സൂരിയും ദിവ്യയും ആദ്യം ഒരു രസക്കാഴ്ചയായിരുന്നെങ്കിൽ പിന്നീട് അവരുടെ വൈകാരിക യാത്രയ്ക്ക് ഒപ്പം കുടുങ്ങി പോവുകയാണ് പ്രേക്ഷകരും.

ഫഹദ് ഫാസിൽ നായകനായി തിയേറ്ററുകളിൽ എത്തിയ തെലുങ്ക് ഫാൻ്റസി- കോമഡി എൻ്റർടെയ്നർ ആണ് 'ഡോണ്ട് ട്രബിൾ ദി ട്രബിൾ'. മലയാളം- ഹിന്ദി പതിപ്പുകളും ഒപ്പം റിലീസായിട്ടുണ്ട്. പ്രൊമോഷൻ മെറ്റീരിയിലുകൾക്ക് ലഭിച്ച സ്വീകാര്യതയ്ക്ക് പുറമെ മഹേഷ് ബാബുവും ജൂനിയർ എൻടിആറുമൊക്കെ നൽകിയ പ്രശംസ കൊണ്ട് റിലീസിനു മുമ്പേ തന്നെ ചർച്ചയായ ചിത്രമാണിത്. തീർത്തും അപരിചിതരായ സൂരിയുടെയും ദിവ്യയുടെയും കഥ പറയുന്ന ചിത്രം കുട്ടികൾക്ക് ഒരുപാടിഷ്ടമാകും എന്ന് ഉറപ്പിച്ചു പറയാമെന്നിരിക്കെ മുതിർന്നവരെയും നിരാശപ്പെടുത്തില്ല. ഫഹദിനൊപ്പം ബാലതാരമായ സാറ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രം.

പണത്തിനായി അല്ലറ ചില്ലറ തരികിടകൾ കാണിച്ച് ജീവിക്കുന്ന ഫഹദിൻ്റെ സൂരി ഹൈദരാബാദിൽ ആമ്പുലൻസ് ഡ്രൈവറാണ്. അയാളുടെ ചില തട്ടിപ്പുകളൊക്കെ കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. പണത്തിനായി ചെയ്ത തട്ടിപ്പിലൊന്ന് പിടിക്കപ്പെട്ട് പ്രശ്നത്തിലാകുന്ന സൂരിക്ക് അത് പരിഹരിക്കാൻ വീണ്ടും പണമാവശ്യമായി വരുന്നു. അതോടെ കുട്ടികളെ തട്ടിക്കൊണ്ട് പോയി വീട്ടുകാരെ ഭീഷണിപ്പെടുത്തി പണമുണ്ടാക്കാം എന്നായി പദ്ധതി.

മാജിക് ഒരുപാട് ഇഷ്ടപ്പെടുന്ന ദിവ്യ വലുതാകുമ്പോൾ ഒരു മജീഷ്യനാകണം എന്നാണ് ആഗ്രഹിക്കുന്നത്. തൻ്റെ മാജിക്കിലൂടെ അച്ഛനും അമ്മയും അപ്രത്യക്ഷരായെന്നു വിശ്വസിച്ച് വീട്ടിലെ വളർത്തുനായ സ്നൂപ്പിക്കൊപ്പം അച്ഛനമ്മമാരെ തേടിയിറങ്ങുകയാണ് കുട്ടി. വഴിയിൽ നിന്ന് കളഞ്ഞു കിട്ടിയ ഒരു ബ്രേസ്ലെറ്റ് വഴി സൂരിക്ക് മാത്രമാണ് സ്നൂപ്പിക്ക് പുറമെ ദിവ്യയെ കാണാനാകുന്നത്. അവിടെ തുടങ്ങുകയാണ് സിനിമയിലെ ഫാൻ്റസി യാത്ര. സൂരി തൻ്റെ പ്രശ്നങ്ങൾക്ക് പരിഹാരമായി ദിവ്യയെ ഉപയോഗിക്കുന്നതും സൂരിയുടെ സഹായത്തിൽ ദിവ്യ അവളുടെ മാതാപിതാക്കളെ കണ്ടെത്തുന്നതുമാണ് പിന്നീടുള്ള കഥയെന്ന് ചുരുക്കി പറയാം. എന്നാൽ കോമഡിയുടെ അകമ്പടിയിൽ ഒരല്പം ഇമോഷ്ണലായി കണ്ടിരിക്കാവുന്ന ഫാൻ്റസി ജേർണിയാണ് 'ഡോണ്ട് ട്രബിൾ ദി ട്രബിൾ.'

നവാഗതനായ ശശാങ്ക് യെലേട്ടിയാണ് ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ സംവിധാനം ചെയ്തിരിക്കുന്നത്. ‘ബാഹുബലി’ ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്ക മീഡിയ വർക്ക്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. കലാമൂല്യമുള്ളതും പ്രേക്ഷക-നിരൂപക പ്രശംസകൾ നേടിയതുമായ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഭാവന സ്റ്റുഡിയോസിന്റെ ഭാവന റിലീസാണ് ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ കേരളത്തിലെ തിയേറ്ററുകളിലെത്തിച്ചിരിക്കുന്നത്.

ഫഹദിൻ്റെയും സാറയുടെയും ചാമും അഭിനയത്തിലെ അനായാസതയുമാണ് സിനിമയെ രസമുള്ള അനുഭവമാക്കുന്നത്. ഫഹദ് ഫാസിൽ തന്റെ പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സൂരിയും ദിവ്യയും ആദ്യം ഒരു രസക്കാഴ്ചയായിരുന്നെങ്കിൽ പിന്നീട് അവരുടെ വൈകാരിക യാത്രയ്ക്ക് ഒപ്പം കുടുങ്ങി പോവുകയാണ് പ്രേക്ഷകരും. സിനിമയുടെ മലയാളം ഡബ്ബ് തീർത്തും ആസ്വാദ്യകരമായെന്ന് വേണം പറയാൻ. പ്രേക്ഷകർക്ക് എളുപ്പം കണക്ട് ആകുന്ന ഫാമിലി ഇമോഷൻ ആണ് സിനിമയുടെ കോർ. 'ഫാൻ്റസി' എന്ന വാക്കിനോട് പരമാവധി നീതി പുലർത്തുന്ന സിജിഐ വർക്കുകളും കുട്ടി പ്രേക്ഷകർക്കൊപ്പം മുതിർന്നവരെയും തൃപ്തിപ്പെടുത്തും. കുട്ടികളെയും കൂട്ടി കുടുംബമായി ചെന്ന് ഹാപ്പിയായി ഒരു പടം കണ്ടിറങ്ങണോ.. എങ്കിൽ തീർച്ചയായും 'ഡോണ്ട് ട്രബിൾ ദി ട്രബിളി'നു ടിക്കറ്റെടുക്കാം.