സുനിൽ ഇബ്രാഹിം സംവിധാനം ചെയ്ത് സൈജു കുറുപ്പ് നായകനായി എത്തിയ ഒരു സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് 'ദി തേർഡ് മർഡർ'. നഗരത്തിലെ തുടർച്ചയായ കൊലപാതകങ്ങൾ അന്വേഷിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനിലൂടെയാണ് ഇതിലെ കഥ പുരോഗമിക്കുന്നത്.
പേടി എന്ന വികാരത്തെ മനുഷ്യർ പല രീതിയിലാണ് നിർവചിക്കുന്നത്. അത്തരത്തിൽ പേടിയുടെ നിർവചത്തെ മനുഷ്യന്റെ നിലനില്പുമായി ബന്ധപ്പെടുത്തി സുനിൽ ഇബ്രാഹിം സംവിധാനം ചെയ്ത ചിത്രമാണ് സൈജു കുറുപ്പ് നായകനായി എത്തിയ ദി തേർഡ് മർഡർ. റോയ്, അരികില്‍ ഒരാള്‍, ചാപ്‌റ്റേഴ്‌സ്, വൈ എന്നീ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രങ്ങൾക്ക് ശേഷം പുതിയ സിനിമയുമായി സുനിൽ ഇബ്രാഹിം വീണ്ടുമെത്തുമ്പോൾ പ്രേക്ഷകരും പ്രതീക്ഷയിലായിരുന്നു. അത്തരം പ്രതീക്ഷകളെയെല്ലാം തൃപ്തിപ്പെടുത്തുന്ന സിനിമാരംനുഭവം തന്നെയാണ് ദി തേർഡ് മർഡർ സമ്മാനിക്കുന്നത്.
പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു കൊലപാതദൃശ്യത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. നഗരത്തിൽ തുടർച്ചയായി രണ്ടാം കൊലപാതകം അരങ്ങേറിയതോട് കൂടി കൊലപാതകത്തിന് പിന്നിൽ ഒരു സൈക്കോ കൊലയാളി ആണെന്നും അടുത്ത കൊലപാതകം നടക്കുന്നതിന് മുൻപ് പ്രതിയെ പിടിക്കണമെന്നും പോലീസ് തീരുമാനമെടുക്കുന്നു. അന്വേഷണത്തിന്റെ ചുമതല ഏറ്റെടുക്കുന്നത് സൈജു കുറുപ്പ് അവതരിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ്. ചോര കണ്ടാൽ തലകറക്കം വരുന്ന മറ്റുള്ള പോലീസ് ഓഫീസർമാരിൽ നിന്നും വ്യത്യസ്‍തനായ സൈജു കുറുപ്പിന്റെ കഥാപാത്രത്തിന്റെ അന്വേഷങ്ങളിലൂടെയാണ് പ്രേക്ഷകനും സിനിമയിലേക്ക് ഇറങ്ങി ചെല്ലുന്നത്.
ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നതിലുപരി സൈക്കോളജിക്കൽ ത്രില്ലർ എന്ന ഴോണറിലാണ് ചിത്രം ഉൾക്കൊള്ളുന്നത്. എങ്ങനെ കൊലപാതകം അരങ്ങേറി എന്ന് ആദ്യം തന്നെ പ്രേക്ഷകന് മനസിലാക്കി കൊടുക്കുകയും ശേഷം കൊലപാതകത്തിലേക്ക് എത്താനുണ്ടായ കാരണങ്ങളും പ്രതിയുടെ മനസികാവസ്ഥകളുമാണ് ചിത്രം കൂടുതലായും ഫോക്കസ് ചെയ്യുന്നത്. അന്വേഷണം വഴിമുട്ടിനിൽക്കുമ്പോൾ മുൻപ് സർവീസിലുണ്ടായിരുന്ന, നിരവധി സൈക്കോ കേസുകൾ തെളിയിച്ചിട്ടുള്ള സ്വാമി എന്നയാളെ സഹായത്തിനായി കൂടെകൂട്ടുന്നതോടെ സിനിമയുടെ ട്രാക്ക് മൊത്തത്തിൽ മാറുന്നത് കാണാം. സ്വാമി എന്ന കഥാപാത്രമായി എത്തിയ ഇന്ദ്രൻസിന്റെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിലെ ഏറ്റവും വലിയ പോസ്റ്റിവുകളിൽ ഒന്ന്. കൂടാതെ വിനയ് ഫോർട്ട് അവതരിപ്പിച്ച കഥാപാത്രവും ഏറ്റവും മികച്ച രീതിയിൽ തന്നെ പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ട്.
പേടി എന്ന വികാരം ഓരോ മനുഷ്യരിലും എത്തരത്തിലാണ് പ്രവർത്തിക്കുന്നതെന്നും തങ്ങളുടെ പേടിയെ മറികടക്കാൻ എന്താണ് മനുഷ്യർ പ്രതിവിധിയായി കൈക്കൊള്ളുന്നതെന്നും സിനിമ അന്വേഷിക്കുന്നു. പലതരത്തിൽ ചിന്തിക്കുന്ന മനുഷ്യന്റെ മാനസികതലവും പ്രവർത്തികളും എത്തരത്തിലാണ് നിലകൊള്ളുന്നതെന്നും പ്രേക്ഷകരെന്ന നിലയിൽ സിനിമ അവസാനിക്കുമ്പോൾ ഞെട്ടലുളവാക്കുന്നു.
ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി, സജൽ സുദർശനൻ, അനന്യ, ലിയോണ, ഫറാ ഷിബിലാ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഓരോ കഥാപാത്രങ്ങളുടെയും മികച്ച പ്രകടനം തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റിവ്. സ്വരൂപ് ഫിലിപിന്റെ ഛായാഗ്രഹണവും മെജോ ജോസഫിന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ ആഴങ്ങളിലേക്കിറങ്ങി ചെല്ലാൻ പ്രേക്ഷകനെ വലിയ രീതിയിൽ സഹായിച്ചു.


