ത്രില്ലര്‍ എന്ന നിലയില്‍ യഥാര്‍ഥ സംഭവങ്ങളെ ആസ്‌പദമാക്കി ഫാക്‌ടറി പശ്ചാത്തലത്തില്‍ സൃഷ്‌ടിച്ച സിനിമയായ ദി സെറ്റില്‍മെന്‍റ് 23 വയസുകാരനായ ഹൊസ്സാമിനെയും അവന്‍റെ അനിയനായ 12 വയസുകാരന്‍ മാരോയെയും ചുറ്റിപ്പറ്റിയുള്ളതാണ്.
മുഹമ്മദ് റഷാദിന്‍റെ ഈജിപ്ഷ്യൻ ചിത്രമായ 'ദി സെറ്റിൽമെന്‍റ്', ഫാക്‌ടറിയിലെ അപകടത്തിൽ അച്ഛൻ മരിച്ചതിനെ തുടർന്ന് അവിടെ ജോലിക്ക് കയറുന്ന ഹൊസ്സാം, മാരോ എന്നീ സഹോദരങ്ങളുടെ കഥ പറയുന്നു. അച്ഛന്‍റെ മരണത്തിലെ ദുരൂഹത, സഹപ്രവർത്തകരുടെ ശത്രുത, തൊഴിലാളിവർഗത്തിന്‍റെ അതിജീവനം, പ്രതികാരം എന്നിവയ്‌ക്കിടയിൽ ഫാക്‌ടറിയിൽ മറ്റൊരു ദുരന്തം കൂടി സംഭവിക്കുന്നതാണ് സിനിമയുടെ പ്രമേയം.
വര്‍ക്കിംഗ് ക്ലാസ് ജീവിതവും ഒരു മരണവും പ്രതികാരവും പ്രമേയമാകുന്ന ഈജിപ്ഷ്യന്‍ സ്ലോ-പേസ് ത്രില്ലര്‍ സിനിമയാണ് മുഹമ്മദ് റഷാദ് സംവിധാനം ചെയ്‌ത കന്നി ഫീച്ചര്‍ ഫിലിമായ 'ദി സെറ്റില്‍മെന്‍റ്' (The Settlement / Al mosta'mera). വര്‍ക്ക്-പ്ലേസ് ഫീച്ചര്‍ എന്ന നിലയില്‍ യഥാര്‍ഥ സംഭവങ്ങളെ ആസ്‌പദമാക്കി ഫാക്‌ടറി പശ്ചാത്തലത്തില്‍ സൃഷ്‌ടിച്ച സിനിമയായ ദി സെറ്റില്‍മെന്‍റ് 23 വയസുകാരനായ ഹൊസ്സാമിനെയും (Adham Shukr) അവന്‍റെ അനിയനായ 12 വയസുകാരന്‍ മാരോയെയും (Ziad Islam) ചുറ്റിപ്പറ്റിയുള്ളതാണ്. പ്രൊഫഷണല്‍ അഭിനയതാക്കള്‍ അല്ലാതിരുന്നിട്ടും ഇരുവരുടെയും ‘റോ’ പ്രകടനം ശ്രദ്ധേയമാണ്. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ അന്താരാഷ്‌ട്ര മത്സര വിഭാഗത്തിലാണ് ദി സെറ്റില്‍മെന്‍റ് പ്രദര്‍ശിപ്പിച്ചത്. 94 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. അറബിക് ഭാഷയിലുള്ള 'ദി സെറ്റില്‍മെന്‍റ്' ഈജിപ്‌ത്, ഫ്രാന്‍സ്, ജര്‍മ്മനി, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ കോ-പ്രൊഡക്ഷനിലുള്ള സിനിമയാണ്.
ഹൊസ്സാമും മാരോയും
ഈജിപ്‌തിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ അലക്‌സാണ്ട്രിയയില്‍ അരികുവല്‍ക്കരിക്കപ്പെട്ട് ജീവിക്കുന്നവരാണ് 23 വയസുള്ള യുവാവായ ഹൊസ്സാമിന്‍റെ കുടുംബം. ജോലി ചെയ്യുന്ന പ്രാദേശിക ഫാക്‌ടറിയില്‍ വച്ച് ഹൊസ്സാമിന്‍റെ പിതാവ് കുറച്ച് നാളുകള്‍ മുമ്പ് ഒരു അപകടത്തില്‍ മരണമടഞ്ഞിരുന്നു. ജോലി സ്ഥലത്ത് വച്ച് പിതാവ് മരണപ്പെട്ടതില്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം നഷ്‌ടപരിഹാരം (സെറ്റില്‍മെന്‍റ്) എന്നോളം ആ ജോലി മൂത്ത മകനായ ഹൊസ്സാമിന് ഫാക്‌ടറി നല്‍കുകയാണ്. ഭിന്നശേഷിക്കാരിയായ ഉമ്മയുടെയും, 12 വയസുകാരനായ അനിയന്‍റെയും പൂര്‍ണ ഉത്തരവാദിത്തം, അതുവരെ ഒരു 'തല്ലിപ്പൊളിയായി' നടന്ന ഹൊസ്സാം ഏറ്റെടുക്കുന്നു. ഹൊസ്സാമിന് ഒപ്പം ഫാക്‌ടറിയില്‍ ജോലി ചെയ്യാന്‍ അനിയന്‍ മാരോ വാശിപിടിക്കുന്നു. ഒപ്പം വരാന്‍ അനുവദിച്ചില്ലെങ്കില്‍ ആക്രമിക്കുമെന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തുന്നു. എന്നാല്‍ ഹൊസ്സാം മാരോയുടെ ആവശ്യം നിരാകരിക്കുന്നു. ഒടുവില്‍ ഉമ്മ ഇടപെട്ട് ഹൊസ്സാമിന് ഒപ്പം ഫാക്‌ടറിയിലേക്ക് പോകാന്‍ മാരോയെ അനുവദിക്കുകയാണ്.
ഫാക്‌ടറിയില്‍ എത്തുന്ന ഹൊസ്സാമിനെയും മാരോയെയും അവിടുത്തെ തൊഴിലാളികള്‍ അത്ര ശുഭകരമായ രീതിയിലല്ല സ്വാഗതം ചെയ്‌തത്. ജോലിക്കിടെ മുതല്‍ ഭക്ഷണശാലയില്‍ വരെ അവര്‍ അപമാനം നേരിടുന്നു. ഹൊസ്സാമിന്‍റെയും മാരോയുടെയും പിതാവിന്‍റെ മരണത്തിന് ഭാഗികമായി ഉത്തരവാദിയായ മോസ്‌തഫയും അക്കൂട്ടത്തിലുണ്ട്. ഹൊസ്സാമും മാരോയും പ്രതികാരം ചെയ്യാന്‍ വന്നതാകുമോ എന്ന ആശങ്കയാണ് ഫാക്‌ടറിയിലെ മറ്റ് തൊഴിലാളികള്‍ക്ക്. തങ്ങളുടെ പിതാവിന്‍റെ അപകട മരണം യാഥര്‍ശ്ചികമായി തന്നെ സംഭവിച്ചതാണോ എന്ന സംശയം ഹൊസ്സാമിലും മാരോയിലും ഉടലെടുക്കുന്നു. ഇതിനിടെ, ഹൊസ്സാമിന്‍റെ സഹായിയായി മാരോയും അവിടെ പണിയാരംഭിക്കുന്നു. ഹൊസ്സാമിന്‍റെ ലഹരി ഇടപാടുകളും ഇടയ്‌ക്ക് പുറത്തുവരുന്നുണ്ട്. ആധികള്‍ക്കിടെയും ഹൊസ്സാം ആ ഫാക്‌ടറിയിലെ തന്നെ ഒരു യുവതിയുമായി സ്നേഹബന്ധത്തിലാവുന്നതും ഇടയ്‌ക്ക് കാണാം. എന്നാല്‍ ആ പ്രണയത്തിലേക്ക് സംവിധായകന്‍ ആഴത്തില്‍ പോകുന്നില്ല. ആ ഫാക്‌ടറിയുടെ ചുമതലക്കാരും മറ്റ് തൊഴിലാളികളും ഹൊസ്സാമും മാരോയുമായുള്ള ബന്ധം മെച്ചപ്പെടുത്തി വന്നപ്പോഴേക്കും ഒരു അവിചാരിത ദുരന്തം ആ ഫാക്‌ടറിക്കുള്ളില്‍ സംഭവിക്കുകയാണ്. വീണ്ടും ദാരുണമായ ഒരു മരണം.
യാഥാര്‍ഥ്യബോധമുള്ള സൃഷ്‌ടി
ദൃശ്യങ്ങള്‍ക്കപ്പുറം സംഭാഷണങ്ങളില്‍ കേന്ദ്രീകൃതമായ സിനിമയാണ് ദി സെറ്റില്‍മെന്‍റ്. ഹൊസ്സാം, മാരോ, അവരുടെ മാതാവ് എന്നിവരുടെ ജീവിതത്തിലൂടെ അരികുവല്‍ക്കരിക്കപ്പെട്ട ഈജിപ്ഷ്യന്‍ ജീവിതങ്ങളെ സംവിധായകന്‍ മുഹമ്മദ് റഷാദ് തുറന്നുകാട്ടുന്നു. വര്‍ക്കിംഗ് ക്ലാസ് ജീവിതങ്ങളുടെ ബദ്ധപ്പാടുകള്‍ ആദ്യാവസാനം സിനിമയില്‍ സജീവമാണ്. പശ്ചാത്തലത്തില്‍ ഫോക്കസ്‌ഔട്ടായ നഗരം സിനിമയുടെ കഥാപരിസരത്തെ വ്യക്തമായി സൂചിപ്പിക്കുന്നതാണ്. അനിവാര്യമായ ധാർമ്മിക ഇടപെടല്‍, അപകടകരമായ തൊഴിൽ സാഹചര്യങ്ങളിലെ പോരാട്ടങ്ങളുടെ ചിത്രീകരണം എന്നിവയും സാമൂഹ്യനീതിക്കായുള്ള പ്രതിബദ്ധതയും ദി സെറ്റില്‍മെന്‍റിനെ ശ്രദ്ധേയമാക്കുന്നു. പന്ത്രണ്ട് വയസ് മാത്രമുള്ള മാരോ ജോലി ചെയ്യാന്‍ നിര്‍ബന്ധിതനാവുന്നതിലൂടെ ബാലവേലയും ദി സെറ്റില്‍മെന്‍റ് പ്രശ്നവല്‍ക്കരിച്ചിട്ടുണ്ട്. കഥാപരിസരത്തിലെ വ്യക്തതയും ലളിതമായ ആഖ്യാനവും അഭിനയതാക്കളുടെ അസാധ്യ പ്രകടനവും കുറഞ്ഞ ദൈര്‍ഘ്യവും ദി സെറ്റില്‍മെന്‍റിനെ കാച്ചിക്കുറുക്കിയ ചലച്ചിത്ര സൃഷ്‌ടിയാക്കുന്നു.



