ഭരതനാട്യം സായി കുമാറിൻ്റെ ഭരതൻ എന്ന കഥാപാത്രത്തിൻ്റെ 'നാട്യ'വുമായി ബന്ധപ്പെട്ട കഥയായിരുന്നെങ്കിൽ രണ്ടാം ഭാഗം മോഹിനിയാട്ടമായത് എങ്ങനെയെന്നത് കൗതുകമുള്ള കാര്യമാണ്.

ഭരതനും കുടുംബവും ചിരിപ്പിച്ച ഭരതനാട്യം തിയേറ്ററുകളിൽ എത്തിയത് 2024ൽ ആയിരുന്നു. തിയേറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രം ഒടിടിയിൽ എത്തിയ ശേഷം വലിയ വ്യൂവർഷിപ്പും സ്വീകാര്യതയും നേടി. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിനു മേൽ പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ടായിരുന്നു. "ആദ്യ സിനിമ തിയേറ്ററിൽ ഭേഷായി പൊട്ടിക്കുകയും അതേ സിനിമയുടെ രണ്ടാം ഭാഗം സൂപ്പർഹിറ്റാക്കുകയും ചെയ്ത മിഥുൻ ആണ് ഞങ്ങളുടെ പ്രചോദനം," എന്ന ടൈറ്റിൽ ക്രെഡിറ്റോടെയാണ് മോഹിനിയാട്ടം തുടങ്ങുന്നതും. ചിരിപ്പ് രസിപ്പിച്ച ഈസി വാച്ച് ആയിരുന്നു ഭരതനാട്യമെങ്കിൽ രണ്ടാം ഭാഗമായ മോഹിനിയാട്ടം ഒരുപടി കൂടി കടന്ന് ഡാർക്ക് ഹ്യൂമറാണ് വിഷയമാക്കിയത്. ഫാമിലി ഡ്രാമ എന്ന ബേസിക്ക് ഴോണറിൽ നിൽക്കുമ്പോൾ തന്നെ അതിനുമപ്പുറം കഥപറയുകയാണ് ചിത്രം.

Add Asianetnews as a Preferred SourcegooglePreferred

സിനിമയുടെ കഥാപശ്ചാത്തലം, 'ഭരതനാട്യ'ത്തിന്റെ തുടർച്ചയാണ്. ഭരതൻ്റെ രണ്ടാം ഭാര്യയുടെ നാടായ ശ്രീകണ്ഠാപുരത്ത് ആണ് ഇത്തവണ കഥ നടക്കുന്നത്. ഭരതൻ്റെ കുടുംബത്തിനു നേരിടേണ്ടിവരുന്ന സംഭവ വികാസങ്ങൾ ആണ് സിറ്റുവേഷണൽ കോമഡിയായി ഇവിടെയും. ഭരതനാട്യം സായി കുമാറിൻ്റെ ഭരതൻ എന്ന കഥാപാത്രത്തിൻ്റെ 'നാട്യ'വുമായി ബന്ധപ്പെട്ട കഥയായിരുന്നെങ്കിൽ രണ്ടാം ഭാഗം മോഹിനിയാട്ടമായത് എങ്ങനെയെന്നത് കൗതുകമുള്ള കാര്യമാണ്. ഭരതൻ നായരുടെ മരണത്തിനു ശേഷം രണ്ട് കുടുംബങ്ങൾ തമ്മിലെ പ്രശ്നങ്ങൾ തീർന്ന് അവർ ഒന്നാകുന്നത് കാണിച്ചാണ് ആദ്യ ഭാഗം അവസാനിച്ചത്. രുക്മിണിയമ്മയ്ക്കും മകനും വീടുവച്ച് നൽകി അവർക്കൊപ്പം കുറച്ചു ദിവസം ചെലവഴിച്ച് മടങ്ങാനിരിക്കുകയാണ് സരസ്വതിയമ്മയും കുടുംബവും. അതിനിടയിൽ അവരെ തേടിയെത്തുന്ന പ്രതിസന്ധിയും അതിനു പിന്നാലെയുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് മോഹിനിയാട്ടം.

ആദ്യ ഭാഗത്തിനു സമാനമായി അഭിനേതാക്കളുടെ പ്രകടനങ്ങൾ തന്നെയാണ് മോഹിനിയാട്ടത്തിൻ്റെയും നട്ടെല്ല്. സൈജു കുറുപ്പ്, കലാരഞ്ജിനി, ശ്രീജ രവി, ദിവ്യ എം നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, സ്വാതി ദാസ് പ്രഭു, ഇരട്ടകളായ ജിനിൽ റെക്സ്, ജിവിൻ റെക്സ്, അഭിരാം രാധാകൃഷ്ണൻ തുടങ്ങിയവർ ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങൾക്ക് തുടർച്ചയായപ്പൊൾ സുരാജ് വെഞ്ഞാറമൂട്, ബേബി ജീൻ, വിജയ് ബാബു, ജഗദീഷ്, വിനയ് ഫോർട്ട്, ശ്രീരേഖ, ബാലചന്ദ്രൻ ചുള്ളിക്കാട്, നിസ്താർ സേട്ട്, സന്തോഷ് കെ നായർ അങ്ങനെ പുതിയ അഭിനേതാക്കൾ കഥാസന്ദർഭങ്ങൾക്കൊപ്പം മോഹിനിയാട്ടത്തിൽ വന്നുചേർന്നിട്ടുണ്ട്. അരുണും അജയനും കാഴ്ചയിൽ ഒരേപോലെയിരിക്കുന്നത് ഭരതനാട്യത്തിലെ പ്രധാന കോൺഫ്ലിക്ട് ആയിരുന്നെങ്കിൽ മോഹിനിയാണ് ആ തരത്തിൽ മോഹിനിയാട്ടത്തിലെ താരം.

സൈജു കുറുപ്പിൻ്റെ നൂറ്റിയൻപതാം ചിത്രമായാണ് മോഹിനിയാട്ടം എത്തുന്നത്. സംവിധായകൻ കൃഷ്ണദാസ് മുരളി കോമഡി എഴുതി ഫലിപ്പിക്കാനും പ്രേക്ഷകരിൽ എത്തിക്കാനുമുള്ള തൻ്റെ മികവ് ഒന്നുകൂടി ഉറപ്പിച്ചുകഴിഞ്ഞു. തരുൺ മൂർത്തി പ്രശംസിച്ചതു പോലെ ഇത്തവണയത് ഒരുപടി കൂടി കടന്ന് 'യഥാർഥ ഡാർക്ക് ഹ്യൂമർ' ആണ് മോഹിനിയാട്ടം. ബബ്ളു അജുവിന്റെ ഛായാഗ്രഹണവും ഷഫീഖ് വി ബിയുടെ എഡിറ്റിംഗും ചിരിയുടെ വേഗതയും പേസും കൃത്യമാക്കുന്നുണ്ട്. 'ഇലക്ട്രോണിക് കിളി' ഒരുക്കിയ സംഗീതവും ബേബി ജീനിൻ്റെ റാപ്പും ചിത്രത്തിന്റെ മൂഡിനോട് ചേർന്നുനിൽക്കുന്നു.

ആദ്യ ഭാഗത്തിനു ലഭിച്ച പ്രേക്ഷക പ്രീതി ഒരുതരി ചോരാതെ, ഴോണർ ഷിഫ്റ്റിൽ പാളാതെ ഭംഗിയായി സംവിധായകൻ മോഹിനിയാട്ടത്തെ പ്രേക്ഷകരിലെത്തിച്ചു. ലോജിക്കിനപ്പുറം കുടുംബമായി ആർത്തു ചിരിക്കാനും ഓർത്തു ചിരിക്കാനും ഈ അവധിക്കാലത്ത് മോഹിനിയാട്ടത്തിനു ടിക്കറ്റെടുക്കാം. പൂർണ്ണമായും തിയേറ്റർ മെറ്റീരിയലാണ് മോഹിനിയാട്ടം. ഭരതൻ നായരുടെ കുടുംബം ഇത്തവണയും നിരാശപ്പെടുത്തില്ല..