ഒറ്റ ഒരു മലയാളം പടമാണ് എന്ന നിര്‍വചനത്തിനപ്പുറം പല ദേശങ്ങളും ഭാഷകളും ജീവിതവും അടയാളപ്പെടുത്താവുന്ന ഒരു ചിത്രമാണ്.

ലയാളിക്ക് ആമുഖങ്ങളൊന്നും ആവശ്യമില്ലാത്ത ചലച്ചിത്ര പ്രവര്‍ത്തകനാണ് റസൂൽ പൂക്കുട്ടി. ഒസ്കാര്‍ അവാര്‍ഡ് നേടിയ ഏക മലയാളി. ഇന്ത്യന്‍ സിനിമയില്‍ ശബ്ദവിസ്മയം തീര്‍ത്ത റസൂൽ പൂക്കുട്ടി സംവിധാനം ചെയ്ത ചിത്രമാണ് ഒറ്റ. സാങ്കേതിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിന്നും സംവിധായകനായി മാറുമ്പോള്‍ റസൂൽ പൂക്കുട്ടി തന്നില്‍ നിന്നും പ്രേക്ഷകന്‍ അര്‍പ്പിക്കുന്ന പ്രതീക്ഷയെ കാക്കുന്നു എന്നതാണ് ഒരു ഇമോഷണല്‍ സോഷ്യോ ഡ്രാമയായ 'ഒറ്റ'യുടെ വിജയം. 

ഒറ്റ ഒരു മലയാളം പടമാണ് എന്ന നിര്‍വചനത്തിനപ്പുറം പല ദേശങ്ങളും ഭാഷകളും ജീവിതവും അടയാളപ്പെടുത്താവുന്ന ഒരു ചിത്രമാണ്. പുതിയ കാലത്തിന്‍റെ ബ്രഹ്മാണ്ഡ 'പാന്‍ ഇന്ത്യന്‍' നിര്‍വചനത്തിനപ്പുറം പാന്‍ ഇന്ത്യന്‍ ജീവിതങ്ങളും മിനിമലെങ്കിലും ശക്തമായി അവതരിപ്പിക്കുന്നു എന്നതിനാല്‍ ഒറ്റയും ഒരു പാന്‍ ഇന്ത്യന്‍ പടമാണ്.

ബാല്യമോ കൗമാരമോ യൗവനമോ, വാര്‍ദ്ധക്യമോ മനുഷ്യന്‍ നടത്തുന്ന ജീവിതയാത്രയില്‍ അവന്‍ അടയാളപ്പെടുത്താനും, തന്‍റെ സ്ഥാനം കണ്ടെത്താനുമുള്ള പ്രയാണമായിരിക്കും. എന്നാല്‍ ഈ യാത്രയില്‍ തേടുന്ന വഴികൾ ചിലപ്പോഴൊക്കെ പാളിപ്പോകാം.അപ്പോള്‍ കണ്ണുതുറന്ന് നോക്കുമ്പോള്‍ കാണുന്നത് ചുറ്റിലും അതിലും വഴിതെറ്റിപ്പോയ, യാതന ജീവിതങ്ങളാണ്. അത്തരം ഒരു ജീവിതകഥയെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്‍റെ ആഖ്യാനം. 

ഹരി എന്ന തമിഴ് ബ്രാഹ്മണ കുടുംബത്തിലെ യുവാവ് ചെറുപ്പം മുതല്‍ പിതാവിന്‍റെ ശിക്ഷണത്തിലാണ് വളരുന്നത്. അതിനാല്‍ തന്നെ വീട്ടിലെ ജീവിത നരക തുല്യമായി അവന് തോന്നുന്നു. പതിനാലാം വയസില്‍ നാടുവിട്ടു പോയ ചീത്തപ്പേരും ഹരിയെ പിന്തുടരുന്നുണ്ട്. അതേ രീതിയിലുള്ള വീട്ടില്‍ നിന്നും വരുന്ന സുഹൃത്ത് ബെന്നുമായി ചേര്‍ന്ന് ഹരിക്ക് ഒരു പ്രത്യേക സമയത്ത് നാടുവിടേണ്ടി വരുന്നു. ഇവര്‍ എത്തിച്ചേരുന്ന ജീവിതാവസ്ഥകളും, സാമൂഹ്യ അന്തരീക്ഷവും, സംഘര്‍ഷങ്ങളും, വൈകാരികതയും എല്ലാമാണ് ഒറ്റയുടെ കഥ.

ആസിഫ് അലിയാണ് ഹരിയെ അവതരിപ്പിക്കുന്നത്. അര്‍ജുന്‍ അശോകന്‍ ബെന്നിനെ അവതരിപ്പിക്കുന്നു. മലയാളം, തമിഴ്, കന്നഡ സിനിമകളിലെ മുൻനിരതാരങ്ങൾ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദിൽ ഹുസൈൻ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മേജർ രവി, സുരേഷ് കുമാർ, ശ്യാമ പ്രസാദ്, സുധീർ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹൻദാസ്, ജലജ, ദേവി നായർ തുടങ്ങി നിരവധി താരങ്ങൾ എത്തുന്നു. 

ഇതില്‍ തന്നെ ആസിഫ് അലിയുടെയും അര്‍ജുന്‍ ആശോകന്‍റെയും പ്രകടനം മികച്ച് നില്‍ക്കുന്നതാണ്. അതേ സമയം തന്നെ ഹരിയുടെ പിതാവായി എത്തുന്ന സത്യരാജിന്‍റെ റോളും വളരെ ഗംഭീരമാണ്. അത് മനോഹരമായി തന്നെ അദ്ദേഹം അവതരിപ്പിക്കുന്നുമുണ്ട്. ഇന്ദ്രജിത്ത് അവതരിപ്പിച്ച രാജു എന്ന വേഷവും ഏറെ മനോഹരമാണ്. ബാക്കിയുള്ള താരങ്ങളും തങ്ങള്‍ക്ക് ഏല്‍പ്പിച്ച കഥാപാത്രത്തെ ഭദ്രമാക്കുന്നുണ്ട്.

സാങ്കേതികമായി വളരെ മികച്ച രീതിയില്‍ തന്നെ ചിത്രം ഒരുക്കിയിട്ടുണ്ട് റസൂല്‍ പൂക്കുട്ടി. പാട്ടുകൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് എം ജയചന്ദ്രൻ സംഗീതമൊരുക്കുന്നത്. സന്ദര്‍ഭോചിതമായ ഗാനങ്ങള്‍ തീയറ്ററില്‍ പ്രേക്ഷകന് ചിത്രത്തെ ഒന്നുകൂടി ആസ്വാദ്യകരമാക്കുന്നു. ഒപ്പം ചിത്രത്തിന്‍റെ വൈകാരികതയും വേദനയും പ്രേക്ഷകനിലേക്ക് നല്‍കുന്നതിലും വിജയിച്ചിട്ടുണ്ട്. വൈരമുത്തു, റഫീക്ക് അഹമ്മദ് എന്നിവരുടെതാണ് വരികള്‍.

അരുൺ വർമ്മന്‍റെ ഛായാഗ്രാഹക അനുഭവം ഒരു യാത്ര പോലെ ചിത്രത്തെ മനോഹരമാക്കുന്നു. സൗണ്ട് ഡിസൈൻ സംവിധായകന്‍ റസൂൽ പൂക്കുട്ടിയും, വിജയകുമാർ ചേർന്നാണ് നടത്തിയിരിക്കുന്നത്. എഡിറ്റർ സിയാൻ ശ്രീകാന്ത്‌ അടക്കം മറ്റ് അണിയറക്കാരും ഗംഭീരമായി തന്നെ ചിത്രത്തെ സാങ്കേതികമായി ഉയര്‍ത്തുന്നുണ്ട്. ചിൽഡ്രൻ റീ യുണൈറ്റഡ് എൽഎൽപിയും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നൊരുക്കുന്ന ഒറ്റയുടെ നിർമ്മാതാവ് എസ് ഹരിഹരനാണ്. ഇദ്ദേഹത്തിന്‍റെ ജീവിത കഥ അടിസ്ഥാനമാക്കി കിരൺ പ്രഭാകറിന്‍റതാണ് കഥ.

എന്തായാലും ഇന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ സാങ്കേതി പ്രവര്‍ത്തകനായ റസൂൽ പൂക്കുട്ടി തന്‍റെ ആദ്യത്തെ സംവിധാന സംരംഭം ഒരുക്കിയത് സ്വന്തം ഭാഷയിലാണ്. അതിനായി തിരഞ്ഞെടുത്തത് ശക്തമായ പ്രമേയവും. തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക് ഹൃദ്യമായ അനുഭവം തന്നെയാണ് 'ഒറ്റ' 

YouTube video player

സംവിധാനം റസൂല്‍ പൂക്കുട്ടി; 'ഒറ്റ'യില്‍ ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്: ട്രെയ്‍ലര്‍

ജീവിതവിജയം നേടിയവരെല്ലാം 'ഒറ്റ'യാന്‍മാരായിരുന്നു; ആദ്യ സംവിധാനത്തെ കുറിച്ച് റസൂല്‍ പൂക്കുട്ടി