രധാന താരനിര. രാജേഷ് വര്‍മ്മയാണ് ആക്ഷനും ഇമോഷനും ഒരേപോലെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. 

പൊറിഞ്ചു മറിയം ജോസിന് ശേഷം ജോജു ജോര്‍ജ് വീണ്ടും ജോഷിയുടെ ടൈറ്റില്‍ കഥാപാത്രമായി മാറുകയാണ് ആന്‍റണിയിലൂടെ. കാട്ടാളന്‍ പൊറിഞ്ചുവിനെപ്പോലെ തിരക്കഥയില്‍ വെയ്റ്റ് ഉള്ള കഥാപാത്രമാണ് ആന്‍റണിയും. പുതുതലമുറ നായകന്മാരില്‍ മാസ് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തന്നോളം കാലിബര്‍ ഉള്ളവര്‍ കുറവാണെന്ന് ജോജു വീണ്ടും തെളിയിക്കുകയാണ് ആന്‍റണിയിലൂടെ. അവറാന്‍ സിറ്റി എന്ന ഹൈറേഞ്ചിലെ സാങ്കല്‍പിക പ്രദേശമാണ് ചിത്രത്തിന്‍റെ കഥാഭൂമിക. സുഹൃത്തുക്കളുടെയും അടുപ്പക്കാരുടെയും കണ്ണിലുണ്ണിയായ, എന്നാല്‍ എതിരാളികള്‍ക്ക് മുന്നില്‍ അത്രത്തോളം പരുക്കനായ ആളാണ് ആന്‍റണി. മസില്‍ പവര്‍ ഉപയോഗിച്ച് കാര്യങ്ങള്‍ സ്വന്തം വഴിക്കാക്കാന്‍ പലരും ആന്‍റണിയുടെയും സംഘത്തിന്‍റെയും സഹായം തേടാറുണ്ട്. പുറമേയ്ക്കുള്ള ഈ പരുക്കന്‍ സ്വഭാവം ആന്‍റണിക്ക് എങ്ങനെ വന്നു എന്നത് കുട്ടിക്കാലം മുതല്‍ അയാളെ അറിയുന്നവര്‍ക്ക് അറിയാം. അതിനാല്‍ത്തന്നെ ആന്‍റണിയുടെ ഏത് പ്രവര്‍ത്തിയും അവര്‍ നീതീകരിക്കുകയും ചെയ്യും. ഒരിക്കല്‍ ഒരു സുഹൃത്തിനുവേണ്ടി പകരം ചോദിക്കാന്‍ ഇറങ്ങുന്ന ആന്‍റണിയുടെ ജീവിതത്തില്‍ അവിചാരിതമായ പല മാറ്റങ്ങളും സംഭവിക്കുകയാണ്. ആ മാറ്റങ്ങള്‍ എന്തൊക്കെയാണെന്നാണ് ചിത്രം പറയുന്നത്.

antony malayalam movie review joshiy joju george kalyani priyadarshan chemban vinod jose kalyani priyadarshan nsn

 

ജോഷി ചിത്രങ്ങളില്‍ എല്ലായ്പ്പോഴും ഉള്ളതുപോലെ വലിയ താരനിരയാണ് ആന്‍റണിയിലും. മേല്‍പ്പറഞ്ഞ നാല് പേര്‍ക്കൊപ്പം ആശ ശരത്ത്, വിജയരാഘവന്‍, അപ്പാനി ശരത്, സിജോയ് വര്‍ഗീസ്, ജുവല്‍ മേരി, ടിനി ടോം, ആര്‍ജെ ഷാന്‍, ജിനു ജോസഫ്, പത്മരാജ് രതീഷ്, രാജേഷ് ശര്‍മ്മ, ശ്രീകാന്ത് മുരളി തുടങ്ങി ചെറിയ വേഷങ്ങളില്‍ പോലും പ്രധാന താരങ്ങളാണ് എത്തിയിരിക്കുന്നത്. ഒരു ക്രൈം സീനില്‍ നിന്ന് ആന്‍റണിയെയും പിന്നാലെ അയാള്‍ ജീവിക്കുന്ന അവറാന്‍ സിറ്റിയെയും അവിടുത്തെ മറ്റ് കഥാപാത്രങ്ങളെയും അവതരിപ്പിക്കുകയാണ് ജോഷി. പിന്നീട് ആന്‍റണിക്കൊപ്പം അയാളുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാവുകയാണ് പ്രേക്ഷകര്‍. മാസ് പരിവേഷമുള്ള, എന്നാല്‍ കൈയടക്കത്തോടെ അവതരിപ്പിക്കേണ്ട വൈകാരിക രംഗങ്ങളുള്ള ആന്‍റണിയെ ജോജു ഭാവഭദ്രമാക്കിയപ്പോള്‍ ഒപ്പം കൈയടി നേടിയ ഒരാള്‍ കല്യാണി പ്രിയദര്‍ശനാണ്. ഈ രണ്ട് കഥാപാത്രങ്ങള്‍ക്കിടയില്‍ സംഭവിക്കേണ്ട കെമിസ്ട്രിയിലാണ് രാജേഷ് വര്‍മ്മയുടെ തിരക്കഥ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. അത് മനോഹരമായി സ്ക്രീനില്‍ എത്തിക്കാന്‍ ജോജു- കല്യാണി കോമ്പിനേഷന് സാധിച്ചിട്ടുണ്ട്.

antony malayalam movie review joshiy joju george kalyani priyadarshan chemban vinod jose kalyani priyadarshan nsn

 

മുന്‍തലമുറ സംവിധായകരില്‍ ജോഷി ചിത്രത്തിന് ഇപ്പോഴും എന്തുകൊണ്ട് മികച്ച ഇനിഷ്യല്‍ ലഭിക്കുന്നു എന്നതിന്‍റെ ഉത്തരം ആന്‍റണിയിലുമുണ്ട്. നാല് പതിറ്റാണ്ട് മുന്‍പ് ആദ്യ സിനിമ ചെയ്ത ജോഷിയ്ക്ക് ഇപ്പോഴും യുവതലമുറ സിനിമാപ്രേമികളുടെ അഭിരുചി അറിയാം. അതിനാല്‍ത്തന്നെ കാലത്തിനനുസരിച്ച് അപ്ഡേറ്റഡ് ആയ അദ്ദേഹത്തിന്‍റെ ദൃശ്യഭാഷ ഈ ചിത്രത്തിലും കാണാം. അമല്‍ നീരദ് സ്കൂളില്‍ നിന്ന് വരുന്ന രണദിവെയാണ് ആന്‍റണിയുടെ ഛായാഗ്രാഹകന്‍. ഇടുക്കിയുടെ ഭൂപ്രകൃതിയും മലയോര ഭംഗിയും തണുപ്പുമൊക്കെ അനുഭവിപ്പിക്കുന്നതാണ് രണദിവെയുടെ ഫ്രെയ്‍മുകള്‍. ഒപ്പം തിരക്കഥയിലെ ചടുലത ചോരാതെ അദ്ദേഹം സ്ക്രീനില്‍ എത്തിച്ചിട്ടുമുണ്ട്. ശ്യാം ശശിധരനാണ് ചിത്രത്തിന്‍റെ എഡിറ്റര്‍. ജേക്സ് ബിജോയ്‍യുടെ പശ്ചാത്തല സംഗീതം ചിത്രത്തിന്‍റെ ക്യാരക്റ്റര്‍ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

antony malayalam movie review joshiy joju george kalyani priyadarshan chemban vinod jose kalyani priyadarshan nsn

 

മലയാളത്തില്‍ ഏറ്റവും മികച്ച ആക്ഷന്‍ ഡ്രാമകള്‍ ഒരുക്കിയിട്ടുള്ള ആളാണ് ജോഷി. അത്തരം തിരക്കഥകള്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ ദൃശ്യാഖ്യാനം ഒരുക്കാനുള്ള തന്‍റെ കഴിവിന് മങ്ങലൊന്നും ഏറ്റിട്ടില്ലെന്ന് അദ്ദേഹം വീണ്ടും തെളിയിക്കുകയാണ് ആന്‍റണിയിലൂടെ. എന്നാല്‍ ആക്ഷന്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മാത്രമുള്ളതല്ല ആന്‍റണി. രക്തബന്ധമില്ലാത്ത രണ്ടുപേര്‍ക്കിടയില്‍ വരുന്ന മനോഹര ബന്ധത്തെക്കുറിച്ച് പറയുന്ന സിനിമ കുടുംബപ്രേക്ഷകര്‍ക്കും ആസ്വാദ്യകരമാവും. 

ALSO READ : 29-ാം ദിവസം സര്‍പ്രൈസ് എന്‍ട്രി! ​'ഗരുഡന്‍' ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Follow Us:
Download App:
  • android
  • ios