Asianet News MalayalamAsianet News Malayalam

Malayankunju Review : മണ്ണില്‍ തൊടുന്ന 'മലയന്‍കുഞ്ഞ്'; റിവ്യൂ

അടങ്ങിയിരിക്കുന്ന ദര്‍ശനത്തിന്‍റെ വ്യാപ്തികൊണ്ടും ആവശ്യമായി വരുന്ന പ്രൊഡക്ഷന്‍ ഡിസൈന്‍ വെല്ലുവിളികളും കാരണം ഒരു അരങ്ങേറ്റ സംവിധായകന്‍ സാധാരണ നിലയില്‍ ധൈര്യപ്പെടാത്ത തരം ചിത്രവുമായാണ് സജിമോന്‍റെ സംവിധാന അരങ്ങേറ്റം

malayankunju malayalam movie review fahadh faasil mahesh narayanan sajimon prabhakar
Author
Thiruvananthapuram, First Published Jul 22, 2022, 4:35 PM IST

ചാപ്പാ കുരിശിലൂടെ രണ്ടാംവരവ് വിജയകരമായി ആരംഭിച്ച സമയത്ത് ഫഹദ് (Fahadh Faasil) നേരിട്ട ഒരു വിമര്‍ശനമായിരുന്നു നാഗരികരായ കഥാപാത്രങ്ങളായി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നു എന്നത്. എന്നാല്‍ മഹേഷിന്‍റെ പ്രതികാരത്തിലെ ഇടുക്കിക്കാരന്‍ മഹേഷ് ഭാവന അടക്കമുള്ളവര്‍ ജനപ്രീതിയില്‍ മുന്നിലെത്തിയപ്പോള്‍ ആ വിമര്‍ശനങ്ങളുടെ മുനയൊടിഞ്ഞു. ഒരിടവേളയ്ക്കു ശേഷം നാട്ടിന്‍പുറത്തുകാരന്‍ കഥാപാത്രമായി ഫഹദ് എത്തുന്ന ചിത്രം എന്നത് മലയന്‍കുഞ്ഞ് (Malayankunju) നല്‍കുന്ന കൌതുകങ്ങളില്‍ ഒന്നാണ്. 29 മാസത്തെ ഇടവേളയ്ക്കും നാല് ഡയറക്റ്റ് ഒടിടി റിലീസുകള്‍ക്കും ആഘോഷിക്കപ്പെട്ട രണ്ട് മറുഭാഷാ ചിത്രങ്ങള്‍ക്കും ശേഷം ഫഹദിന്‍റേതായി എത്തുന്ന മലയാളം തിയറ്റര്‍ റിലീസ് എന്നതും റിലീസിനു മുന്‍പ് മലയന്‍കുഞ്ഞ് ഉയര്‍ത്തിയ കൌതുകമാണ്. ടേക്ക് ഓഫും സി യു സൂണും മാലിക്കും ഒരുക്കിയ മഹേഷ് നാരായണന്‍ (Mahesh Narayanan) രചനയും ആദ്യമായി ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് നവാഗതനായ സജിമോന്‍ പ്രഭാകര്‍ (Sajimon Prabhakar) ആണ്. 

അടങ്ങിയിരിക്കുന്ന ദര്‍ശനത്തിന്‍റെ വ്യാപ്തികൊണ്ടും ആവശ്യമായി വരുന്ന പ്രൊഡക്ഷന്‍ ഡിസൈന്‍ വെല്ലുവിളികളും കാരണം ഒരു അരങ്ങേറ്റ സംവിധായകന്‍ സാധാരണ നിലയില്‍ ധൈര്യപ്പെടാത്ത തരം ചിത്രവുമായാണ് സജിമോന്‍റെ സംവിധാന അരങ്ങേറ്റം. ഇലക്ട്രോണിക് ടെക്നീഷ്യനായ അനിക്കുട്ടനാണ് ചിത്രത്തില്‍ ഫഹദിന്‍റെ കഥാപാത്രം. തന്‍റേതായ ചില ചിട്ടകളും ശീലങ്ങളുമൊക്കെ മുറുകെ പിടിക്കാറുള്ള അനിക്കുട്ടന്‍ സാധാരണ സാമൂഹിക ജീവിതത്തില്‍ നിന്നും തെല്ലൊരു അകലത്തില്‍ ജീവിക്കുന്ന ആളുമാണ്. താന്‍ ഏറെ ശ്രദ്ധ നല്‍കി ചെയ്യുന്ന ജോലിക്കിടയില്‍ അയാളെ ഏറ്റവും ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ് പുറത്തുനിന്നെത്തുന്ന ശബ്ദങ്ങള്‍. ഇത്തരത്തിലൊക്കെയുള്ള അനിക്കുട്ടന്‍റെ അയല്‍ക്കാരിയായി പൊന്നി എന്ന കുഞ്ഞ് വരുന്നതോടെയാണ് സജിമോന്‍ പ്രഭാകര്‍ കഥ പറഞ്ഞു തുടങ്ങുന്നത്. 

malayankunju malayalam movie review fahadh faasil mahesh narayanan sajimon prabhakar

 

വ്യക്തിപരമായ ചില സവിശേഷതകളൊക്കെയുള്ള പ്രധാന കഥാപാത്രത്തെയും അയാളുടെ പശ്ചാത്തലത്തെയും പരിചയപ്പെടുത്തിയതിനു ശേഷം പൊന്നി എന്ന കുഞ്ഞ് ആണ് സിനിമയുടെ പ്രധാന പ്ലോട്ട് സൃഷ്ടിക്കുന്നത്. പൊന്നിയുടെ കരച്ചില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകളില്‍ നിന്നാണ് അനിക്കുട്ടന്‍ എന്ന മനുഷ്യനെ, അയാളുടെ അടരുകളെ പ്രേക്ഷകര്‍ കൂടുതല്‍ അറിയുന്നത്. എന്നാല്‍ ഇതിനെ മൊത്തത്തില്‍ ഉള്‍ക്കൊള്ളുന്ന മറ്റൊരു വലിയ പ്ലോട്ടിലേക്ക് ചിത്രത്തെ എത്തിക്കുകയാണ് മഹേഷ് നാരായണന്‍ എഴുതിയ തിരക്കഥ. 2018ലെ പ്രളയകാലം വരേയ്ക്കും മറ്റാരുടെയോ അനുഭവങ്ങളായി ഭൂരിപക്ഷ മലയാളികള്‍ കേട്ടിരുന്ന ഉരുള്‍പൊട്ടല്‍ ദുരന്തമാണ് ആ പ്ലോട്ട്. 

അനിക്കുട്ടന്‍ എന്ന നിരവധി അടരുകളുള്ള, സങ്കീര്‍ണ്ണതകളും ശാഠ്യങ്ങളുമൊക്കെയുള്ള നായക കഥാപാത്രം ഒരു പ്രകൃതി ദുരന്തത്തെ നേരിടേണ്ടിവരുന്നതും അത് അയാളിലുണ്ടാക്കുന്ന ആഴത്തിലുള്ള ചില വ്യത്യാസങ്ങളുമൊക്കെയാണ് മലയന്‍കുഞ്ഞിന്‍റെ കേന്ദ്ര പ്രമേയം. പ്രകൃതി ദുരന്തങ്ങള്‍ മുഖ്യ കഥാപശ്ചാത്തലമായി മലയാള സിനിമയില്‍ അങ്ങനെ വന്നിട്ടില്ലെങ്കിലും രക്ഷാപ്രവര്‍ത്തനം സിനിമകളായിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ മലയന്‍കുഞ്ഞ് വേറിട്ടുനില്‍ക്കുന്നത് അത് ഒരു രക്ഷാപ്രവര്‍ത്തനത്തില്‍ അവസാനിക്കുന്നില്ല എന്നതിനാലാണ്. ജാതി എന്നത് സൂക്ഷ്മമായി പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്നും നമ്മുടെ സാമൂഹിക പരിസരത്തില്‍ അത് എത്രത്തോളം സ്വാഭാവികമായാണ് ഇടപെടുന്നത് എന്നും ചിത്രം വരച്ചിടുന്നുണ്ട്. 

malayankunju malayalam movie review fahadh faasil mahesh narayanan sajimon prabhakar

 

ഒരു പ്രകൃതി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര കഥാപാത്രത്തിനുണ്ടാവുന്ന തിരിച്ചറിവുകളാണ് മലയന്‍കുഞ്ഞ്. ആശയതരത്തില്‍ ഗംഭീരമെന്ന് തോന്നുന്ന പല സിനിമകളും കാഴ്ചാനുഭവത്തില്‍ നിരാശപ്പെടുത്താറുണ്ട്. എന്നാല്‍ ഇത്രയും ഗഹനമായ ഒരു വിഷയം, 2022ലെ മലയാളിക്ക് ഏറ്റവുമെളുപ്പത്തില്‍ താദാത്മ്യപ്പെടാവുന്ന ഒരു പശ്ചാത്തലത്തില്‍ ലളിതമായി അവതരിപ്പിച്ചു എന്നതാണ് സജിമോന്‍ പ്രഭാകര്‍ എന്ന നവാഗത സംവിധായകന്‍റെ വിജയം. മഹേഷ് നാരായണന്‍ കടലാസിലാക്കിയതിനെ തഴക്കമുള്ള ഒരു സംവിധായകന്‍റെ മികവോടെ സജിമോന്‍ അനുഭവപ്പെടുത്തിയിട്ടുണ്ട്.

ഫഹദ് ഫാസിലിലെ അഭിനേതാവിനെ ഒരിടവേളയ്ക്കു ശേഷം ബിഗ് സ്ക്രീനില്‍ കാണുന്നു എന്നതുതന്നെ ഒരു സിനിമാപ്രേമിയെ സംബന്ധിച്ച് ആവേശം പകരുന്ന അനുഭവമാണ്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും വിശ്വസിച്ചേല്‍പ്പിക്കാവുന്ന നടനായി എന്തുകൊണ്ട് ഫഹദ് മാറുന്നു എന്നതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് മലയന്‍കുഞ്ഞ്. ഫഹദിന്‍റെ റേഞ്ചിലുള്ള ഒരു നടന്‍ ഇല്ലെങ്കില്‍ സിനിമയുടെ രണ്ടാംപകുതി തന്നെ വര്‍ക്ക് ആവില്ലായിരുന്നു. ഫഹദിന്‍റെ അമ്മയായി അഭിനയിച്ച ജയ കുറുപ്പ്, സ്ക്രീന്‍ ടൈം കുറവെങ്കിലും ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, രജിഷ വിജയന്‍ എന്നിവരാണ് മലയന്‍കുഞ്ഞില്‍ പ്രകടനം കൊണ്ട് ശോഭിച്ച മറ്റ് അഭിനേതാക്കള്‍.

malayankunju malayalam movie review fahadh faasil mahesh narayanan sajimon prabhakar

 

ദൃശ്യ, ശബ്ദാനുഭവം എന്ന തലത്തില്‍ തിയറ്റര്‍ കാഴ്ച ആവശ്യപ്പെടുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. പ്രഗത്ഭമതിയായ ഒരു ഛായാഗ്രാഹകന് പോലും ഏറ്റെടുക്കണമോ എന്ന് സംശയം തോന്നാവുന്ന ചിത്രമാണ് സിനിമാറ്റോഗ്രഫര്‍ എന്ന നിലയിലുള്ള തന്‍റെ അരങ്ങേറ്റത്തിന് മഹേഷ് നാരായണന്‍ തെരഞ്ഞെടുത്തത്. ആ വെല്ലുവിളിയെ ആത്മവിശ്വാസത്തോടെ നേരിട്ട് വിജയിച്ചിട്ടുമുണ്ട് അദ്ദേഹം. ക്ലോസ്ട്രോഫോബിയ ഉള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് എന്തുകൊണ്ടെന്നതിന്‍റെ തെളിവാണ് ചിത്രത്തിന്‍റെ രണ്ടാംപകുതി. ആ രണ്ടാം പകുതിയിലെ ദൃശ്യാഖ്യാനം മലയാള സിനിമയെ സംബന്ധിച്ച് ഒരു പുതിയ അനുഭവവുമാണ്. മൂന്ന് പതിറ്റാണ്ടിനു ശേഷം മലയാളത്തിലേക്കുള്ള തിരിച്ചുവരവിന് എ ആര്‍ റഹ്‍മാന് വഴിയൊരുക്കിയ ചിത്രത്തിന്‍റെ സൌണ്ട്സ്കേപ്പ് ആ പ്രതീക്ഷകളെ സാധൂകരിക്കുന്നതാണ്. ഏറെക്കുറെ പ്രധാന കഥാപാത്രം മാത്രമുള്ള രണ്ടാംപകുതിയുടെ പിരിമുറുക്കം കുറച്ചു എന്നതിനേക്കാള്‍ സിനിമയുടെ ദര്‍ശനത്തെ റഹ്‍മാന്‍ എങ്ങനെ ഉള്‍ക്കൊണ്ടിരിക്കുന്നു, അതിനെ സ്കോറിലേക്ക് എങ്ങനെ കൊണ്ടുവന്നിരിക്കുന്നു എന്നതൊക്കെ ആ മികവിന്‍റെ അടയാളങ്ങളായി അവശേഷിക്കും.

കുടുംബ പശ്ചാത്തലത്തിലുള്ള ഒരു സാധാരണ ചിത്രമെന്ന നിലയില്‍ തുടങ്ങി വലിയ ദര്‍ശനം ലളിതമായി പറഞ്ഞ്, ഉള്ളുതൊടുന്ന അനുഭവമായി തിയറ്റര്‍ വിട്ടാലും കൂടെപ്പോരുന്ന അനുഭവമാണ് മലയന്‍കുഞ്ഞ്. ഘടനയിലും ആഖ്യാനത്തിലുമൊക്കെ തനിമയും പുതുമയും സൂക്ഷിക്കുന്ന ചിത്രം തിയറ്റര്‍ അനുഭവത്തിലാവും പൂര്‍ണ്ണമായും കാണിക്ക് ആസ്വാദ്യകരമാവുക. 

ALSO READ : 'ഫഹദ് ഗംഭീരം'; 'മലയന്‍കുഞ്ഞ്' കണ്ടവരുടെ പ്രതികരണങ്ങള്‍

Follow Us:
Download App:
  • android
  • ios