‘സിനിമയ്‍ക്കുള്ളിലെ സിനിമ’ സങ്കേതത്തില്‍ കഥ പറയുന്ന ചിത്രം

സിനിമയ്ക്കുള്ളിലെ സിനിമ- പല കാലങ്ങളിലായി മലയാള സിനിമയിലും ഈ മാതൃകയിലുള്ള പ്ലോട്ടുകളില്‍ നിരവധി ചിത്രങ്ങള്‍ എത്തിയിട്ടുണ്ട്. അതേ ആശയത്തില്‍, എന്നാല്‍ രൂപഘടനയിലും അവതരണത്തിലും അതില്‍ നിന്നൊക്കെ വേറിട്ട അനുഭവവുമായി എത്തിയിരിക്കുന്ന പുതിയ സിനിമയാണ് ഒരു റൊണാള്‍ഡോ ചിത്രം. സിനിമ ചെയ്യണമെന്ന ആ​ഗ്രഹവുമായി വര്‍ഷങ്ങളായി ശ്രമിക്കുന്ന റൊണാള്‍ഡോ എന്ന യുവസിനിമാമോഹിയാണ് ചിത്രത്തിലെ നായക കഥാപാത്രം. കരിയറിലെ ആ​ദ്യ ഫീച്ചര്‍ സിനിമയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള റൊണാള്‍ഡോയുടെ ശ്രമങ്ങളാണ് ഒരു റൊണാള്‍ഡോ ചിത്രമെന്ന് പറയാം. എന്നാല്‍ അത് നമ്മള്‍ ബി​ഗ് സ്ക്രീനില്‍ മുന്‍പ് കണ്ടിട്ടുള്ള മാതൃകകളിലൊന്നും അല്ലെന്ന് മാത്രം.

അശ്വിന്‍ ജോസ് ആണ് ചിത്രത്തില്‍ റൊണാള്‍ഡോ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ ചിത്രമെന്ന ആ​ഗ്രഹത്തിനായി ശ്രമങ്ങള്‍ പലത് റൊണാള്‍ഡോ മുന്‍പ് നടത്തിയിട്ടുണ്ടെങ്കിലും നിരാശയായിരുന്നു ഫലം. അങ്ങനെയിരിക്കുന്ന സിനിമാമോഹിക്ക് മുന്നിലേക്ക് ഒരു ഷോര്‍ട്ട് ഫിലിം മത്സരത്തിന്‍റെ രൂപത്തില്‍ ഒരു സാധ്യത എത്തുകയാണ്. സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ ഒന്നാമതെത്തിയാല്‍ ഒരു ഫീച്ചര്‍ ഫിലിം ചെയ്യാനുള്ള അവസരമാണ് ലഭിക്കുക. അത് പിന്തുടര്‍ന്ന് റൊണാള്‍ഡോ ആരംഭിക്കുന്ന യാത്രയില്‍ നിന്നാണ് ചിത്രത്തിന്‍റെ തുടക്കം.

കൗതുകകരമായ ഫോര്‍മാറ്റ് ആണ് ചിത്രത്തിന്‍റേത്. ഒരു ഫീച്ചര്‍ ചിത്രം ആയിരിക്കുമ്പോള്‍ത്തന്നെ ഒരു ആന്തോളജി ചിത്രത്തിന്‍റെ ഘടനയിലുമാണ് ഒരു റൊണാള്‍ഡോ ചിത്രം. പല സമയദൈര്‍ഘ്യത്തിലുള്ള നാല് വ്യത്യസ്തമായ സിനിമകള്‍ ചേര്‍ത്തുള്ള ഒറ്റ സിനിമയാണ് 2.41 മണിക്കൂറില്‍ സംവിധായകന്‍ റിനോയ് കല്ലൂര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ എല്ലാ സിനിമകളും ശ്രദ്ധേയമെങ്കില്‍ത്തന്നെയും അവസാനത്തേതിനാണ് കൂടുതല്‍ പ്രധാന്യം. സ്നേഹവും പ്രതികാരവും എന്ന തീമിലാണ് ചിത്രത്തിലെ കഥകളെല്ലാം. അതില്‍ പ്രധാന ചിത്രം അതിന്‍റെ പാത്രസൃഷ്ടി കൊണ്ടും ആഴം കൊണ്ടും വൈകാരികമായ സത്യസന്ധത കൊണ്ടും നമ്മെ വിസ്മയിപ്പിക്കും.

സിനിമ ചെയ്യാന്‍ ആ​ഗ്രഹിച്ച് നടക്കുന്ന റൊണാള്‍ഡോയ്ക്കൊപ്പം നില്‍ക്കുമ്പോള്‍ത്തന്നെ വ്യത്യസ്തമായ കഥകളിലേക്കും കാഴ്ചകളിലേക്കും സംവിധായകന്‍ നമ്മെ എത്തിക്കുന്നത് വേറിട്ട അനുഭവമാണ്. ഒരു സിനിമയ്ക്കുള്ളില്‍ പല സിനിമ കണ്ട അനുഭവമായും ഒരു റൊണാള്‍ഡോ ചിത്രം മാറുന്നു. രണ്ടേമുക്കാല്‍ മണിക്കൂറില്‍ ഷോര്‍ട്ട് ഫിലിം ആയും സിനിമയായുമൊക്കെ ആഖ്യാനങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായി കഥകള്‍ എത്തുന്നുണ്ട്. അതിനൊക്കെ സാങ്കേതികമായ അര്‍ഹിക്കുന്ന രീതിയിലുള്ള പരിചരണമാണ് സംവിധായകന്‍ നല്‍കിയിരിക്കുന്നത്. അതേസമയം അതെല്ലാം എഫക്റ്റീവുമാണ്. ഒരു ചിത്രത്തില്‍ത്തന്നെ നാലും ഒന്നും അഞ്ച് ചിത്രങ്ങള്‍ എന്നത് അമ്പേ പാളിപ്പോകാവുന്ന ഒരു ആശയമാണ്. സങ്കീര്‍ണ്ണവും പ്രാക്റ്റിക്കല്‍ ആക്കാന്‍ പ്രയാസവുമുള്ള ഈ ആശയത്തെ വിജയകരമായി ലക്ഷ്യത്തിലെത്തിച്ചിട്ടുണ്ട് റിനോയ് കല്ലൂര്‍. ചിത്രത്തിന്‍റെ രചനയും അദ്ദേഹത്തിന്‍റേത് തന്നെയാണ്.

ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയ കഥാപാത്രവും പ്രകടനവും മിഥുന്‍ എം ദാസിന്‍റേതാണ്. അത്രയും ആഴത്തിലും വൈകാരികമായ പശ്ചാത്തലത്തിലും സംവിധായകന്‍ ഒരുക്കിയിരിക്കുന്ന കഥാപാത്രത്തെ അത്രത്തോളം വിശ്വസനീയമായി അവതരിപ്പിച്ചിട്ടുണ്ട് മിഥുന്‍. ചെറുവേഷങ്ങളില്‍ മുന്‍പ് കല്‍ക്കിയിലും കുഞ്ഞെല്‍ദോയിലുമൊക്കെ അഭിനയിച്ചിട്ടുള്ള മിഥുന് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും മികച്ച അവസരമാണ് ഒരു റൊണാള്‍ഡോ ചിത്രത്തിലേത്. അശ്വിന്‍ ജോസിനൊപ്പം ചൈതന്യ പ്രകാശ്, ഹന്ന റെജി കോശി, അനീഷ് ജി മേനോന്‍, ഇന്ദ്രന്‍സ്, മേഘനാഥന്‍, ലാല്‍, അല്‍ത്താഫ് സലിം, സുനില്‍ സുഖദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

പി എം ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം. സിനിമയ്ക്കുള്ളിലെ സിനിമ വരുന്ന, അതില്‍ത്തന്നെ ഷോര്‍ട്ട് ഫിലിമും ഫീച്ചര്‍ ഫിലിമുമൊക്കെ വന്നുപോകുന്ന അങ്ങേയറ്റം ട്രിക്കി ആയ ഒരു ഘടനയാണ് ചിത്രത്തിന്‍റേത്. അങ്ങനെയുള്ള ഒരു ചിത്രത്തെ ആസ്വാദ്യകരമാംവിധം പകര്‍ത്തിയിട്ടുണ്ട് ഉണ്ണികൃഷ്ണന്‍. ഒഴുക്കോടെ ചിത്രത്തെ കൊണ്ടുപോയിട്ടുണ്ട് സാ​ഗര്‍ ദാസിന്‍റെ എഡിറ്റിം​ഗ്. ദീപക് രവിയുടെ സം​ഗീതവും ആഖ്യാനത്തില്‍ സംവിധായകനെ ഏറെ സഹായിച്ചിട്ടുണ്ട്. ഘടനാപരമായി വേറിട്ട പരീക്ഷണമാണ് ഒരു റൊണാള്‍ഡോ ചിത്രം. വൈകാരികമായി നമ്മെ സ്പര്‍ശിക്കുന്ന ഒന്നും.

Govindachamy arrested|Asianet News Live |Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്