Asianet News MalayalamAsianet News Malayalam

സ്‍ത്രീയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ 'അറിയിപ്പ്'- റിവ്യു

'അറിയിപ്പ്' എന്ന ചിത്രത്തിന്റെ റിവ്യു.

 

Kunchacko Boban starrer film Ariyippu review
Author
First Published Dec 10, 2022, 8:29 PM IST

ആഖ്യാനത്തിലെ പുതുവഴികളിലൂടെ സഞ്ചരിച്ച് ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് മഹേഷ് നാരായണൻ. മഹേഷ് നാരായണന്റെ ഏറ്റവും പുതിയ ചിത്രമായ 'അറിയിപ്പ്' ഗൗരവമാര്‍ന്ന ചലച്ചിത്രാസ്വാദനത്തെ ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്കുള്ള മികച്ച ഒരു തെരഞ്ഞെടുപ്പാണ്. റിയലിസ്റ്റിക് സമീപനത്തിലൂടെ ഇൻഡിപെൻഡന്‍ഡ് ഫിലിം മേക്കിംഗ് സ്വഭാവരീതികളോട് ചേര്‍ന്നുനില്‍ക്കുന്ന ചിത്രമാണ് 'അറിയിപ്പ്'. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്താരാഷ്‍ട്ര മത്സരവിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിച്ച 'അറിയിപ്പ്' തീര്‍ച്ചയായും പ്രമേയത്തിന്‍റെ കരുത്തിന്‍റെയും ദൃശ്യപരിചരണത്തിന്‍റെ  പ്രത്യേകതയും കൊണ്ട് ശ്രദ്ധിക്കെപ്പടുന്ന ചലച്ചിത്രാനുഭവമാണ്.

ഉത്തര്‍പ്രദേശില്‍ മെഡിക്കല്‍ ഗ്ലൗ നിര്‍മാണ ഫാക്ടറിയില്‍ ജോലി നോക്കുന്ന 'ഹരീഷി'ന്റെയും 'രശ്‍മി'യുടെയും കഥയാണ് ചിത്രം പറയുന്നത്. ലോകത്തെ മാസ്‍ക് ധരിപ്പിച്ച കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് 'അറിയിപ്പി'നെ സംവിധായകൻ അവതരിപ്പിക്കുന്നത്. വിദേശത്ത് തൊഴില്‍ തേടുന്നതിന്റെ ഭാഗമായിട്ടാണ് 'ഹരീഷും' 'രശ്‍മി'യും ഉത്തര്‍പ്രദേശില്‍ എത്തുന്നത്. വിദേശത്തെ ജോലിക്കായി വര്‍ക്ക് സ്‍കില്‍ തെളിയിക്കുന്നതിനായി 'രശ്‍മി'യും ഹരീഷും ഗ്ലൗസ് നിര്‍മാണ ഫാക്ടറിയില്‍ നിന്ന് സ്വന്തം വീഡിയോ ഷൂട്ട് ചെയ്യുന്നു. എന്നാല്‍ പിന്നീട് ഇതിനൊപ്പം 'രശ്‍മി'യുടേത് എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ മുഖം മറച്ചുള്ള സ്‍ത്രീയുടെ ലൈംഗിക ദൃശ്യവും ഫാക്ടറി തൊഴിലാളികളുടെ വാട്‍സ് ആപ്പ് ഗ്രൂപ്പില്‍ പങ്കുവെയ്‍ക്കപ്പെടുന്നു. 'രശ്‍മി'യുടേതല്ല എന്ന തീര്‍ച്ചയിലാണ് തുടക്കത്തില്‍ 'ഹരീഷ്' ഉള്ളത്. പൊലീസിന് പരാതി രജിസ്റ്റര്‍ ചെയ്യാൻ 'ഹരീഷ്' ആദ്യം തയ്യാറാകുന്നതും അതിനാലാണ്. പൊലീസ് കേസിനൊന്നും പോകേണ്ട എന്ന് 'രശ്‍മി' തുടക്കത്തില്‍ പറയുന്നുമുണ്ട്. പക്ഷേ ഒരു സിസിടിവി ദൃശ്യത്തില്‍ നിന്ന് 'ഹരീഷി'ല്‍ സംശയത്തിന്റെ കനല്‍ പടരുന്നു. ലീക്കായ ഒരു വീഡിയോ ദൃശ്യം എങ്ങനെയാണ് 'ഹരീഷ്- രശ്‍മി' ദമ്പതികളുടെ തുടര്‍ ജീവിതത്തെ ബാധിക്കുന്നത് എന്ന് വര്‍ത്തമാനകാലത്തെ ചില സംഭവങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ചിത്രത്തില്‍ വിശകലനം ചെയ്യുകയാണ് സംവിധായകൻ.

Kunchacko Boban starrer film Ariyippu review

ഗ്ലൗസ് നിര്‍മാണത്തിന്റെ തുടര്‍ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന 'രശ്‍മി'യുടെ വെര്‍ട്ടിക്കല്‍ വീഡിയോ മാത്രമായി സ്‍ക്രീനില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് 'അറിയി'പ്പിന്റെ തുടക്കം. 'അറിയിപ്പി'ന്റെ ആഖ്യാനശൈലി എന്തുതരത്തിലായിരിക്കുമെന്ന് ആദ്യ കാഴ്‍ചയില്‍ തന്നെ അടിവരയിട്ടാണ് സംവിധായകൻ മുന്നോട്ടുപോകുന്നത്. തുടര്‍ന്ന് ഗൗസ് നിര്‍മാണ ഫാക്ടറിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ദൃശ്യവും ചേര്‍ത്തിരിക്കുന്നു. സിനിമയുടെ ഉടനീളം ആദ്യാവസാനം ഈ ഫാക്ടറിയുടെ പ്രവര്‍ത്തന താളം തുടരുന്നുമുണ്ട്.

ഒരു കഥാപാത്രത്തിന്റെ മാത്രം വീക്ഷണകോണില്‍ നിന്ന് പറയാനുള്ള വിഷയത്തെ നോക്കിക്കാണുന്ന രീതിയില്ല 'അറിയിപ്പ്' പിന്തുടരുന്നത്. 'രശ്‍മി'യുടെയും 'ഹരീഷി'ന്റെയും കാഴ്‍ചപ്പാടുകള്‍ക്ക് 'അറിയിപ്പി'ല്‍ ഒരുപോലെ ഇടമുണ്ട്. സംവിധായകൻ ഇരു കഥാപാത്രങ്ങളിലൂടെയും മാറിമാറിയാണ് സിനിമയുടെ വിഷയത്തെ സമീപിക്കുന്നത്. കാത്തിരുന്ന ഒരു അവസരം കയ്യെത്തുമ്പോള്‍ എങ്ങനെയാണ് 'രശ്‍മി'യുടെയും  'ഹരീഷി'ന്റെയും തീരുമാനങ്ങള്‍ വേര്‍തിരിക്കപ്പെടുന്നത് എന്നതിലാണ് സിനിമയുടെ രാഷ്‍ട്രീയം സംവിധായകൻ പറഞ്ഞുവയ്‍ക്കുന്നത്. മറ്റൊരു പെണ്‍കുട്ടിയുടെ കൊലപാതകം മറക്കാനുള്ള കൈക്കൂലിയെന്ന പോലെ ഫാക്ടറി വെച്ചുനീട്ടുന്ന അവസരത്തെ ഒരാള്‍ കാണുമ്പോള്‍, ജീവിതത്തില്‍ ഭാഗവാക്കാവാത്ത ഒരു സംഭവത്തിന്റെ പേരില്‍ ഒന്നും ഉപേക്ഷിക്കാൻ തയ്യാറാകാതിരിക്കുകയാണ് മറ്റെയാള്‍. വിദേശത്ത് പോകാനായി ആദ്യം സെല്‍ഫ് ഡിക്ലറേഷൻ കൊടുക്കുന്ന ദമ്പതികളില്‍ നിന്ന് തുടക്കത്തില്‍ നിന്ന്,  അഭിമാനം സംരക്ഷിക്കപ്പെടുന്നതിനാവശ്യമായ 'അറിയിപ്പ്' പുറപ്പെടുവിപ്പിക്കാൻ ഫാക്ടറി നിര്‍മാതാക്കളെ നിര്‍ബന്ധിതരാക്കുന്ന 'രശ്‍മി'യുടെ നിശ്ചയദാര്‍ഢ്യത്തിലേക്കാണ് ചിത്രം അവസാനം എത്തുന്നത്.

Kunchacko Boban starrer film Ariyippu review

പുരുഷാധിപത്യത്തിന്റെ ചരടുകളില്‍ ദാമ്പത്യ ജീവിതം എങ്ങനെയാണ് ബന്ധിക്കപ്പെടുന്നത് എന്ന് പല സന്ദര്‍ഭങ്ങളിലും ചിത്രം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. തന്നിലുമുള്ള ആ കെട്ടുപാടുകളെ പ്രതീകാത്മായി 'രശ്‍മി' മുറിച്ചുമാറ്റുന്നതായും അവസാന രംഗത്തില്‍ കാട്ടുന്നുണ്ട്. 'രശ്‍മി' അനുഭവിച്ച ആഘാതത്തെ ഒറ്റ വാചകത്തില്‍ ലഘൂകരിക്കാനുള്ള 'ഹരീഷി'ന്റെ സംഭാഷണവും ചിത്രം പറയുന്ന വിഷയത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ്.  നീ എന്ത് അനുഭവിച്ചത്, ഞാൻ അല്ലേ എല്ലാം അനുഭവിച്ചത് എന്നാണ് 'ഹരീഷ്' 'രശ്‍മി'യോട് പറയുന്നത്.  സ്‍ത്രീ കഥാപാത്രങ്ങളില്‍ നിന്ന് കിട്ടുന്ന ദയാപരമായ പെരുമാറ്റമല്ല ഹരീഷടക്കമുള്ള പുരുഷ വേഷങ്ങളില്‍ നിന്ന് 'രശ്‍മി'ക്ക് ലഭിക്കുന്നതും. ഫാക്ടറിയിലെ അഴിമതിയും മറ്റൊരു അടരായി ചിത്രത്തില്‍ പറഞ്ഞുപോകുമ്പോള്‍ ക്രമക്കേട് കാട്ടുന്നവര്‍ക്കെതിരായുള്ള  പോരാട്ടത്തിന് 'രശ്‍മി'ക്ക് കൂട്ടാകുന്നതും സീനിയറായ വനിതാ ജീവനക്കാരിയാകുന്നതും അറിയിപ്പിന്റെ ഉദ്ദേശശുദ്ധികൊണ്ടാണ്.

സാമൂഹ്യപ്രതിബന്ധതയുള്ള ഒരു വിഷയത്തിന്റെ ചലച്ചിതാഖ്യാനം തീര്‍ത്തും റിയലിസ്റ്റിക്കായി അവതരിപ്പിക്കപ്പെടുന്ന 'അറിയിപ്പി'ല്‍ പേരിന് മാത്രമാണ് പശ്ചാത്തല സംഗീതം സംവിധായകൻ ഉപയോഗിച്ചത് എന്നതും ശ്രദ്ധേയം. ചിത്രത്തില്‍ ഏതാണ്ട് പൂര്‍ണമായി ഫാക്ടറിയിലെ പ്രവര്‍ത്തനങ്ങളുടെ കഥാ പരിസരങ്ങളിലെയും ശബ്‍ദങ്ങള്‍ തന്നെയാണ് പശ്ചാത്തലമായി ചേര്‍ത്തിരിക്കുന്നത്. ബലാത്ക്കരമായുള്ള ഒരു ലൈംഗിക ബന്ധം ചിത്രീകരിച്ചിരിക്കുന്നത് സ്‍ത്രീയുടെ കണ്ണുകളിലെ ഭാവങ്ങളിലേക്ക് ക്യാമറ തിരിച്ചാണ് എന്നതും എടുത്തുപറയണം. ഉത്തരേന്ത്യയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്നതിനാല്‍ പല ഭാഷകള്‍ ഒറ്റ രംഗത്തില്‍ തന്നെ കടന്നുവരുന്നുണ്ട്.

Kunchacko Boban starrer film Ariyippu review

ചിത്രത്തിനായി കരുത്തുറ്റ കഥാപാത്ര നിര്‍മിതിയാണ് സംവിധായകൻ നടത്തിയിരിക്കുന്നത്. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ സ്വയം പുതുക്കിപ്പണിയുന്ന കുഞ്ചാക്കോ ബോബൻ 'ഹരീഷാ'യി വിസ്‍മയിപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. ഹരീഷിന്റ ആണ്‍ അഹന്തയും നിരാശയുമല്ലൊം സിനിമയുടെ ആഖ്യാനത്തിന്റെ പാകത്തില്‍ ചേര്‍ന്നിരിക്കുന്നു. 'രശ്‍മി'യുടെ ഭാവങ്ങള്‍ക്ക് സൂക്ഷ്‍മമായ വേഷപകര്‍ച്ചയാണ് ചിത്രത്തില്‍ ദിവ്യ പ്രഭ നല്‍കിയിരിക്കുന്നത്. ഡാനിഷ് ഹുസൈൻ, ഫൈസല്‍ മാലിക്, സിദ്ധാര്ഥ് ഭരദ്വജ്, ഡിംപി മിശ്ര, അതുല്യ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Read More: സ്റ്റൈലൻ ഡാൻസുമായി അജിത്തും മഞ്‍ജു വാര്യരും, 'തുനിവി'ലെ ഗാനം ഹിറ്റ്

Follow Us:
Download App:
  • android
  • ios