Asianet News MalayalamAsianet News Malayalam

ആക്ഷൻ പാക്ക്ഡ് സ്പൈ ത്രില്ലർ, കളറായി മമ്മൂട്ടി- ഏജന്റ് റിവ്യു

പേര് സൂചിപ്പിക്കുന്നത് പോലെ ഒരു സ്പൈ ആക്ഷൻ ത്രില്ലറാണ് ചിത്രം.

mammootty and akhil akkineni movie agent review nrn
Author
First Published Apr 28, 2023, 3:03 PM IST

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം. അതാണ് മലയാളികളെ 'ഏജന്റ്' എന്ന ചിത്രത്തിലേക്ക് ആകർഷിച്ച പ്രധാനഘടകം. തെലുങ്കിലെ മമ്മൂട്ടിയുടെ മറ്റൊരു മികച്ച പ്രകടനം കാണാൻ കാത്തിരുന്ന പ്രേക്ഷകരെ ഏജന്റ് നിരാശരാക്കിയില്ല എന്ന് നിസംശയം പറയാം.

സുരേന്ദർ റെഡ്ഢി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ഏജന്റ്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു സ്പൈ ആക്ഷൻ ത്രില്ലറാണ് ചിത്രം. റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) തലവന്‍ മേജര്‍ മഹാദേവ്, രാമകൃഷ്ണ (റിക്കി), ധർമ എന്നിവരാണ് ഏജന്റിലെ പ്രധാന കഥാപാത്രങ്ങൾ. മമ്മൂട്ടി അവതരിപ്പിക്കുന്ന മഹാദേവിനെ ദ ഡെവിൾ എന്നും അഖിൽ അക്കിനേനിയുടെ രാമകൃഷ്ണയെ വൈൽഡ് സാല എന്നും ഡിനോ മോറിയ അവതരിപ്പിക്കുന്ന ധർമയെ ദ ​ഗോഡ് എന്നുമാണ് വിശേഷിപ്പിക്കുന്നത്. ഫുൾ ആക്ഷൻ ത്രില്ലർ ആണെങ്കിലും പ്രണയത്തിനും റൊമാൻസിനും വൈകാരികതയ്ക്കും ഏജന്റ് പ്രാധാന്യം നൽകിയിട്ടുണ്ട്. 

mammootty and akhil akkineni movie agent review nrn

റോ ഏജന്റ് ആകുക എന്ന ലക്ഷ്യത്തോടെ ജീവിക്കുന്ന ആളാണ് റിക്കി. ഈ ലക്ഷ്യം നിറവേറ്റാനാണ് അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ പ്രവർത്തിക്കുന്നത്. പല പരീക്ഷകളും എഴുതി വിജയിച്ച് ഇന്റർവ്യുവരെ എത്തി പരാജയപ്പെടുകയാണ് റിക്കി. ഒടുവിൽ താൻ '​ഗുരുജി'യെ പോലെ കാണുന്ന മഹാദേവിൽ മതിപ്പുളവാക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന നായകൻ അതിൽ വിജയിക്കുകയും റോയിൽ എത്തുകയും ചെയ്യുന്നു. 

ഈ വേളയിൽ ധർമ്മയുടെ നേതൃത്വത്തിലുള്ള സിൻഡിക്കേറ്റ് എന്ന ഗ്രൂപ്പുമായി പോരാടുകയാണ് മഹാദേവ്. ചൈനയുമായി ചേർന്ന് രാജ്യത്തെ ഇല്ലാതാക്കൻ ഓപ്പറേഷൻ റാബിറ്റ് എന്ന പേരിൽ ധർമ്മ ഒരു പ്ലാൻ തയ്യാറാക്കുന്നുണ്ട്. എന്ത് വിലകൊടുത്തും ഇത് തടയാനാണ് മഹാദേവിന്റെ ശ്രമം. ഒടുവിൽ റിക്കിയെ വച്ച് ധർമ്മയുടെ നേരെ പടപൊരുതാൻ ഒരുങ്ങുന്ന മ​ഹാദേവും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

mammootty and akhil akkineni movie agent review nrn

പ്രണയം, ഇമോഷൻ, ആക്ഷൻ എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ആദ്യ പകുതി അവസാനിക്കുന്നതെങ്കിൽ രണ്ടാം പകുതി ട്വിസ്റ്റുകൾ നിറഞ്ഞും മാസ് സംഘട്ടനങ്ങൾ നിറഞ്ഞതുമാണ്. മഹാദേവനും ധർമ്മയ്ക്കും ഒരു ഭൂതകാല ബന്ധമുണ്ട്. ആ ബന്ധം എന്താണെന്നും മഹദേവിനോട് ശത്രുത വരാൻ കാരണം എന്താണെന്നും രണ്ടാം പകുതിയിൽ പറയുന്നു. എങ്ങനെയാണ് മഹാദേവ്, റിക്കിയുടെ ​ഗുരുജി ആയെന്നും ഇതിൽ വിവരിക്കുന്നുണ്ട്. ഒരു അന്താരാഷ്‌ട്ര ചാര സാഹസിക ചിത്രത്തിന്റെ എല്ലാ നിലവാരവും പുലർത്തിയാണ് സംവിധായകൻ ഏജന്റ് ഒരുക്കിയിരിക്കുന്നത്. ഒരു സ്പൈ ഏജന്റിന്റെ ജീവിതവും പ്രവർത്തനങ്ങളും എങ്ങനെ ആയിരിക്കുമെന്നം ചിത്രം വരച്ചു കാട്ടി.  

ഏജന്റിൽ എടുത്തു പറയേണ്ടുന്ന കാര്യം ആക്ഷൻ രം​ഗങ്ങളാണ്. പ്രത്യേകിച്ച് ക്ലൈമാക്സിലെ ട്വിസ്റ്റുകൾ നിറഞ്ഞ സംഘട്ടന രം​ഗങ്ങൾ. അതിന്റെ കൂടെ മാസ് പശ്ചാത്തലം കൂടി ആയപ്പോൾ പ്രേക്ഷകർക്ക് മികച്ച തിയറ്റർ എക്സ്പീരിയൻസായി മാറി. ചിത്രത്തിലെ കഥാപാത്രങ്ങൾ എല്ലാവരും തങ്ങളുടേതായ ഭാ​ഗങ്ങൾ തന്മയത്വത്തോടെ തന്നെ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. 

mammootty and akhil akkineni movie agent review nrn

ആക്ഷൻ രം​ഗങ്ങൾക്ക് വേണ്ടി അഖിൽ ചെറുതല്ലാത്ത രീതിയിൽ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് ഏജന്റിൽ വ്യക്തമാണ്. അദ്ദേഹത്തിന്റെ പവർഫുൾ, സ്റ്റൈലിഷ് പ്രകടനം പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നവയാണ്. അത് തിയറ്ററുകൾ പ്രേക്ഷക കയ്യടി നേടി. സംഘട്ടന രം​ഗങ്ങളിലെ ഡാൻസ് മൂവ്മെന്റുകളും പ്രശംസനീയമാണ്. 

എപ്പോഴത്തെയും പോലെ മമ്മൂട്ടി തന്റെ ഭാ​ഗം കളറാക്കിയിട്ടുണ്ട്. നായകനൊപ്പം തന്നെ നിൽക്കുന്ന മമ്മൂട്ടിയുടെ ഓരോ ഇൻ്ട്രോയിലും വൻ ഹർഷാരവമാണ് തിയറ്ററുകളിൽ ഉയർന്ന് കേട്ടത്. പല ഘട്ടങ്ങളിലും തിരക്കഥയില്‍ പോറല്‍ ഏല്‍ക്കാതെ കൊണ്ടു പോയതും മമ്മൂട്ടിയാണ്. നായികയായി എത്തിയ സാക്ഷി വൈദ്യയും തന്റെ ഭാ​ഗം ഭം​ഗിയാക്കിയിട്ടുണ്ട്. വില്ലനായെത്തിയ ഡിനോ മോറിയയും കസറിയിട്ടുണ്ട്. 

കാശ്മീർ ഉൾപ്പടെയുള്ള സ്ഥലങ്ങളിലെ മനോഹാരിതയും കാണികളുടെ കണ്ണിന് സുഖപ്രദമാകുന്ന ഷോട്ടുകളും ക്യാമറകളിലൂടെ ഒപ്പിയെടുത്ത റസൂൽ എല്ലൂരും കയ്യടി അർഹിക്കുന്നു. നാല് ​ഗാനങ്ങളാണ് ഏജന്റിൽ ഉള്ളത്. ഇവ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയെന്ന് നിസംശയം പറയാം. പശ്ചാത്തല സം​ഗീതവും പ്രസംശനീയമാണ്. എന്തായാലും പ്രേക്ഷകനെ ബോറടിപ്പിക്കാത്ത, കണ്ടിരിക്കാൻ പറ്റുന്ന മാസ് ആ​ക്ഷൻ എന്റർടെയ്നർ ആണ് ഏജന്റ് എന്ന് നിസംശയം പറയാം. 

'സംഘ്പരിവാർ സ്പോൺസേർഡ് സിനിമ'; 'കേരള സ്റ്റോറി'ക്ക് പ്രദർശനാനുമതി നൽകരുതെന്ന് പി കെ ഫിറോസ്

Follow Us:
Download App:
  • android
  • ios