Asianet News MalayalamAsianet News Malayalam

ഉണ്ണി മുകുന്ദനൊപ്പം മല കയറുന്ന പ്രേക്ഷകര്‍; 'മാളികപ്പുറം' റിവ്യൂ

സമീപകാല മലയാള സിനിമയില്‍ പറയുന്ന വിഷയത്തിലും അവതരണത്തിലും വേറിട്ട വഴിയേ സഞ്ചരിക്കുന്ന ചിത്രം

Malikappuram malayalam movie review unni mukundan Vishnu Sasi Shankar
Author
First Published Dec 30, 2022, 3:46 PM IST

ഭക്തിയുടെ കഥ പറയുന്ന ചിത്രങ്ങള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം മുതല്‍ മുഖ്യധാരാ സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു. എന്നാല്‍ നന്ദനം പോലെ അപൂര്‍വ്വം ചിത്രങ്ങള്‍ ഒഴിച്ചാല്‍ കഴിഞ്ഞ ഒരു രണ്ട് പതിറ്റാണ്ടിനിടെ പശ്ചാത്തലത്തില്‍ അത്തരം ഘടകങ്ങള്‍ വരുന്ന ചിത്രങ്ങള്‍ വിരലിലെണ്ണാം. അതേസമയം പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ തേടി ഇതരഭാഷകളില്‍ നിന്ന് അത്തരം ചിത്രങ്ങള്‍ ഇപ്പോള്‍ വരുന്നുണ്ട് താനും. ഉണ്ണി മുകുന്ദനെ നായകനാക്കി  നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം വലിയ ഇടവേളയ്ക്കു ശേഷം ആ ഒഴിവിലേക്ക് മലയാളത്തില്‍ നിന്നുള്ള ഏറ്റവും പുതിയ എന്‍ട്രിയാണ്. അയ്യപ്പനോടുള്ള ഒരു എട്ട് വയസുകാരിയുടെ നിഷ്കളങ്ക ഭക്തിയുടെ കഥ പറയുന്ന ചിത്രം ത്രില്ലടിപ്പിക്കുന്ന ഒരു എന്‍റര്‍ടെയ്നര്‍ കൂടിയാവുന്നു എന്നത് വിഷ്ണു ശശിശങ്കര്‍ എന്ന നവാഗത സംവിധായകന്‍റെ വിജയമാണ്.

എട്ട് വയസുകാരി കല്യാണിയുടെയും അവളുടെ സൂപ്പര്‍ഹീറോ ആയ അയ്യപ്പന്‍റെയും കഥ പറയുന്ന ചിത്രമെന്നാണ് പ്രഖ്യാപന സമയം മുതല്‍ മാളികപ്പുറം എന്ന ചിത്രത്തെ അണിയറക്കാര്‍ പരിചയപ്പെടുത്തുന്നത്. പിന്നീടെത്തിയ ട്രെയ്‍ലര്‍ ഉള്‍പ്പെടെയുള്ള പബ്ലിസിറ്റി മെറ്റീരിയലുകളിലും കഥാസൂചന ആവോളമുണ്ടായിരുന്നു. ഈ പ്രെഡിക്റ്റബിലിറ്റിയെ മറികടന്ന് ഒരു ചിത്രത്തിന് പ്രേക്ഷകരെ രസിപ്പിക്കാന്‍ സാധിക്കുക എന്നത് ഒരു നിസ്സാര ടാസ്ക് അല്ല. ആ റിസ്ക് ആണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും സംവിധായകന്‍ വിഷ്ണുവും മറ്റ് അണിയറക്കാരും ചേര്‍ന്ന് ഏറ്റെടുത്ത് വിജയിപ്പിച്ചിരിക്കുന്നത്. ബാലതാരം ദേവനന്ദ അവതരിപ്പിക്കുന്ന കല്യാണിയാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തികച്ചും സാധാരണ ജീവിതപശ്ചാത്തലത്തില്‍ അച്ഛനും അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം ജീവിക്കുന്ന ദേവനന്ദയുടെ ഏറ്റവും വലിയ ആഗ്രഹം ശബരിമലയില്‍ പോയി അയ്യപ്പനെ തൊഴണം എന്നതാണ്. ദേവനന്ദയുടെ മനസില്‍ അയ്യപ്പന്‍ ഒരു സൂപ്പര്‍ഹീറോ പരിവേഷത്തോടെ വളര്‍ന്നത് മുത്തശ്ശി പറഞ്ഞ കഥകള്‍ കേട്ടാണ്. അച്ഛനൊപ്പം മല കയറണമെന്ന ദേവനന്ദയുടെ ആഗ്രഹത്തിന് വിള്ളല്‍ വീഴ്ത്തുന്ന ഒരു ആഘാതം ആ കുടുംബത്തിന് സംഭവിക്കുകയാണ്. തുടര്‍ന്ന് മുതിര്‍ന്നവരുടെയൊന്നും സഹായമില്ലാതെ കളിക്കൂട്ടുകാരന്‍ പിയൂഷിനൊപ്പം ശബരിമലയ്ക്ക് വണ്ടി കയറുന്ന മാളികപ്പുറത്തെ കാത്തിരിക്കുന്നത് വെല്ലുവിളികളും ദുര്‍ഘട പാതകളുമാണ്. അവിടെ അവളുടെ വിശ്വാസം തുണയായി എത്തുമോ എന്നതാണ് ചിത്രത്തിന്‍റെ പ്ലോട്ട്, ഒപ്പം ആവേശം പകരുന്ന ഘടകവും.

Malikappuram malayalam movie review unni mukundan Vishnu Sasi Shankar

 

കെട്ടുറപ്പുള്ള തിരക്കഥയാണ് മാളികപ്പുറത്തിന്‍റെ നട്ടെല്ല്. ആദ്യന്തം ഭക്തിരസം അനുഭവിപ്പിക്കുന്ന തിരക്കഥ കൃത്യമായ ഇടവേളകളില്‍ ചില അപ്രതീക്ഷിതത്വങ്ങള്‍ കാത്തുവച്ചിട്ടുണ്ട്. അത്തരത്തില്‍ കടന്നുവരുന്ന സംഭവങ്ങള്‍ക്കും ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കും കാണിയുമായി വൈകാരികമായി കണക്റ്റ് ചെയ്യാന്‍ സാധിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ വിജയം. കല്യാണി എന്ന കേന്ദ്ര കഥാപാത്രത്തിലൂടെ തന്നെ സിനിമ കാണിയുമായി അടുപ്പമുണ്ടാക്കുന്നുണ്ട്. കല്യാണിയിലൂടെയാണ് അവളുടെ കുടുംബത്തിലേക്കും കൂട്ടുകാരിലേക്കുമൊക്കെ തിരക്കഥാകൃത്തും സംവിധായകനും പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്.

Malikappuram malayalam movie review unni mukundan Vishnu Sasi Shankar

 

ഭക്തിയുടെ കഥ പറയുമ്പോള്‍ത്തന്നെ അത് സാങ്കേതികമായി ഏറ്റവും പുതിയ സിനിമാനുഭവമാക്കുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ വിജയിച്ചിട്ടുണ്ട്. വിഷ്ണു നാരായണനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ഒരു എട്ട് വയസുകാരിയുടെ ഭക്തിയും അവള്‍ കാണുന്ന അഭൌമമായ ചില സ്വപ്നങ്ങളുമൊക്കെ ഇടകലര്‍ന്ന് വരുന്ന ചിത്രം സംവിധായകന്‍ ഉദ്ദേശിക്കുന്ന തലത്തിലേക്ക് ഉയരണമെങ്കില്‍ അതിന്‍റെ ഛായാഗ്രഹണവും സൌണ്ട് ഡിസൈനിംഗുമൊക്കെ ഏറെ പ്രധാനമാണ്. വിഷ്ണുവിന്‍റ ഫ്രെയിമുകള്‍ക്കൊപ്പം രഞ്ജിന്‍ രാജിന്‍റെ സംഗീതവും എം ആര്‍ രാജാകൃഷ്ണന്‍റെ സൌണ്ട് ഡിസൈനിംഗും ചേര്‍ന്ന് സംവിധായകന്‍ ഉദ്ദേശിച്ച തലത്തിലേക്ക് ചിത്രത്തെ ഉയര്‍ത്തുന്നുണ്ട്. ഭക്തിയുടേതായ, മാജിക്കല്‍ ആയൊരു തലം ചിത്രത്തില്‍ ഉടനീളം നിലനിര്‍ത്താനായത് ഈ സാങ്കേതിക ഘടകങ്ങള്‍ ചേരുംപടി ചേര്‍ന്നതിനാലാണ്.

Malikappuram malayalam movie review unni mukundan Vishnu Sasi Shankar

 

ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദ മുതല്‍ അവളുടെ ചങ്ങാതി പിയൂഷിനെ അവതരിപ്പിച്ച ശ്രീപഥ്, അച്ഛനായ സൈജു കുറുപ്പ്, പിയൂഷിന്‍റെ അച്ഛനെ അവതരിപ്പിച്ച രമേശ് പിഷാരടി തുടങ്ങി ചിത്രത്തിന്‍റെ കാസ്റ്റിംഗ് മികവ് പുലര്‍ത്തുന്നുണ്ട്. ഉണ്ണി മുകുന്ദന്‍റെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന താരമൂല്യം കൃത്യമായി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ളതാണ് ഈ പ്രോജക്റ്റ് തന്നെ. കഥാസൂചനകള്‍ അവതരിപ്പിച്ചപ്പോള്‍ത്തന്നെ എന്താണ് ഉണ്ണി മുകുന്ദന്‍റെ കഥാപാത്രം എന്നതിനെക്കുറിച്ച് ഒന്നും വിട്ടുപറഞ്ഞിരുന്നില്ല അണിയറക്കാര്‍. ചിത്രത്തിലെ ക്ലൈമാക്സ് വരെ നീളുന്ന ഒരു പ്രധാന ആകാംക്ഷയുമാണ് അത്. 

Malikappuram malayalam movie review unni mukundan Vishnu Sasi Shankar

 

സമീപകാല മലയാള സിനിമയില്‍ പറയുന്ന വിഷയത്തിലും അവതരണത്തിലും വേറിട്ട വഴിയേ സഞ്ചരിക്കുന്ന ചിത്രമാണ് മാളികപ്പുറം. കുട്ടികളും കുടുംബങ്ങളുമടക്കം എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും രസിക്കാവുന്ന ചിത്രം 2022 ലെ മലയാള സിനിമയില്‍ അവസാനമെത്തിയിട്ടും ശ്രദ്ധേയ സാന്നിധ്യം കൂടിയാവുന്നു. 

Follow Us:
Download App:
  • android
  • ios