Asianet News MalayalamAsianet News Malayalam

യുവത്വത്തിന് ആഘോഷിക്കാൻ ഒരു ക്യാമ്പസ് ചിത്രം, ഒപ്പം തിരിച്ചറിവിനും- 'ഹയ' റിവ്യു

'ഹയ' എന്ന ചിത്രത്തിന്റെ റിവ്യു.

Haya malayalam film review
Author
First Published Nov 25, 2022, 5:21 PM IST

പുതുമുഖങ്ങളുടെ ആരവും ആഘോഷവുമാണ് 'ഹയ'. ഇരുപത്തിനാലോളം പുതുമുഖങ്ങള്‍ അഭിനയിച്ചരിക്കുന്ന ചിത്രം പുതുമ നിറഞ്ഞ ഒരു ദൃശ്യാനുഭവവുമാണ്. സമകാലീന സമൂഹം ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയവും 'ഹയ'യില്‍ പറഞ്ഞുവയ്ക്കുന്നു. യുവത്വത്തിനും കുടുംബ സിനിമാ പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിട്ടാണ് 'ഹയ' തിയറ്ററിലേക്ക് എത്തിയിരിക്കുന്നത്.

എഞ്ചിനീയറിംഗ് ബിരുദ വിദ്യാര്‍ഥിയായ 'വിവേക്' എന്ന യുവാവില്‍ കേന്ദ്രീകരിച്ചുനില്‍ക്കുന്ന ചിത്രമാണ് 'ഹയ'. ബാംഗ്ലൂരില്‍ നിന്ന് കൊച്ചിയില്‍ സെറ്റില്‍ഡാവുകയാണ് വിരമിച്ച പട്ടാള ഉദ്യോഗസ്ഥനായ 'നന്ദഗോപനും' ഭാര്യ 'ശാലിനി'യും മകൻ 'വിവേകും'. കൊച്ചിയിലെ കോളേജില്‍ തന്നെ 'വിവേകി'ന് അഡ്‍മിഷനും ശരിയാക്കുന്നു. 'വിവേകി'ന്റെ സ്വഭാവത്തില്‍ ഒരു നിഗൂഢത കലര്‍ത്തിയാണ് തുടക്കത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പുറമേ ശാന്തനെങ്കിലും കലങ്ങി മറിയുന്ന എന്തോ ഒരു ഭൂതകാലം 'വിവേകിനു'ണ്ടെന്ന ഓര്‍മപ്പെടുത്തലുകള്‍ 'നന്ദഗോപന്റെ'യും 'ശാലിനി'യുടെയും സംഭാഷണങ്ങളില്‍ നിന്ന് തുടക്കത്തിലേ പ്രേക്ഷകര്‍ക്ക് വ്യക്തമാകുന്നുണ്ട്. അത് എന്തെന്ന് ഒരു സസ്‍പെൻസായി ചിത്രത്തില്‍ പാതിയോളമുണ്ട്. ശാന്തനായ പ്രകൃതക്കാരനായ വിദ്യാര്‍ഥിയായി കൊച്ചിയില്‍ കലാലയ ജീവിതവുമായി മുന്നോട്ടുപോകുന്ന 'വിവേകി'ന്റെ ജീവിതത്തിലെ വിജയങ്ങളും പ്രണയവും പരാജയവും വഴിത്തിരിവുമെല്ലാം ഫ്ലാഷ്‍ബാക്കായി കഥ പറയുകയാണ് ചിത്രത്തില്‍.

Haya malayalam film review

പുതിയ തലമുറയുടെ തിന്മ നന്മകള്‍ ചിത്രത്തില്‍ പരിശോധിക്കുന്നു. പരാജയം അംഗീകരിക്കാൻ തയ്യാറാവാത്ത യുവ തലമുറയുടെ മനസിനെ വെളിപ്പെടുത്തുന്നുണ്ട് ചിത്രത്തില്‍. സൗഹൃദങ്ങളുടെ രസക്കാഴ്ചകളെ അടയാളപ്പെടുത്തുകയും ചെയ്യുന്നു 'ഹയ'. പ്രണയം നിഷേധിക്കപ്പെടുമ്പോള്‍ അത് പകയായി വളരാതിരിക്കാനുള്ള കരുതലായി മാറാനുള്ള ശ്രമമാണ് 'ഹയ'യുടെ സാമൂഹൃ ദൗത്യം.

വാസുദേവ് സനലാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന തരത്തിലാണ് വാസുദേവ് സനല്‍ 'ഹയ'യുടെ ചലച്ചിത്രാഖ്യാനം നിര്‍വഹിച്ചിരിക്കുന്നത്. പറയാനുദ്ദേശിച്ച കാലികപ്രസക്തിയുള്ള വിഷയം കേവലം ഉപദേശമാകാതെ സര്‍ഗാത്മകമായി അവതരിപ്പിച്ചിരിക്കുന്നു സംവിധായകൻ. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതി ആദ്യ തിരക്കഥയില്‍ തന്നെ വരവറിയിച്ചിരിക്കുന്നു.

Haya malayalam film review

പുതുമുഖമായ ഭരതാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പഴയ കലാലയത്തിലെ ഭൂതകാല ഓര്‍മകളുടെ വിഹ്വലതകളുണ്ടെങ്കിലും ആത്മവിശ്വാസത്തോടെ സഞ്ചരിക്കുന്ന 'വിവേകാ'യി പക്വതയോടെ പകര്‍ന്നാടിയിരിക്കുന്ന ഭരത്. സ്വയം മറക്കുന്ന ഭാവ മാറ്റത്തില്‍ 'വിവേകി'ന്റെ ആത്മസംഘര്‍ഷങ്ങളുടെയും പകയുടെയും ആവിഷ്‍ക്കാരം കൃത്യമായ അളവില്‍ ഭരതില്‍ പ്രകടമാകുന്നു. വിജയം മാത്രം ശീലമാക്കുകയും അതിനായി എന്തും ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന ബിരുദ വിദ്യാര്‍ഥിനിയായി ചൈതന്യ പ്രകാശും നിറഞ്ഞാടിയിരിക്കുന്നു. 'യമുന'യുടെ നിഷ്‍കളങ്കത വെള്ളിത്തിരയില്‍ അനുഭവപ്പെടുത്തുന്നു അക്ഷയ് ഉദയകുമാറിന്റെ ഭാവങ്ങള്‍. 'മിന്നല്‍ മുരളി'യിലെ 'ഷിബു'വായി മലയാളി പ്രേക്ഷകനെ അമ്പരപ്പിച്ച ഗുരു സോമസുന്ദരം മകന്റെ ഭാവിയോര്‍ത്ത് ആകുലപ്പെടുന്ന പിതാവിന്റെ റോള്‍ ഭംഗിയാക്കി. ഗുരു സോമസുന്ദരത്തിന്റെ ജോഡിയായി 'ശാലിനി'യുടെ വേഷത്തില്‍ ശ്രീധന്യയും മികവ് കാട്ടി. ജോണി ആന്റണി, ശ്രീകാന്ത് മുരളി, സംവിധായകൻ ലാല്‍ ജോസ്, ലയ സിംപ്‍സണ്‍ തുടങ്ങിയവരും അവരവരുടെ വേഷങ്ങള്‍ ഭംഗിയാക്കി.

Haya malayalam film review

ക്യാമ്പസിന്റെ ആഘോഷവും ചടുലതയുമെല്ലാം അതേ തീവ്രതയില്‍ പകര്‍ത്തുന്ന ഫ്രെയിമുകളാണ് ഛായാഗ്രാഹകൻ ജിജു സണ്ണിയുടേത്. പ്രമേയത്തോട് ചേരുന്ന തരത്തിലുള്ള ക്യാമറാ നോട്ടമാണ് ജിജു സണ്ണിയുടേത്. ക്യാമ്പസ് പ്രമേയമെങ്കിലും ചിത്രം ഫ്രഷ്‍നെസ് തോന്നിപ്പിക്കുന്നത് ജിജു സണ്ണിയുടെ ഛായാഗ്രാഹണ മികവിലൂടെയുമാണ്. അരുണ്‍ തോമസിന്റെ കട്ടുകളും ചിത്രം അര്‍ഹിക്കുന്ന തരത്തിലുള്ളതാണ്.

വരുണ്‍ സുനിലിന്റെ സംഗീതവും യുവത്വത്തിന്റെ വേഗതയും പ്രണയവും സംഘര്‍ഷങ്ങളും പ്രതീക്ഷകളുമെല്ലാം ആവിഷ്‍ക്കരിക്കുന്നതാണ്. മനു മഞ്‍ജിത്, പ്രൊഫ. പി എൻ ഉണ്ണികൃഷ്‍ണൻ പോറ്റി, ലക്ഷ്‍മി മേനോൻ എന്നിവരുടെ വരികള്‍ ഒറ്റ കേള്‍വിയില്‍ മാത്രമല്ല പിന്നീടും ഇഷ്‍ടം തോന്നുന്നതു തന്നെ. വിഷയത്തിന്റെ പ്രസക്തിയാലും ഒരു ക്യാമ്പസ് ചിത്രമെന്ന നിലയിലും തിയറ്റര്‍ കാഴ്‍ചയില്‍ അനുഭവിച്ചറിയേണ്ടതു തന്നെയാണ് 'ഹയ'. യുവത്വത്തിന്റെ ആരവമാണെങ്കിലും ഒരു തിരിച്ചറിവും സമ്മാനിച്ചാണ് 'ഹയ' ചലച്ചിത്രമെന്ന നിലയില്‍ സ്‍ക്രീനിലും കാഴ്‍ചയ്‍ക്കു ശേഷമുള്ള ആലോചനയിലും പ്രേക്ഷക മനസില്‍ പൂര്‍ത്തിയാകുന്നത്.

Read More: ആവേശം നിറച്ച് 'ഹ്വാരങ്: ദ പോയറ്റ് വാരിയര്‍ യൂത്ത്'- റിവ്യു

Follow Us:
Download App:
  • android
  • ios