ട്വിസ്റ്റുകളും ടേണുകളും നിറച്ച് പോവുകയല്ല, പതിഞ്ഞ താളത്തിൽ തുടങ്ങി പ്രേക്ഷകനെ പിടിച്ചിരുത്തുന്ന അനുഭവമാണ് ചിത്രം.

ഷെയിൻ നിഗത്തിനെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ദൃഢം. ജീത്തു ജോസഫിൻ്റെ സഹസംവിധായകനായ മാർട്ടിൻ്റെ ആദ്യ സംവിധാന സംരഭം ഒരു പൊലീസ് കുറ്റാന്വേഷണ സിനിമയായത് യാദൃശ്ചികമാകാം. എന്നാൽ പ്രേക്ഷകനെ സംബന്ധിച്ച് ജീത്തു ജോസഫ് സ്കൂൾ ഒരു പ്രതീക്ഷയായിരുന്നു. പതിഞ്ഞ താളത്തിൽ സ്വന്തമായ ഒഴുക്ക് കണ്ടെത്തി മുന്നോട്ട് പോവുകയാണ് ചിത്രം. കഥാപാത്രങ്ങളെയും സാഹചര്യങ്ങളെയും എസ്റ്റാബ്ലിഷ് ചെയ്ത് ഘട്ടം ഘട്ടമായി ബിൽഡ് ചെയ്ത് കൊണ്ടുവരുന്ന പശ്ചാത്തലം.

ഒരു പൊലീസ് സ്റ്റേഷനെയും അതിൻ്റെ പരിധിയിൽ വരുന്ന കുഴിനിലം എന്ന ഗ്രാമത്തെയും ചുറ്റിപ്പറ്റിയാണ് കഥ. സ്റ്റേഷനിൽ ചാർജെടുക്കാൻ എത്തുന്ന യുവ എസ്ഐ ആണ് ഷെയിൻ നിഗം അവതരിപ്പിക്കുന്ന സച്ചിൻ രാധാകൃഷ്ണൻ എന്ന കഥാപാത്രം. കുറ്റകൃത്യങ്ങൾ കുറവുള്ള പ്രദേശമാണവിടം. ആദ്യ പോസ്റ്റിങ് അങ്ങോട്ടേക്കാണെന്നതിൽ ആശ്വാസത്തോടെയാണ് പൊതുവെ ശാന്തപ്രകൃതനായ സച്ചിൽ എത്തുന്നത്. മറ്റു പൊലിസുകാരുടെ ഇടപെടലും പെരുമാറ്റവും സച്ചിൻ എന്ന തുടക്കക്കാരന് ആശ്വാസമകുന്നുണ്ട്. ഷോബി തിലകൻ, ദിനേഷ് പ്രഭാകർ, നന്ദൻ ഉണ്ണി, കൃഷ്ണ പ്രഭ, വിനോദ് ബോസ്, കോട്ടയം രമേശ്, സാനിയ ഫാത്തിമ എന്നിവരാണ് സ്റ്റേഷനിലെ മറ്റു പൊലീസുകാർ. സച്ചിൻ്റെ പരിചയക്കുറവുകളെ പോലും മറികടക്കും വണ്ണം അയാൾക്ക് പൂർണ്ണ പിന്തുണനൽകുന്ന സഹപ്രവർത്തകർ. അങ്ങനെ സമാധാനപൂർണ്ണമായ അന്തരീക്ഷത്തിൽ മുന്നോട്ട് പോകുമ്പോഴാണ് അപ്രതീക്ഷിതമായ സംഭവവികാസങ്ങൾ തുടർച്ചയായി കുഴിനിലത്തുണ്ടാകുന്നത്.

പ്രദേശത്തെ ഒരു ഒഴിഞ്ഞ പറമ്പിൽ നിന്ന് ആദ്യം ഒരു യുവാവിൻ്റെ മൃദദേഹം കിട്ടുന്നു. അതൊരു കൊലപാതകമാണെന്ന് തീർച്ചപ്പെടുത്തി അന്വേഷണവുമായി മുന്നോട്ട് പോകുമ്പോൾ ഒരു ഫിനാൻസ് സ്ഥാപനം കൊള്ളയടിക്കപ്പെടുന്നു. പിന്നാലെ മറ്റു രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തുന്നു. മൂന്നു മരണങ്ങളും ഒരേ രീതിയിൽ ഉണ്ടായതാണെന്ന നിഗമനത്തിൽ കേസന്വേഷണം മുന്നോട്ട് പോകവെ, സച്ചിൽ നേരിടുന്ന ബുദ്ധിമുട്ടുകളും കൊലപാതകങ്ങളുടെയും കൊള്ളയുടെയും ചുരുളഴിയുന്നതുമാണ് ദൃഢം. ആ ഗ്രാമവും പൊലീസ് സ്റ്റേഷനും ഒളിപ്പിച്ച രഹസ്യമെന്താണെന്ന് സച്ചിൻ കണ്ടെത്തുന്നതിനൊപ്പമാണ് പ്രേക്ഷകരുടെയും സഞ്ചാരം.

പ്രകടനങ്ങൾ തന്നെയാണ് സിനിമയുടെ ആദ്യ മികവ്. പൊലീസ് ജോലിയിലെ തുടക്കാരനിൽ നിന്ന് അയാളുടെ അനുഭവങ്ങൾ നൽകുന്ന പാകപ്പെടുത്തലും കഥാപാത്രത്തിൻ്റെ വളർച്ചയുമൊക്കെ ഷെയിനിൻ്റെ കൈയ്യിൽ ഭദ്രമായിരുന്നു. ഇടുക്കിയിലെ മലയോരഗ്രാമമായാണ് കുഴിനിലത്തെ സംവിധായകൻ പ്ലേസ് ചെയ്യുന്നത്. കുറ്റാന്വേഷണ സിനിമകൾക്ക് ഈ ഭൂപ്രദേശം നൽകുന്ന നിഗൂഢ സ്വഭാവത്തെ ഉപയോഗപ്പെടുത്താൻ ദൃഢത്തിനായിട്ടുണ്ട്. കഥ മുന്നോട്ട് പോകുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളുടെ ഗൗരവം പ്രേക്ഷകനിൽ അനുഭവപ്പെടുത്തുന്നത്തിൽ സമാധാനപൂർവ്വമായ സ്റ്റേഷൻ അന്തരീക്ഷത്തിൽ നിന്ന് ബിൽഡ് ചെയ്ത് വരുന്ന തിരക്കഥയ്ക്കായി. ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്നാണ് ദൃഢത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്.

പി എം ഉണ്ണികൃഷ്ണൻ്റെ ഫ്രെയിമുകൾ കഥയോട് നീതി പുലർത്തി. കഥയുടെ പേസിനൊപ്പമാണ് വിനായകിൻ്റെ എഡിറ്റിങ്. സംഭവങ്ങളെയും സാഹചര്യങ്ങളെയും എലവേറ്റ് ചെയ്യാൻ ശ്രീരാജ് സജിയുടെ പശ്ചാത്തല സംഗീതത്തിനായിട്ടുണ്ട്. അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ ജോൺ, അഭിഷേക് രവീന്ദ്രൻ തുടങ്ങിയവരാണ് ദൃഢത്തിലെ മറ്റു പ്രധാന താരങ്ങൾ. ഇ ഫോർ എക്സ്പെരിമെന്റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ദൃഢം പ്രേക്ഷകരിൽ എത്തിക്കുന്നത്. മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം. 'പ്രൊട്ടക്ട്, സർവ്, സർവൈവ്' എന്നാണ് ചിത്രത്തിൻ്റെ ടാഗ് ലൈൻ. അത് പൂർണ്ണമായും മനസിലാകാൻ സിനിമ കണ്ടേ തീരൂ. ട്വിസ്റ്റുകളും ടേണുകളും നിറച്ച് പോവുകയല്ല, പതിഞ്ഞ താളത്തിൽ തുടങ്ങി പ്രേക്ഷകനെ പിടിച്ചിരുത്തുന്ന അനുഭവമാണ് ചിത്രം. അതുകണ്ടനുഭവിക്കാൻ ദൃഢത്തിനു ടിക്കറ്റെടുക്കാം.