Asianet News MalayalamAsianet News Malayalam

മാസാണ് ബാന്ദ്ര, വൈകാരികവും- റിവ്യു

ദിലീപ് നായകനായ ബാന്ദ്രയുടെ റിവ്യു.

Dileep starrer new action film Bandra review hrk
Author
First Published Nov 10, 2023, 3:23 PM IST

മാസാണ് ബാന്ദ്ര. കുടുംബ ബന്ധത്തിന്റെ വൈകാരികാനുഭവവും ബാന്ദ്രയിലുണ്ട്. ബാന്ദ്രയുടെ അടരുകളിലൊന്ന് പ്രണയവുമാണ്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്‍തിപ്പെടുത്തുന്ന ഒരു ചിത്രമായി മാറിയിരിക്കുന്നു ബാന്ദ്ര.

സിനിമയുടെ പശ്ചാത്തലത്തിലാണ് ബാന്ദ്ര ഒരുക്കിയിരിക്കുന്നത്. സാക്ഷി എന്ന ഒരു യുവ സംവിധായികയുടെ സ്വപ്‍ന സാക്ഷാത്‍കാരത്തിനുള്ള പരിശ്രമത്തില്‍ നിന്നാണ് ബാന്ദ്രയുടെ ഉള്ളറകളിലെ കഥകള്‍ ഇതള്‍ വിരിയുന്നത്. താരാ ജാനകി എന്ന യുവ ബോളിവുഡ് നടിയുടെ ആത്മഹത്യയാണ് ഒരു പുതു കഥ തേടിയുള്ള യാത്രയില്‍ സാക്ഷിയുടെ ശ്രദ്ധയിലേക്ക് എത്തുന്നത്. അതുപക്ഷേ താരയുടെ മാത്രം ഒരു കഥയായിരുന്നില്ല മറിച്ച് ആല എന്ന നായകന്റെയും ജീവിതമായിരുന്നു. അലക്സാണ്ടര്‍ ഡൊമിനിക്കെന്ന ആലയുടെ കഥ. കേരളത്തിലൊരു ഹാര്‍ബര്‍ ആലയുടെ നിയന്ത്രണത്തിലാണ്. സാധാരണക്കാരനെങ്കിലും എന്തിനും ആശ്രയിക്കാവുന്ന നേതൃപാടവും ചിത്രത്തിലെ നായകനായ ആലയ്‍ക്കുണ്ട്.

ഒളിഞ്ഞിരിക്കുന്ന ഒരു ഭൂതകാലം ആലയ്‍ക്കുണ്ടെന്ന് തുടക്കത്തിലേ സൂചനകള്‍ ലഭിക്കുന്നുണ്ട്. ആ സൂചനകള്‍ നിലനില്‍ക്കെയാണ് യുവ ബോളിവുഡ് നടി താരാ ജാനകി ആലയുടെ ജീവിതത്തിലേക്ക് ഒരു ഘട്ടത്തില്‍ സഹായഭ്യര്‍ഥനയുമായി എത്തുന്നത്. എങ്ങനെയാണ് ആലയുടെ ജീവിതത്തില്‍ അത് വഴിത്തിരിവാകുന്നത് എന്നാണ് ബാന്ദ്രയില്‍ പിന്നീട് വെളിപ്പെടുന്നതും മികച്ച ഒരു സിനിമാ കാഴ്‍ചയായി മാറുന്നതും. ആലയുടെ ഭൂതകാലത്തേയ്‍ക്കുള്ള ചെറിയൊരു സഞ്ചാരവുമാകുന്നത്.

ദിലീപാണ് ആലയായി ബാന്ദ്രയില്‍ നിറഞ്ഞുനില്‍ക്കുന്നത്. പതിവില്‍ നിന്ന് തീര്‍ത്തും വ്യത്യസ്‍തമായിട്ടാണ് ദീലീപ് ബാന്ദ്രയില്‍ ആലയുടെ വസ്‍ത്രമണിഞ്ഞിരിക്കുന്നത്. പക്വതയാര്‍ന്ന പ്രകടനത്തിനൊപ്പം മാസുമാകുന്നു ദിലീപ്. ഗൂഢമായ ഭൂതകാലം ആകാംക്ഷയുണര്‍ത്തി ഒളിപ്പിക്കാൻ ദിലീപിന് ആലയുടെ വേഷത്തിലാകുന്നുണ്ട്. ആ ആകാംക്ഷ നിലനിര്‍ത്തുന്ന തുടര്‍ കഥാ ഗതികളിലൂടെയാണ് ബാന്ദ്ര കാഴ്‍ചക്കാരനെ ആകര്‍ഷിക്കുന്നതും. ആക്ഷനിലും മികച്ച് നില്‍ക്കുന്നു ദിലീപ്. കുടുംബപശ്ചാത്തലത്തിലെ ആലയായി നില്‍ക്കുമ്പോള്‍ ബാന്ദ്രയില്‍ ദിലീപ് ആ ജനപ്രിയ നായകന്റെ മാനറിസങ്ങള്‍ പുറത്തെടുക്കുമ്പോള്‍ മലയാളത്തിലേക്ക് എത്തിയ തമന്ന കഥാപാത്രത്തിന് തീര്‍ത്തും യോജിച്ച കാസ്റ്റിംഗായിരിക്കുന്നു. തമന്നയുടെ പ്രഭയിലാണ് താരാ ജാനകി സിനിമയുടെ അടിത്തറയൊരുക്കിയിരിക്കുന്നത്. കലാഭവൻ ഷാജോണ്‍, ഗണേഷ് തുടങ്ങിയ താരങ്ങളും മികച്ച പ്രകടനമാണ് ബാന്ദ്രയില്‍ പുറത്തെടുത്തിരിക്കുന്നത്.

അരുണ്‍ ഗോപിയുടെ മേക്കിംഗാണ് ദീലീപ് ചിത്രത്തിന്റെ ഹൈലൈറ്റ്. ബാന്ദ്രയെ മാസാക്കുന്നതും അരുണ്‍ ഗോപിയുടെ മേക്കിംഗ് മികവാണ്. കഥ ആവശ്യപ്പെടുന്ന ചടുലതയും നിഗൂഢതയും സംവിധായകൻ എന്ന നിലയില്‍ അരുണ്‍ ഗോപി ബാന്ദ്രയില്‍ നിറച്ചിട്ടുണ്ട്. തിരക്കഥയില്‍ ഇത്തരം ഒരു സിനിമയുടെ കഥാ ഗതികള്‍ക്കും പശ്ചാത്തലങ്ങള്‍ക്കും ആവശ്യമായ എല്ലാ അടരുകളും ചേര്‍ത്താണ് ഉദയകൃഷ്‍ണ എഴുതിയിരിക്കുന്നത്.

തൊണ്ണൂറുകളിലെ കാലത്തിന്റെ നിറവും പശ്ചാത്തലവുമാണ് ബാന്ദ്രയ്‍ക്ക്. അക്കാലത്തെ ഓര്‍മയിലേക്കെത്തിച്ചാണ് ബാന്ദ്രയുടെ പ്രമേയത്തിനൊത്തുമാണ് ചിത്രത്തിന്റെ ക്യാമറാ നോട്ടങ്ങള്‍. ചടുലമെങ്കിലും കാഴ്‍ചയില്‍ അലോസരമാകാത്ത വിധവുമാണ്. ഛായാഗ്രാഹണം നിര്‍വഹിച്ച ഷാജികുമാര്‍ അഭിന്ദനമര്‍ഹിക്കുന്നു.

സാം സി എസിന്റെ സംഗീതവും ചിത്രത്തിന്റെ ആകെ താളത്തിനൊത്തുള്ളതാണ്. മാസനുഭവമാക്കുന്നതും ആ വേറിട്ട സംഗീതമാണ്. പാട്ടുകള്‍ കേള്‍വിയില്‍ മാത്രമല്ല പ്രമേയത്തെ ചിത്രത്തില്‍ അടിവരയിടുന്നതിലും സഹായകമാകുന്നതാണ്. എഡിറ്റര്‍ വിവേക് ഹര്‍ഷന്റെ കട്ടുകളും ചിത്രത്തെ മികച്ച മാസ് കാഴ്‍ചാനുഭവമാക്കുന്നു.

Read More: 'സീരിയല്‍ കില്ലറാ'കാൻ തയ്യാറാകാതിരുന്ന മോഹൻലാല്‍, ഇതോ കാരണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios