Asianet News MalayalamAsianet News Malayalam

Kaduva Movie Review : ഷാജി കൈലാസ് റിട്ടേണ്‍സ്; കടുവ റിവ്യൂ

എട്ട് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം

kaduva malayalam movie review prithviraj sukumaran shaji kailas
Author
Thiruvananthapuram, First Published Jul 7, 2022, 4:38 PM IST

കോടി ക്ലബ്ബുകള്‍ക്കു പകരം തിയറ്ററുകളിലെ പ്രദര്‍ശന ദിനങ്ങളുടെ എണ്ണം നിര്‍മ്മാതാക്കള്‍ പോസ്റ്ററുകളില്‍ ഉപയോ​ഗിച്ചിരുന്ന കാലത്ത് എണ്ണം പറഞ്ഞ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് ഷാജി കൈലാസ് (Shaji Kailas). മാസ് എന്ന വാക്ക് സിനിമാ ചര്‍ച്ചകളിലാണെങ്കില്‍ ഷാജി കൈലാസ് എന്ന പേര് പുതുതലമുറ സിനിമാപ്രേമികളും ഒഴിവാക്കാറില്ല. എട്ട് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് കടുവ (Kaduva). ടൈറ്റില്‍ കഥാപാത്രമായി അഭിനയിച്ചിരിക്കുന്നതും ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും (ലിസ്റ്റിന്‍ സ്റ്റീഫനൊപ്പം) പൃഥ്വിരാജ് (Prithviraj Sukumaran). തിയറ്ററുകളില്‍‍ പ്രേക്ഷകര്‍ കുറയാനുള്ള ഒരു കാരണം റിയലിസ്റ്റിക് സിനിമകള്‍ കളം പിടിച്ചതോടെ മാസ് മസാല സിനിമകള്‍ അന്യംനിന്നതാണെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് കടുവയുടെ വരവ്. 

തൊണ്ണൂറുകളിലെ പാലായാണ് കടുവയുടെ കഥാപശ്ചാത്തലം. പ്ലാന്‍ററും വ്യവസായിയുമായ കടുവാക്കുന്നേല്‍ കുര്യച്ചനാണ് പൃഥ്വിരാജിന്‍റെ നായക കഥാപാത്രം. അധികാര കേന്ദ്രങ്ങള്‍ക്ക് കീഴ്‍പ്പെട്ട് ജീവിക്കാന്‍ കഴിയാത്ത, തനിക്ക് ശരികേടുകളെന്ന് തോന്നുന്നവ ഉറച്ച് വിളിച്ചു പറയുന്ന, അതിനാല്‍ത്തന്നെ പൊലീസിലും ഇടവകയിലുമൊക്കെ വേണ്ടത്ര ശത്രുക്കളെ സമ്പാദിച്ചിട്ടുള്ളയാളാണ് കടുവാക്കുന്നേല്‍ കോരുതിന്റെ മകന്‍. തന്നോട് നേര്‍ക്കുനേര്‍ എതിരിടാന്‍ വന്നിട്ടുള്ള ശത്രുക്കളെ ഉശിരോടെ നിന്ന് പൊരുതി തോല്‍പ്പിച്ച കുര്യച്ചന് നാട്ടുകാര്‍ നല്‍കിയ വിളിപ്പേരാണ് കടുവ. നാട്ടിലെ മറ്റൊരു പ്രമാണിയും പൊലീസ് ഐജിയുമായ ജോസഫ് ചാണ്ടിയുമായി (വിവേക് ഒബ്റോയ്) സംഭാഷണമധ്യെ ഒരിക്കല്‍ യാദൃശ്ചികമായി ഉണ്ടാവുന്ന ഈഗോ ക്ലാഷ് ഇരുവര്‍ക്കുമിടയിലെ അവസാനിക്കാത്ത സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിടുകയാണ്. സമ്പന്നനായ യുവ വ്യവസായിക്കും അതേ നാട്ടുകാരന്‍ തന്നെയായ ഐജിക്കുമിടയില്‍ രൂപപ്പെടുന്ന സംഘര്‍ഷത്തില്‍ പൊലീസ് സേനയും സര്‍ക്കാരും ഭരണപാര്‍ട്ടിയും നാട്ടുകാരുമൊക്കെ നേരിട്ടോ അല്ലാതെയോ പങ്കാളികളാവുന്നതോടെ അതിന്‍റെ കളം വളരുകയാണ്. അന്തിമവിജയം ആര്‍ക്കെന്ന ചോദ്യവുമായി കുര്യച്ചനും ജോസഫ് ചാണ്ടിക്കുമിടയില്‍ സംഭവിക്കുന്ന അടി 2 മണിക്കൂര്‍ 35 മിനിറ്റില്‍ സ്ക്രീനില്‍ എത്തിച്ചിരിക്കുകയാണ് ഷാജി കൈലാസ്.

kaduva malayalam movie review prithviraj sukumaran shaji kailas

 

എട്ട് വര്‍ഷത്തിനു ശേഷം തിരിച്ചെത്തുമ്പോള്‍, ഒരുകാലത്ത് പ്രേക്ഷകരുടെ പള്‍സ് മറ്റാരെക്കാളും അറിഞ്ഞിരുന്ന ഷാജി കൈലാസിലെ സംവിധായകന്‍ ആത്മവിശ്വാസത്തോടെ കാണപ്പെടുന്നു എന്നതാണ് കടുവയുടെ പ്രാഥമികമായ കാഴ്ചാനുഭവം. ഛായാഗ്രാഹകനായി അഭിനന്ദന്‍ രാമാനുജവും സംഗീത സംവിധായകനായി ജേക്സ് ബിജോയിയും ഉള്‍പ്പെടെ ഒരു മികച്ച സംഘത്തെയുമാണ് ഷാജിക്ക് ലഭിച്ചത്. ലഭ്യമായതില്‍ നിന്ന് തനിക്ക് ഏറ്റവും മികച്ച ഔട്ട്പുട്ട് ഉണ്ടാക്കിയെടുക്കാന്‍ ഷാജി കൈലാസിന് കഴിഞ്ഞിട്ടുണ്ട്. ഷാജി കൈലാസ് തന്‍റെ കരിയറില്‍ ഏറ്റവുമധികം ഹിറ്റുകള്‍ ഒരുക്കിയ തൊണ്ണൂറുകള്‍ തന്നെയാണ് കടുവയുടെ കഥാപശ്ചാത്തലം. എന്നാല്‍ മാസ് സിനിമകള്‍ കൂടുതല്‍ സംഭാഷണപ്രധാനമായിരുന്ന ആ കാലത്തുനിന്ന് കാഴ്ചയ്ക്കും സാങ്കേതികമികവിനും പ്രാധാന്യമുള്ള പുതിയ കാലത്തേക്കുള്ള ആ ഷിഫ്റ്റ് നന്നായി തിരിച്ചറിഞ്ഞ് പെരുമാറിയിട്ടുണ്ട് ഷാജി കൈലാസിലെ സംവിധായകന്‍. 

നായകനും പ്രതിനായകനുമിടയിലുള്ള ഈഗോ ക്ലാഷ് ആണ് മിക്ക മാസ് സിനിമകളുടെയും അടിസ്ഥാന കഥാവസ്തു. പൃഥ്വിരാജിന്‍റെ തന്നെ അയ്യപ്പനും കോശിയും അതിന് ഉത്തമ ഉദാഹരണവുമാണ്. കഥാപാത്രത്തിന്‍റെ അപ്പിയറന്‍സിലെ സാമ്യം കൊണ്ടുകൂടി, കടുവ കണ്ടിരിക്കെ ആ ചിത്രം പ്രേക്ഷകരില്‍ പലരുടെയും മനസിലേക്ക് എത്തിയേക്കാം. എന്നാല്‍ പ്രദേശത്തെ നന്നായി അടയാളപ്പെടുത്തുന്ന, മുഖ്യ കഥാപാത്രങ്ങള്‍ക്കിടയിലെ ശത്രുതയ്ക്ക് യുക്തിസഹമായ കാരണം നിരത്തുന്ന തിരക്കഥയാണ് ജിനു വി എബ്രഹാമിന്‍റേത് എന്നതിനാല്‍ കടുവ അതിന്‍റേതായ വ്യക്തിത്വം കണ്ടെത്തുന്നുണ്ട്. ജിനുവിന്‍റെ തിരക്കഥയില്‍ ഷാജി കൈലാസിലെ മേക്കറുടെ പൊട്ടന്‍ഷ്യല്‍ മുന്നില്‍ക്കണ്ട പൃഥ്വിരാജ് കൈയടി അര്‍ഹിക്കുന്നുണ്ട്.

kaduva malayalam movie review prithviraj sukumaran shaji kailas

 

പൃഥ്വിരാജിനെ സംബന്ധിച്ച് വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമല്ല കുര്യച്ചന്‍. എന്നാല്‍ അപ്പിയറന്‍സിലെ സാമ്യം കൊണ്ട് തന്‍റെ തന്നെ പല മുന്‍ കഥാപാത്രങ്ങളുമായും സാമ്യം തോന്നാവുന്ന കുര്യച്ചനെ പ്രകടനം കൊണ്ട് വേറിട്ടുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട് പൃഥ്വിരാജിന്. ലൂസിഫറിലെ ബോബിയുമായി തട്ടിച്ചുനോക്കുമ്പോള്‍ അത്രയും ആഴമുള്ള കഥാപാത്രമല്ല വിവേക് ഒബ്റോയിയുടെ ഐജി ജോസഫ് ചാണ്ടി. അതേസമയം അത്രയും താരമൂല്യമുള്ള ഒരാളെ കൊണ്ടുവന്നാലേ ആ കഥാപാത്രവും സിനിമ തന്നെയും വര്‍ക്കാവൂ എന്ന കണ്ടെത്തലും മികച്ചതാണ്. തോമസ് ചാണ്ടിയുടെ അമ്മ വേഷത്തിലെത്തിയ സീമ, കുര്യച്ചന്‍റെ മുന്‍ അധ്യാപകനും സന്തത സഹചാരിയുമായ പുന്നൂസ് (അലന്‍സിയര്‍) എന്നിവരാണ് ചിത്രത്തിലെ മറ്റു ശ്രദ്ധേയ താരനിര്‍ണ്ണയങ്ങള്‍.

ഏത് ഗണത്തില്‍ പെടുന്ന സിനിമകള്‍ക്കും അത് അര്‍ഹിക്കുന്ന ദൃശ്യഭാഷ നല്‍കാന്‍ തനിക്കുള്ള പ്രതിഭ അഭിനന്ദന്‍ രാമാനുജം എന്ന യുവ ഛായാഗ്രാഹകന്‍ ഒരിക്കല്‍ക്കൂടി തെളിയിക്കുന്ന സിനിമയാണ് കടുവ. മാസ് സിനിമകള്‍ക്ക് മുന്‍പ് മികച്ച ദൃശ്യാഖ്യാനങ്ങള്‍ ഒരുക്കിയിട്ടുള്ള ഷാജി കൈലാസ് യുവനിരയിലെ ശ്രദ്ധേയ ഛായാഗ്രാഹകനുമായി ഒന്നിക്കുന്ന ചിത്രം എന്നതും കടുവയുടെ യുഎസ്‍പി ആണ്.  അഭിനന്ദന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ നാലാം ചിത്രം കൂടിയാണ് ഇത് (നയന്‍, കുരുതി, ബ്രോ ഡാഡി എന്നിവ മുന്‍ചിത്രങ്ങള്‍). അതുപോലെ പൃഥ്വിരാജ് ഭാഗഭാക്കാവുന്ന ചിത്രങ്ങളുടെ സംഗീത മേഖലയിലെ സ്ഥിരം സാന്നിധ്യമായി ജേക്സ് ബിജോയി‍യും തുടരുകയാണ്. 2.35 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തെ ആദ്യന്തം എന്‍ഗേജിംഗ് ആക്കി നിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച രണ്ട് ഘടകങ്ങള്‍ അഭിനന്ദന്‍റെ ക്യാമറയും ജേക്സിന്‍റെ സ്കോറിംഗുമാണ്.

kaduva malayalam movie review prithviraj sukumaran shaji kailas

 

അവകാശവാദങ്ങള്‍ ഒന്നും നിരത്താതെ എത്തിയ സിനിമയാണ് കടുവ. ഒരു മാസ് ചിത്രത്തിന്‍റെ എല്ലാ ചേരുവകളുമുള്ള ഒരു ചിത്രം കാലത്തിനനുസരിച്ച് അപ്ഡേറ്റഡ് ആയി അവതരിപ്പിക്കാനായി എന്നതില്‍ ഷാജി കൈലാസിന് അഭിമാനിക്കാന്‍ വക നല്‍കുന്ന സിനിമയാണിത്. ഇതര ഭാഷകളില്‍ നിന്ന് കെജിഎഫും ആര്‍ആര്‍ആറും വിക്രവുമൊക്കെയെത്തി പണം വാരി പോകുമ്പോള്‍ ഭൂരിഭാഗം മലയാള സിനിമകള്‍ക്കും എന്തുകൊണ്ട് പ്രേക്ഷകരില്ല എന്ന ചോദ്യം മുഴങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ചിത്രം എത്തിയിരിക്കുന്നത്. ചലച്ചിത്രപ്രവര്‍ത്തകരുടെ നിഗമനങ്ങളെ കടുവ സ്വാധീനിക്കുമോ എന്ന് കണ്ടറിയാം. 

ALSO READ : ഇന്ത്യൻ സൂപ്പർ ഹീറോ ബി​ഗ് സ്ക്രീനിൽ; 'ശക്തിമാനാ'വാന്‍ രൺവീർ സിംഗ്?

Follow Us:
Download App:
  • android
  • ios