Asianet News MalayalamAsianet News Malayalam

വാക്ക് പാലിച്ച് ധ്യാൻ ശ്രീനിവാസൻ, തിയറ്ററുകളില്‍ ചിരിപ്പിച്ച് നദികളില്‍ സുന്ദരി യമുന

അഭിമുഖങ്ങളില്‍ നടൻ ധ്യാൻ ശ്രീനിവാസൻ പറഞ്ഞ വാക്കുകള്‍ ശരിവെച്ച് നദികളില്‍ സുന്ദരി യമുന.

Dhyan Sreenivasan starrer new film Nadikalil Sundari Yamuna review hrk
Author
First Published Sep 17, 2023, 1:04 PM IST

ധ്യാൻ ശ്രീനിവാസൻ അഭിമുഖങ്ങളില്‍ ആവര്‍ത്തിച്ചു പറഞ്ഞ ഒരു കാര്യമുണ്ട്. പതിവുപോലെ പ്രമോഷൻ ചെയ്യുന്ന ഒരു സിനിമയല്ല നദികളില്‍ സുന്ദരി എന്ന്. തീര്‍ച്ചയായും പ്രേക്ഷകനെ രസിപ്പിക്കുന്ന ഒരു സിനിമയാണ് എന്ന്. അഭിമുഖങ്ങളിലെ ധ്യാൻ ശ്രീനിവാസന്റെ ഉറപ്പ് തിയറ്ററുകളില്‍ നദികളില്‍ സുന്ദരി യമുന ശരിവെച്ചിരിക്കുകയാണ്.

നാട്ടിൻപുറത്തിന്റെ രസക്കാഴ്‍ചകളാണ് നദികളില്‍ സുന്ദരി യമുനയില്‍ നിറഞ്ഞിരിക്കുന്നത്. തമാശയുടെ മേമ്പൊടി ഓരോ രംഗത്തിനുമുണ്ട്. നിഷ്‍കളങ്കമായ ചിരി വിടര്‍ത്തുന്ന നാട്ടു കൌണ്ടറുകളാണ് നന്ദികളില്‍ സുന്ദരി യമുനയെ പ്രേക്ഷകനോട് ചേര്‍ത്തുനിര്‍ത്താൻ സഹായിക്കുന്നത്. വര്‍ത്തമാന സാഹചര്യങ്ങളും ചേര്‍ത്ത് ചിരിപ്പിക്കുന്ന സിനിമയാണ് നദികളില്‍ സുന്ദരി യമുന.

Dhyan Sreenivasan starrer new film Nadikalil Sundari Yamuna review hrk

കടമ്പേരിയിലെ വിശേഷങ്ങളാണ് പ്രേക്ഷകനോട് ഈ സിനിമ പങ്കുവയ്‍ക്കുന്നത്. അന്നാട്ടുകാരനായ ചെറുപ്പക്കാരനായ കണ്ണന്റെ കഥയാണിത്. തെയ്യവും രാഷ്‍ട്രീയവും സൗഹൃദവുമെല്ലാം നിറഞ്ഞുള്ള ആഘോഷ ജീവിതമാണ് കണ്ണന്റേത്. എന്നാല്‍ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ വിവാഹം കഴിച്ചാല്‍ കൊള്ളാമെന്ന് കണ്ണന് തോന്നുന്നു, പെണ്ണ് കാണല്‍ തുടങ്ങുന്നു. ശത്രു പാര്‍ട്ടിക്ക് ഒപ്പമുള്ള വിദ്യാധരനും വിവാഹ ആലോചനകളുമായി പെണ്ണു കാണലിന് സജീവമായി ഉണ്ട്.  പെണ്ണുകാണല്‍ പുരോഗമിക്കുമ്പോഴുള്ള കൌതുകങ്ങളും രസവുമാണ് ആദ്യ പകുതിയില്‍. അത് ഒരു ബെറ്റിലേക്ക് എത്തുന്നതോടെ സിനിമയില്‍ ആകാംക്ഷയുടെ ചേരുവ കൂടി ചേരുന്നു.

Dhyan Sreenivasan starrer new film Nadikalil Sundari Yamuna review hrk

ആദ്യം നടക്കുക ആരുടെ വിവാഹം?. വെല്ലുവിളിച്ച സമയത്തിനുള്ളില്‍ കണ്ണന്റെയും വിദ്യാധരന്റെയും വിവാഹം നടക്കുമോ?. ആരായിരിക്കും പെണ്ണ്?. ഇതിനെല്ലാം ഉത്തരം തേടുമ്പോഴുള്ള രസക്കാഴ്‍ചകളാണ് സിനിമയില്‍ പിന്നീടുള്ളത്.

വിജേഷ് പാണത്തൂരും, ഉണ്ണി വെള്ളോറയുമാണ് സംവിധാനം. തുടക്കം അതിഗംഭീരമാക്കിയിരിക്കുകയാണ് ഇരുവരും. നാട്ടിന്റെ മണ്ണിലുറച്ചുള്ള ഒരു കഥ പറയുമ്പോഴുള്ള ലാളിത്യം ഇവരുടെ ആഖ്യാനത്തില്‍ വ്യക്തം. സിനിമയെ സത്യസന്ധമായിട്ടാണ് ഇരുവരും സമീപിച്ചതെന്നും കഥ പറച്ചലിലും ആഖ്യാനത്തിലും തെളിയുന്നുണ്ട്. തിരക്കഥ എഴുതിയത് ഇവര്‍ തന്നെയാണ്. കണ്ണൂരിന്റെ വിശ്വാസവും രാഷ്‍ട്രീയവുമല്ലാം പ്രകടമായി തന്നെ പകര്‍ത്താനും അതില്‍ ഹാസ്യം കണ്ടെത്താനും വൈകാരികത നിലനിര്‍ത്താനും എഴുത്തുകാര്‍ എന്ന നിലയില്‍ വിജേഷിനും ഉണ്ണിക്കും സാധിച്ചിട്ടുണ്ട്. രസച്ചരടുകളായി കോര്‍ത്തിണക്കിയിരിക്കുകയാണ് ഓരോ രംഗങ്ങളും.

ധ്യാൻ ശ്രീനിവാസനാണ് കണ്ണനെ പകര്‍ത്തിയിരിക്കുന്നത്. സിനിമയിലെ ഇളയച്ഛൻ പരിഹസിക്കും പോലെ തോട്ടിന് അപ്പുറം പോകാത്ത കണ്ണനെ അതേ അര്‍ഥത്തില്‍ നിഷ്‍കളങ്കതയോടെ ധ്യാൻ ശ്രീനിവാസൻ അവതരിച്ചിരിക്കുന്നു. കോമഡിയില്‍ ധ്യാനിന്റെ ടൈമിംഗും വര്‍ക്കാകുന്നു. കണ്ണന് പാകമാകുന്നതാണ് ധ്യാനിന്റെ മാനറിസങ്ങളെല്ലാം. അജുവിന്റെ വിദ്യാധരൻ പ്രത്യക്ഷത്തില്‍ കോമഡിക്കാരനല്ല. എങ്കിലും ചിരി വിടര്‍ത്താൻ വഴിമരുന്നിടുന്നത് വിദ്യാധരനെന്ന കഥാപാത്രം കൂടിയാണ്. വ്യത്യസ്‍തമായ ഒരു ലുക്കില്‍ പക്വതയോടെ അജു വര്‍ഗീസ് കഥാപാത്രത്തെ സമീപിച്ചിരിക്കുമ്പോള്‍ സുധീഷ്, നിര്‍മല്‍ പാലാഴി, അനീഷ് ഗോപാലൻ, നവാസ് വള്ളിക്കുന്ന്,  ദേവരാജ്, ഉണ്ണിരാജ, ഭാനുമതി, പ്രഗ്യാ എന്നിവരൊക്കെ വേഷങ്ങള്‍ രസകരമായി ഭംഗിയാക്കിയിരിക്കുന്നു.

Dhyan Sreenivasan starrer new film Nadikalil Sundari Yamuna review hrk

കണ്ണൂരെ അപ്പാടെ പകര്‍ത്തിയിരിക്കുന്നുണ്ട് ഫൈസല്‍ അലിയുടെ ക്യാമറ. പ്രമേയത്തിനൊത്ത ക്യാമറാ ചലനങ്ങളാണ് ഫൈസലിന്റേത്. വെള്ളാരപ്പൂമല മേലെയെന്ന ഹിറ്റ് ഗാനം ചിത്രത്തിനായി റീ ക്രീയേറ്റ് ചെയ്‍തതുള്‍പ്പടെയുള്ള പാട്ടുകള്‍ നദികള്‍ സുന്ദരി യമുനയില്‍ ഇഴുകിച്ചേരുന്നുണ്ട്. എന്തായാലും കുടുംബത്തിനൊത്ത് ആസ്വദിക്കാവുന്ന ചിരി ചിത്രമാണ് നദികളില്‍ സുന്ദരി യമുന. സ്‍നേഹം നിറയുന്ന ഒരു സിനിമയാണിത്.

Read More: 'നിങ്ങളെ ഞാൻ ഇവിടേ‍യ്‍ക്ക് ക്ഷണിച്ചിട്ടിട്ടില്ല', വിവാഹിതയാകാനിരിക്കെ കട്ടക്കലിപ്പില്‍ നടി പരിനീതി ചോപ്ര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios