രണ്ടാം ലോക മഹായുദ്ധകാലത്ത് പാപുവ ന്യൂ ഗിനിയയില്‍ വച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെയും കൊല്ലപ്പെടുകയോ കാണാതാവുകയും ചെയ്ത തദ്ദേശീയരുടെയും ചരിത്രം രേഖപ്പെടുത്തുകയാണ് പാപ്പാ ബുക്ക എന്ന സിനിമ. 

100 മിനിറ്റ് ദൈർഘ്യത്തില്‍ ഒട്ടും ബോറടിപ്പിക്കാത്ത, ഒരു പാപുവ ന്യൂ ഗിനിയ സംഗീതം പോലെ മനോഹരമായ സിനിമ. മലയാളിക്ക് സുപരിചിതനായ ഡോ. ബിജു സംവിധാനം ചെയ്ത പാപുവ ന്യൂ ഗിനിയ സിനിമയാണ് മുപ്പതാം കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐഎഫ്എഫ്കെ 2025) ലോക സിനിമ വിഭാഗത്തില്‍ പ്രദർശിപ്പിച്ച പാപ്പാ ബുക്ക (Papa Buka). പാപുവ ന്യൂ ഗിനിയയുടെ ചരിത്രത്തിലെ പ്രഥമ ഔദ്യോഗിക ഓസ്കാർ എന്‍ട്രി എന്ന നിലയില്‍ രാജ്യാന്തര പ്രാധാന്യം നേടിയ സിനിമ ആ കൊച്ചുരാജ്യത്തെ ആഗോളതലത്തില്‍ പ്രതിനിധാനം ചെയ്യാന്‍ തക്ക ദൃശ്യ, ശ്രാവ്യ കരുത്തിലാണ് സംവിധായകന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് സൈന്യത്തിനൊപ്പം സേവനം ചെയ്യാന്‍ പാപുവ ന്യൂ ഗിനിയയിലെത്തി മരണമടഞ്ഞ അനേകം ഇന്ത്യക്കാർക്കും യുദ്ധത്തില്‍ അകാലചരമം വരിച്ച പാപുവ ന്യൂ ഗിനിയയിലെ തദ്ദേശീയരുടെയും അറിയപ്പെടാത്ത കഥകളാണ് പാപ്പാ ബുക്ക എന്ന സിനിമ പറയുന്നത്.

ഏറ്റവും വൈവിധ്യം നിറഞ്ഞ രാജ്യം

ചരിത്രം എല്ലായിടത്തും അങ്ങനെയാണ്, അത് കുറേ മനുഷ്യരെ മറന്നുകളയും. ലോകത്ത് എല്ലാ തദ്ദേശീയ വിഭാഗങ്ങളും ഈ ചരിത്ര സത്യത്തിന്‍റെ ഇരകളാണ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇന്ത്യയും ഔഷ്യാനിയ രാജ്യമായ പാപുവ ന്യൂ ഗിനിയയും തമ്മിലൊരു ബന്ധമുണ്ടായിരുന്നു. പലയിടത്തും രേഖപ്പെടുത്താതെ പോയ ആ ഏടുകളിലുള്ളത് ആ കൊച്ചു ദ്വീപ് രാഷ്ട്രത്തില്‍ അന്ത്യംവരിച്ച എണ്ണം തിട്ടപ്പെടുത്താത്ത അനേകം ഇന്ത്യന്‍ സൈനികരുടെ പേരുകളാണ്. അവർക്ക് എന്ത് സംഭവിച്ചു എന്ന് അന്വേഷിക്കുന്ന രണ്ട് ഇന്ത്യന്‍ ചരിത്രകാരന്‍മാരായ റൊമീല ചാറ്റർജിയിലൂടെയും ആനന്ദ് കുഞ്ഞിരാമന്‍ എന്ന മലയാളിയിലൂടെയുമാണ് 1940-കളിലെ പാപുവ ന്യൂ ഗിനിയയുടെ ഇന്ത്യന്‍ ബന്ധം ഡോ. ബിജു പാപ്പാ ബുക്കയിലൂടെ പ്രതിപാദിക്കുന്നത്. ഇതിനൊപ്പം, ഇന്ത്യന്‍ സൈനികനായിരുന്ന മുത്തച്ഛന് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്തുകയും വേണം റൊമീല ചാറ്റർജിക്ക്. റൊമീലയെയും ആനന്ദിനെയും സഹായിക്കാനായി കൊക്കോഡ ട്രാക്ക് യുദ്ധത്തില്‍ പങ്കെടുത്ത വാർ വെറ്ററനായ പാപ്പാ ബുക്ക എത്തുന്നതോടെ പാപുവ ന്യൂ ഗിനിയയുടെ മനോഹരമായ ഭൂപ്രദേശങ്ങളിലൂടെ സിനിമ വികസിക്കുന്നു. മൂവരും അവരുടെ സാരഥിയായ ഡ്രൈവർക്കൊപ്പം പാപുവ ന്യൂ ഗിനിയയുലെ തദ്ദേശീയരുടെ ഒരു ഊരിലേക്ക് പോകുന്നു. അവിടുന്നുള്ള തിരിച്ചുവരവില്‍ കൊടും കാട്ടില്‍ വച്ച് അവർ ഒരു പ്രതിസന്ധി നേരിടുന്നു. റൊമീലയ്ക്ക് തന്‍റെ മുത്തച്ഛനെ കണ്ടെത്താനുള്ള അവസാന കച്ചിത്തുരുമ്പാണ് പാപ്പാ ബുക്ക എന്ന ആ വയോവൃദ്ധന്‍. എന്നാല്‍ പക്ഷേ...

പാപുവ ന്യൂ ഗിനിയയിലെ തദ്ദേശീയർ സല്‍ക്കാര പ്രിയരാണ്, സ്നേഹിക്കാന്‍ മാത്രമറിയുന്ന മണ്ണിന്‍റെ മക്കള്‍. റൊമീലയുടേയും ആനന്ദിന്‍റെയും വഴികാട്ടിയായ ആ പച്ച മനുഷ്യന് ഒടുവില്‍ സ്നേഹവായ്പുകള്‍ കൊണ്ട് യാത്രയയപ്പ് നല്‍കുകയാണ് അവർ. അയാള്‍ അർഹിച്ച യാത്രയപ്പ്. 

തദ്ദേശീയരാണ് ഭൂമിയുടെ യഥാർഥ ഉടമസ്ഥർ

ലോകത്ത് എല്ലായിടത്തും ഭൂമിയുടെ യഥാർഥ ഉടമസ്ഥർ തദ്ദേശീയരാണ്, എല്ലായിടത്തും അവർ നിഷ്ഠൂരമായ അടിച്ചമർത്തല്‍ നേരിട്ടു. പാപുവ ന്യൂ ഗിനിയയിലും സംഭവിച്ചത് അതുതന്നെയായിരുന്നു. ലോകത്തെ ഏറ്റവും വൈവിധ്യം നിറഞ്ഞ രാജ്യമെന്ന വിശേഷണം പേറുന്ന പാവുവ ന്യൂ ഗിനിയയെയും അവിടുത്തെ തദ്ദേശീയരുടെ ജീവിതവും ഏറെക്കാലം സംഘർഷനിബിഢമായിരുന്നു. ബോംബുകള്‍ പാറിവീഴുന്ന ഹെലികോപ്റ്ററുകളായിരുന്നു അവരുടെ പേടിസ്വപ്നം. യുദ്ധങ്ങള്‍ അവരിലെ കുറേ മനുഷ്യരെ എന്നന്നേക്കുമായി കൊണ്ടുപോയി. എല്ലാ യുദ്ധങ്ങളിലെയും പോലെ വിജയങ്ങളല്ല, പരാജയങ്ങള്‍ മാത്രമേ ആ മണ്ണിലും സംഭവിച്ചിട്ടുള്ളൂ എന്ന് അടിവരയിടുകയാണ് ഈ സിനിമ. പാപുവ ന്യൂ ഗിനിയയിലെ കാടുകളില്‍ അന്ത്യംവരിച്ച ഇന്ത്യന്‍ സൈനികരെ പോലെ, കൊല്ലപ്പെട്ട തദ്ദേശീയരുടെയും എണ്ണം വ്യക്തമല്ല. അവരെ കുറിച്ച് അന്വേഷിക്കുന്നതിനൊപ്പം സമാന്തരമായി, പാപുന ന്യൂ ഗിനിയ സംസ്കാരത്തെയും ജീവിതത്തെയും വിശദമായി ലോകത്തിന് പരിചയപ്പെടുത്തുകയാണ് പാപ്പാ ബുക്ക എന്ന സിനിമയില്‍ ഡോ. ബിജു. 

പാപുവ ന്യൂ ഗിനിയയുടെ സംസ്കാരവും ഭൂപ്രകൃതിയും അതിമനോഹരമായി പകർത്തിയ സിനിമയെന്ന നിലയില്‍ കാണികളെ പിടിച്ചിരുത്തുന്നുണ്ട് പാപ്പാ ബുക്ക. ഡോ. ബിജുവിന്‍റെ മുന്‍ ചിത്രങ്ങളിലെ പോലെ തന്നെ ലോകോത്തരം എന്ന് നിസംശയം പറയാവുന്ന ദൃശ്യപരിചരണമാണ് പാപ്പാ ബുക്കയുടെ കരുത്ത്. 

Asianet News Live | Kerala Local Body Election 2025 Results | Kerala Election Results | Result Day