രണ്ടര വര്‍ഷത്തിനു ശേഷം എത്തുന്ന സൂര്യയുടെ തിയറ്റര്‍ റിലീസ്

ഒരു സൂര്യ (Surya) ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ടിട്ട് രണ്ടര വര്‍ഷത്തോളമായിരുന്നു. അവസാനമായി എത്തിയ മിക്ക ചിത്രങ്ങളും ജനപ്രീതിയില്‍ പിന്നിലുമായിരുന്നു. താരപരിവേഷത്തിനേറ്റ ഇടിവ് തിരിച്ചുപിടിക്കേണ്ടത് അത്യാവശ്യമായിരുന്ന സൂര്യയ്ക്ക് സഹായകമായത് കൊവിഡ് കാലത്ത് എത്തിയ രണ്ട് ഒടിടി റിലീസുകള്‍ ആയിരുന്നു. സുധ കൊങ്കരയുടെ സംവിധാനത്തിലെത്തിയ സൂരറൈ പോട്രും ത സെ ജ്ഞാനവേല്‍ സംവിധാനം ചെയ്‍ത ജയ് ഭീമും ആയിരുന്നു ആ രണ്ട് ചിത്രങ്ങള്‍. ഈ രണ്ട് സിനിമകളും തിയറ്ററുകളില്‍ സൂര്യ ചിത്രങ്ങള്‍ക്ക് ഏറെക്കാലമായി അന്യമായിരുന്ന ജനപ്രീതി നേടിക്കൊടുത്തു. എന്നാലിപ്പോഴിതാ രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിയറ്ററുകളിലേക്ക് ഒരു സൂര്യ ചിത്രം എത്തിയിരിക്കുകയാണ്. പതിവുപോലെ ഒരു മാസ് ചിത്രത്തിന്‍റെ എല്ലാ ചേരുവകളും ചേര്‍ത്ത് എത്തിയിരിക്കുന്ന എതര്‍ക്കും തുനിന്തവന്‍ (Etharkum Thuninthavan) സംവിധാനം ചെയ്‍തിരിക്കുന്നത് പാണ്ഡിരാജ് ആണ്.

ഗൗരവമുള്ള വിഷയം സംസാരിക്കുന്ന ചിത്രമെങ്കിലും ഒരു മാസ് മസാല ചിത്രത്തിന്‍റെ കെട്ടിലും മട്ടിലുമാണ് എതര്‍ക്കും തുനിന്തവന്‍ എത്തിയിരിക്കുന്നത്. സാമൂഹ്യ പ്രതിബദ്ധതയുള്ള കണ്ണബീരാന്‍ എന്ന വക്കീല്‍ ആണ് സൂര്യയുടെ നായക കഥാപാത്രം. പൊതു കാര്യങ്ങള്‍ക്കൊക്കെ എപ്പോഴും മുന്നില്‍ കാണുന്ന കണ്ണനും കുടുംബവും ഒരു ദുരന്തത്തിന്‍റെ ഓര്‍മ്മകളാല്‍ വേട്ടയാടപ്പെടുന്നവരുമാണ്. അഭിഭാഷകവൃത്തിയും സാമൂഹ്യസേവനവുമൊക്കെയായി ജീവിതം സ്വാഭാവികമായി മുന്നോട്ടുനീങ്ങുന്നതിനിടെ അയാള്‍ക്കു മുന്നിലേക്ക് ചില സംഭവങ്ങള്‍ എത്തുകയാണ്. അപകട മരണവും ആത്മഹത്യയുമൊക്കെയായി ഒറ്റപ്പെട്ട സംഭവങ്ങളെന്ന് തുടക്കത്തില്‍ തോന്നിപ്പിക്കുന്ന സംഭവങ്ങള്‍ തമ്മില്‍ ചില പൊരുത്തങ്ങളുണ്ടെന്ന് അയാള്‍ കണ്ടെത്തുന്നിടത്ത് ചില അപ്രിയസത്യങ്ങള്‍ മറനീക്കി എത്തുകയാണ്. മറയ്ക്കപ്പുറം സമൂഹത്തിലെ അധികാരകേന്ദ്രങ്ങള്‍ ആണെന്ന തിരിച്ചറിവിലും കണ്ണബീരാന്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടമാണ് എതര്‍ക്കും തുനിന്തവന്‍റെ പ്ലോട്ട്.

താരകേന്ദ്രീകൃതമായ ഒരു മാസ് ചിത്രത്തില്‍ ഒരു ഗൗരവമുള്ള വിഷയം അവതരിപ്പിക്കുന്നതില്‍ സംവിധായകനുള്ള സമ്മര്‍ദ്ദവും ആശയക്കുഴപ്പവുമൊക്കെ ഒരുപോലെ പ്രതിഫലിക്കുന്നതാണ് ചിത്രത്തിന്‍റെ തുടക്കവും ആദ്യ പകുതിയും. ചിത്രത്തിന്‍റെ അന്ത്യത്തോടടുത്ത് മാത്രം പൂര്‍ണ്ണ ചിത്രം ലഭിക്കുന്ന സമാന്തര സ്റ്റോറിലൈനുകളെ കട്ട് ചെയ്‍ത് സിനിമയുടെ ആരംഭമാക്കിയത് കാഴ്ചയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. ഇടവേള വരെ കാര്യമായ ബന്ധങ്ങളില്ലാത്ത നായകന്‍റെയും വില്ലന്‍റെയും പശ്ചാത്തലങ്ങള്‍ സമാന്തരമായി ഇടയ്ക്കിടെ കടന്നുവരുന്നത് കാഴ്ചയുടെ ഒഴുക്കിനെയും ബാധിക്കുന്നുണ്ട്. സൂചനകളൊന്നും നല്‍കാതെ ഒരു നിര്‍ണ്ണായക രംഗത്തിലൂടെയാണ് സൂര്യയെ പാണ്ഡിരാജ് അവതരിപ്പിച്ചിരിക്കുന്നത്. കളര്‍ഫുള്‍ ഗാനരംഗങ്ങളും നായകന്‍റെ കുടുംബ, പ്രണയ ജീവിതവുമൊക്കെയായി ലളിതമായി കഥപറഞ്ഞുപോകുന്ന ചിത്രം ഇടവേളയോടടുത്താണ് ഗൗരവമുള്ള മോഡിലേക്ക് ഷിഫ്റ്റ് ചെയ്യുന്നത്.

ആദ്യ പകുതിയില്‍ സിനിമയ്ക്ക് മൊത്തത്തിലുള്ള അയഞ്ഞ സ്വഭാവം കൈവെടിയുന്നതാണ് രണ്ടാം പകുതി. ഒരു മാസ് ചിത്രത്തില്‍ രക്ഷകനായി അവതരിപ്പിക്കുമ്പോഴും എന്തുകൊണ്ട് അയാള്‍ ജീവന്‍ പണയം വച്ച് ഇറങ്ങുന്നു എന്നതിന് കൃത്യമായ വിശദീകരണം നായകന്‍റെ ജീവിത പശ്ചാത്തലത്തില്‍ സംവിധായകന്‍ വ്യക്തത നല്‍കിയിട്ടുണ്ട്. കാണികള്‍ക്ക് ചോദ്യങ്ങളൊന്നും ഉന്നയിക്കാനാവാത്ത വിധം വൈകാരികമായ കണക്ഷന്‍ അനുഭവപ്പെടുത്തുന്നതുമാണ് ആ കാരണം. കാണികളുമായി വൈകാരിക ബന്ധം സ്ഥാപിക്കുന്നതില്‍ വിജയിക്കുന്ന രണ്ടാം പകുതി ഒരു ത്രില്ലര്‍ സ്വഭാവത്തിലേക്കു നീങ്ങി പിരിമുറുക്കം അനുഭവിക്കുന്ന അന്ത്യത്തിലേക്ക് കടന്നുചെല്ലുന്നുണ്ട്. ആദ്യ പകുതിയിലെ തിരക്കഥയിലുള്ള അയഞ്ഞ സമീപനമല്ല രണ്ടാം പകുതിയില്‍ സംവിധായകന്‍ കൂടിയായ രചയിതാവ് സ്വീകരിച്ചിരിക്കുന്നത്. ഫലം ഭേദപ്പെട്ട ഒരു സിനിമാനുഭവം നല്‍കിയാണ് എതര്‍ക്കും തുനിന്തവന്‍ അവസാനിക്കുന്നത്.

ആക്ഷനും ഇമോഷനും നൃത്ത രംഗങ്ങളും പ്രകടന സാധ്യതകളുമൊക്കെയുള്ള ഒരു കംപ്ലീറ്റ് സൂര്യ ഷോ ആണ് പാണ്ഡിരാജ് സൂര്യ ആരാധകര്‍ക്ക് വാഗ്‍ദാനം ചെയ്‍തിരിക്കുന്നത്. അഡ്വ: കണ്ണബീരാനായി സൂര്യ മികച്ച സ്ക്രീന്‍ പ്രസന്‍സോടെയാണ് എത്തുന്നത്. ഒരിടവേളയ്ക്കു ശേഷം ഇത്തരമൊരു വേഷത്തില്‍ പ്രിയതാരത്തെ കാണുന്നത് അദ്ദേഹത്തിന്‍റെ ആരാധകരെ ആഹ്ലാദിപ്പിക്കും. പ്രിയങ്ക അരുള്‍ മോഹന്‍ ആണ് ചിത്രത്തില്‍ നായികയെ അവതരിപ്പിച്ചിരിക്കുന്നത്. വലിയ പ്രകടനസാധ്യത ഇല്ലാത്ത വേഷമെങ്കിലും നിര്‍ണ്ണായക കഥാപാത്രമാണ് ഇത്. നായകന്‍റെ അച്ഛനമ്മമാരായി എത്തുന്ന സത്യരാജും ശരണ്യ പൊന്‍വണ്ണനും പ്രകടന സാധ്യതയുള്ള വേഷങ്ങളാണ്. അവരത് മനോഹരമാക്കിയിട്ടുമുണ്ട്. പ്രതിനായകനായി വിനയ് റായിയുടേതും മികച്ച കാസ്റ്റിംഗും പ്രകടനവുമാണ്. 

ഒരു വലിയ താരം നായകനായി എത്തുമ്പോള്‍ സിനിമയുടെ ബാലന്‍സ് പല സംവിധായകര്‍ക്കും കൈമോശം വരാറുണ്ട്. അത്തരത്തിലുള്ള തോന്നല്‍ ഉളവാക്കുന്നതാണ് തുടക്കമെങ്കിലും ഭേദപ്പെട്ട ഒരു സിനിമാനുഭവമായി എതര്‍ക്കും തുനിന്തവനെ മാറ്റാന്‍ പാണ്ഡിരാജിന് ആയിട്ടുണ്ട്. 
ആത്യന്തികമായി പറയുന്ന വിഷയം പരിഗണിക്കുമ്പോളും കാഴ്ചയ്ക്ക് അര്‍ഹതയുള്ള ചിത്രമാണ് ഇത്. രണ്ട് വര്‍ഷത്തിനു ശേഷം തിയറ്ററുകളിലേക്കുള്ള തിരിച്ചുവരവ് സൂര്യ മോശമാക്കിയിട്ടില്ല.