Asianet News MalayalamAsianet News Malayalam

രസിപ്പിക്കും ഈ കേസന്വേഷണം; 'കുറുക്കന്‍' റിവ്യൂ

പ്രതീക്ഷയര്‍പ്പിക്കാവുന്ന പുതുമുഖ സംവിധായകന്‍ എന്ന തോന്നല്‍ ഉളവാക്കുന്നതാണ് ജയലാല്‍ ദിവാകരന്‍റെ ആദ്യ വര്‍ക്ക്

kurukkan malayalam movie review vineeth sreenivasan shine tom chacko Maha Subair Varnachitra nsn
Author
First Published Jul 27, 2023, 2:36 PM IST

വിരലിലെണ്ണാവുന്ന ചിത്രങ്ങളിലേ ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒരുമിച്ച് സ്ക്രീനില്‍ എത്തിയിട്ടുള്ളൂ. പക്ഷേ അവയൊക്കെ പ്രേക്ഷകരെ രസിപ്പിച്ച ചിത്രങ്ങളാണ്. മകന്‍റെ അച്ഛനും അരവിന്ദന്‍റെ അതിഥികളുമൊക്കെയാവും പ്രേക്ഷകരുടെ മനസിലേക്ക് ആദ്യമെത്തുക. ഇരുവരും വീണ്ടും ഒരുമിച്ചെത്തുന്ന കോമഡിക്ക് പ്രാധാന്യമുള്ള ചിത്രം എന്നതാണ് കുറുക്കന്‍ എന്ന ചിത്രത്തിന്‍റെ യുഎസ്‍പി. ട്രെയ്‍ലര്‍ അടക്കമുള്ള പബ്ലിസിറ്റി മെറ്റീരിയലുകളിലൂടെ റിലീസിന് മുന്‍പ് ചിത്രം പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ കാഴ്ചാനുഭവം എങ്ങനെയുണ്ടെന്ന് നോക്കാം. 

കുറുക്കന്‍ എന്നാണ് ചിത്രത്തിന്‍റെ പേരെങ്കിലും തന്ത്രശാലികളായ മൂന്ന് പേരുടെ കഥയാണ് ചിത്രം പറയുന്നത്. ദിനേശന്‍ എന്ന പൊലീസ് ഇന്‍സ്പെക്ടറായി വിനീത് ശ്രീനിവാസനും സുപ്രധാന കേസുകളില്‍ കള്ളസാക്ഷിയായി കോടതിയില്‍ എത്താറുള്ള കൃഷ്ണനും സിഇഒയെ കൈയേറ്റം ചെയ്തതിന് ഒരു ഐടി കമ്പനിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ജീവനക്കാരനായ ഷൈന്‍ ടോമിന്‍റെ കഥാപാത്രവുമാണ് ആ മൂന്ന് കുറുക്കന്മാര്‍. മാധ്യമശ്രദ്ധ നേടിയ ചില പ്രധാന കേസുകളുടെ അന്വേഷണത്തില്‍ അമിതാവേശം കൊണ്ടുള്ള എടുത്തുചാട്ടത്താല്‍ കരിയറില്‍ സസ്പെന്‍ഷന്‍ ഉള്‍പ്പെടെ ഏറ്റുവാങ്ങേണ്ടിവന്ന പൊലീസ് ഓഫീസറാണ് വിനീതിന്‍റെ ദിനേശന്‍. കിട്ടിയ ചീത്തപ്പേര് മാറ്റാനായി പ്രമായമായ ഒരു കേസ് എന്ത് വില കൊടുത്തും തെളിയിച്ച് പേരെടുക്കണമെന്ന ആ​ഗ്രഹത്താല്‍ കഠിന പരിശ്രമത്തിലാണ് ഇപ്പോള്‍ ദിനേശന്‍. ഇതിന്‍റെ അന്വേഷണത്തിനിടെയാണ് ഈ മൂന്ന് പ്രധാന കഥാപാത്രങ്ങളുടെയും വഴികള്‍ കൂട്ടിമുട്ടുന്നത്. പിന്നീടുള്ള സസ്പെന്‍സും ഒപ്പം ചിരിയും നിറഞ്ഞ ഒരു യാത്രയിലേക്കാണ് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. 

kurukkan malayalam movie review vineeth sreenivasan shine tom chacko Maha Subair Varnachitra nsn

 

ഒരു കാലത്ത് ശ്രീനിവാസന്‍ അവതരിപ്പിച്ച ചില കഥാപാത്രങ്ങളുടെ ഓര്‍മ്മയുണര്‍ത്തുന്നുണ്ട് വിനീതിന്‍റെ ഇന്‍സ്പെക്ടര്‍ ദിനേശന്‍. അതേസമയം കോമിക് ടൈമിം​ഗില്‍ പലപ്പോഴും വിസ്മയിപ്പിക്കാറുള്ള വിനീത് ശ്രീനിവാസന്‍ ഇന്‍സ്പെക്ടര്‍ ദിനേശനായി സ്കോര്‍ ചെയ്തിട്ടുണ്ട്. 2 മണിക്കൂര്‍ 5 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള കുറുക്കന്‍റെ തുടക്കത്തില്‍ തന്നെ ചിത്രത്തിന്‍റെ സ്വഭാവം എന്തെന്ന് സംവിധായകന്‍ ജയലാല്‍ ദിവാകരന്‍ വ്യക്തമാക്കുന്നുണ്ട്. വിനീതിന്‍റെയും ശ്രീനിവാസന്‍റെയും കഥാപാത്രങ്ങളെ ആദ്യം തന്നെ അവതരിപ്പിക്കുന്ന സംവിധായകന്‍ പ്രധാന പ്ലോട്ട് അവതരിപ്പിച്ചതിന് ശേഷമാണ് ഷൈനിന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൊടുക്കല്‍വാങ്ങലുകള്‍ അധികം ഇല്ലെങ്കിലും വിനീതിന്‍റെയും ശ്രീനിവാസന്‍റെയും കോമ്പോ വീണ്ടും തിയറ്ററില്‍ രസനിമിഷങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. 

kurukkan malayalam movie review vineeth sreenivasan shine tom chacko Maha Subair Varnachitra nsn

 

പ്രതീക്ഷയര്‍പ്പിക്കാവുന്ന പുതുമുഖ സംവിധായകന്‍ എന്ന തോന്നല്‍ ഉളവാക്കുന്നതാണ് ജയലാല്‍ ദിവാകരന്‍റെ ആദ്യ വര്‍ക്ക്. നര്‍മ്മത്തോടെ കഥ പറയുന്ന ഇന്‍വെസ്റ്റി​ഗേഷന്‍ ചിത്രങ്ങള്‍ കണ്ടിരിക്കുമ്പോള്‍ ലളിതമെന്ന് തോന്നുമെങ്കിലും മീറ്റര്‍ കൃത്യമായി പിടിച്ചില്ലെങ്കില്‍ എളുപ്പത്തില്‍ പാളിപ്പോവും. അത്തരം പാലിച്ചകളൊന്നുമില്ലാതെയാണ് ജയലാല്‍ ചിത്രം തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. മനോജ് രാംസിം​ഗിന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥ. കാസ്റ്റിം​ഗ് തന്നെയാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്ലസ്. സ്ക്രീന്‍ പ്രസന്‍സിലും പ്രകടനത്തിനും മികച്ച നില്‍ക്കുന്ന മൂന്ന് താരങ്ങള്‍ കോമഡിയിലൂടെ കഥ പറയുന്ന ഒരു ചിത്രത്തില്‍ ഒരുമിച്ച് എത്തുന്നത് തന്നെയാണ് കുറുക്കനിലെ ഏറ്റവും വലിയ രസഘടകം. 

kurukkan malayalam movie review vineeth sreenivasan shine tom chacko Maha Subair Varnachitra nsn

 

പ്രശസ്ത ഛായാ​ഗ്രാഹകനും സംവിധായകനുമായ ജിബു ജേക്കബ് ആണ് കുറുക്കന്റെ ഛായാ​ഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. വേ​ഗത്തില്‍ കഥ പറഞ്ഞ് പോകുന്ന ഒരു ഫണ്‍ ഇന്‍വെസ്റ്റി​ഗേഷന്‍ ചിത്രത്തിനുവേണ്ട ചടുലമായ ഫ്രെയ്‍മുകളില്‍, അതേസമയം ചിത്രത്തിന്‍റെ രസച്ചരട് മുറിയാത്ത രീതിയില്‍ ജിബു ജേക്കബ് സിനിമാറ്റോ​ഗ്രഫി നിര്‍വ്വഹിച്ചിട്ടുണ്ട്. ഉണ്ണി ഇളയരാജയാണ് ചിത്രത്തിന്‍റെ പാട്ടുകളും പശ്ചാത്തലസം​ഗീതവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ സ്വഭാവത്തിന് ചേരുന്ന തരത്തില്‍, അതേസമയം കഥപറച്ചിലിനെ ബാധിക്കാത്ത തരത്തില്‍ ജയലാല്‍ അത് ഉപയോ​ഗപ്പെടുത്തിയിട്ടുമുണ്ട്. ആക്ഷന്‍, ത്രില്ലര്‍, ഇന്‍വെസ്റ്റി​ഗേഷന്‍ വിഭാ​ഗങ്ങളില്‍ പെടുന്ന ചിത്രങ്ങള്‍ക്കിടയില്‍ ആവശ്യക്കിന് കോമഡി ചിത്രങ്ങള്‍ ഇറങ്ങുന്നില്ലെന്ന പരാതി സിനിമാപ്രേമികള്‍ക്കിടയില്‍ പൊതുവെയുണ്ട്. നര്‍മ്മത്തിന്റെ മേമ്പൊടിയോടെ എത്തുന്ന ചില ചിത്രങ്ങള്‍ വലിയ വിജയങ്ങള്‍ ആവാറുമുണ്ട്. രണ്ട് മണിക്കൂര്‍ സമയം അനായാസം കണ്ട് ആസ്വദിക്കാവുന്ന ചിത്രമാണ് കുറുക്കന്‍.

ALSO READ : 'മേപ്പടിയാന്‍ ഉണ്ണിയുടെ ആത്മവിശ്വാസം'; ഉണ്ണി മുകുന്ദന്‍ ഗോഡ്‍ഫാദറില്ലാതെ പൊരുതി ജയിച്ച നടനെന്ന് സിബി മലയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios