സംവിധായകന്‍ എന്ന നിലയില്‍ പ്രതീക്ഷ പകരുന്ന അരങ്ങേറ്റമാണ് അഭിജിത്ത് ജോസഫിന്‍റേത്

എസിപി ആര്യന്‍ ജോണ്‍ ജേക്കബും (മുംബൈ പൊലീസ്) ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിമും (ഇടി) ഒക്കെയാണ് ജയസൂര്യയുടെ പൊലീസ് വേഷങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസിലേക്ക് ആദ്യമെത്തുന്ന ചില കഥാപാത്രങ്ങള്‍. ആ ശ്രേണിയിലേക്ക് ഇടംപിടിക്കാവുന്ന ഒരു ശ്രദ്ധേയ പൊലീസ് കഥാപാത്രമാണ് ജോണ്‍ ലൂഥറും (John Luther). തൊഴിലിന് ജീവിതത്തില്‍ മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കുന്ന, എപ്പോഴും കര്‍മ്മനിരതനായ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍. നിത്യജീവിതത്തിനിടെ മുന്നിലെത്തുന്ന, ഒറ്റനോട്ടത്തില്‍ സാധാരണമെന്ന് തോന്നിപ്പിക്കുന്ന ഒരു കേസിനു പുറകെ ജോണ്‍ ലൂഥര്‍ നടത്തുന്ന അന്വേഷണയാത്രയാണ് ചിത്രത്തിന്‍റെ പ്രമേയം. മുന്നോട്ട് പോകുന്തോറും നി​ഗൂഢത പെരുകിവരുന്ന ആ കേസ് അയാളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നുണ്ട്.

മലയാള സിനിമയിലെ ആകെ പൊലീസ് നായകന്മാരെ എടുത്താല്‍ മാസ് ഡയലോഗുകള്‍ പറയുന്ന, എതിരാളിയെ അടിച്ചു തോല്‍പ്പിക്കുന്നവതില്‍ ലഹരി കണ്ടെത്തുന്നവരാവും കൂടുതലും. എന്നാല്‍ സ്വന്തം കഴിവില്‍ വിശ്വാസമുള്ള, വാചക കസര്‍ത്തുകള്‍ക്ക് താല്‍പര്യമില്ലാത്ത ആളാണ് ജോണ്‍ ലൂഥര്‍. അന്വേഷണത്തിനിടെ ഏല്‍ക്കുന്ന ഒരു പരിക്കാണ് ജയസൂര്യയുടെ മറ്റു പൊലീസ് കഥാപാത്രങ്ങളില്‍ നിന്ന് ജോണ്‍ ലൂഥറിനെ പ്രധാനമായും വേറിട്ടുനിര്‍ത്തുന്ന ഘടകം. കേസന്വേഷണത്തിനിടെ ശ്രവണവൈകല്യം സംഭവിക്കുന്ന അയാള്‍ പിന്നീട് കേള്‍വി സഹായി ഉപയോഗിച്ചാണ് ഔദ്യോഗികജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. മിടുക്കനായ ഒരു പൊലീസ് ഓഫീസര്‍ക്ക് ഒരു നിര്‍ണ്ണായക കേസിന്‍റെ അന്വേഷണത്തിനിടെ നേരിടുന്ന ഈ വെല്ലുവിളിയെ അയാള്‍ എങ്ങനെ അതിജീവിക്കും എന്ന കൌതുകമാണ് കഥപറച്ചിലിനെ മുന്നോട്ടു നയിക്കുന്നത്. ശാരീരികമോ മാനസികമോ ആയ പ്രത്യേകതകളുള്ള കഥാപാത്രങ്ങളെ ജയസൂര്യ മുന്‍പും മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. അതിന്‍റെ തുടര്‍ച്ചയാവുന്നുണ്ട് ജോണ്‍ ലൂഥറും. ജയസൂര്യയെ ഈ ചിത്രത്തിലേക്ക് നയിച്ചതു തന്നെ കഥാപാത്രത്തിന്‍റെ ഈ പ്രത്യേകതയാണെന്ന് തോന്നുന്നു.

ഹൈറേഞ്ചിലെ ഒരു വിജനപാതയില്‍ ഒരു രാത്രി സംഭവിക്കുന്ന അപകടത്തില്‍ നിന്ന് ആരംഭിക്കുന്ന ചിത്രം വളരെ സ്വാഭാവികമായി ഒരു ത്രില്ലര്‍ സ്വഭാവത്തിലേക്ക് എത്തുകയാണ്. അതിനായി നാടകീയതകളെയൊന്നും സംവിധായകന്‍ ആശ്രയിക്കുന്നില്ല. നവാഗതനായ അഭിജിത്ത് ജോസഫ് ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. റോബി വര്‍ഗീസ് രാജിന്‍റെ ഛായാഗ്രഹണവും ഷാന്‍ റഹ്‍മാന്‍ നല്‍കിയിരിക്കുന്ന പശ്ചാത്തല സംഗീതവും ചിത്രത്തിന്‍റെ ത്രില്ലര്‍ മൂഡ് നിലനിര്‍ത്താന്‍ സംവിധായകനെ ഏറെ സഹായിച്ചിട്ടുണ്ട്. അതിനാടകീയതയിലേക്ക് ഒരിക്കല്‍പ്പോലും പോവാതെ, അതേസമയം അപ്രതീക്ഷിതമായതെന്തോ ഒന്ന് വരാനിരിക്കുന്നുവെന്ന് തോന്നലുളവാക്കുന്നുണ്ട് റോബി വര്‍ഗീസിന്‍റെ ഫ്രെയ്മുകളും നല്‍കിയിരിക്കുന്ന കളര്‍ പാലറ്റും. ഷാന്‍ റഹ്‍മാന്‍ നല്‍കിയിരിക്കുന്ന ബിജിഎം വേണ്ടിടത്ത് മാത്രം ലൌഡും അല്ലാത്തിടത്ത് മിനിമലുമാണ്. 

ജയസൂര്യയിലെ പരിചയസമ്പന്നനായ അഭിനേതാവിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമല്ല ജോണ്‍ ലൂഥര്‍. അതേസമയം ശ്രദ്ധിച്ചു ചെയ്തില്ലെങ്കില്‍ പാളിപ്പോകാവുന്ന നായകന് സൂക്ഷ്മതയോടെ ഭാവം പകര്‍ന്നിട്ടുണ്ട് ജയസൂര്യ. ആത്മീയ രാജന്‍ നായികയായ ചിത്രത്തില്‍ സിദ്ദിഖ്, ദീപക് പറമ്പോല്‍, ശിവദാസ് കണ്ണൂര്‍, ദൃശ്യ രഘുനാഥ്, സെന്തില്‍ കൃഷ്ണ, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തിന്‍റെ അവതരണമാണ് രണ്ടാം പകുതിയില്‍ ചിത്രത്തെ പിടിച്ചിരുത്തുന്ന അനുഭവമാക്കി മാറ്റുന്നത്. 

ഒടിടി വിപ്ലവത്തോടെ സിനിമകളായും സിരീസുകളായും പ്രേക്ഷകര്‍ ഏറ്റവുമധികം കാണുന്ന ഴോണര്‍ ത്രില്ലര്‍ ആണ്. ആയതിനാല്‍ത്തന്നെ ഒരു മലയാളി സംവിധായകനും നിലവില്‍ ഏറ്റവുമധികം വെല്ലുവിളി നേരിടുന്നത് ത്രില്ലര്‍ ഒരുക്കുമ്പോഴാണ്. നാനാവിധത്തിലുള്ള താരതമ്യങ്ങള്‍ സംഭവിക്കും എന്നതാണ് അത്. എന്നാല്‍ സംവിധായകന്‍ എന്ന നിലയില്‍ പ്രതീക്ഷ പകരുന്ന അരങ്ങേറ്റമാണ് അഭിജിത്ത് ജോസഫിന്‍റേത്. ഉടനീളം കാത്തുസൂക്ഷിച്ചിരിക്കുന്ന സാങ്കേതിക മേന്മ എടുത്തുപറയേണ്ടുന്ന ഒന്നാണ്.