ഗൌരവമുള്ള ഉള്ളടക്കം അവതരിപ്പിക്കുമ്പോള്‍ത്തന്നെ ഒരു എന്‍റര്‍ടെയ്‍നര്‍ എന്ന നിലയിലും ശ്രദ്ധേയമായ അവതരണം

മലയാളത്തിലെ യുവതാരനിരയില്‍ സിനിമകളുടെ തിരഞ്ഞെടുപ്പിന്‍റെ കാര്യത്തില്‍ സമീപകാലത്ത് ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരില്‍ ഒരാളാണ് നിവിന്‍ പോളി. കനകം കാമിനി കലഹത്തിനും മഹാവീര്യറിനും ശേഷം നിവിന്‍റേതായി പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തുന്ന ചിത്രമാണ് പടവെട്ട്. കൊവിഡിന്‍റെ തുടക്കകാലത്ത് പ്രഖ്യാപനസമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള പ്രോജക്റ്റ് ആണിത്. നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് അണിയറക്കാര്‍ ഏറെയൊന്നും പറഞ്ഞിരുന്നില്ല. അതേസമയം പ്രീ റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകളൊക്കെ ശ്രദ്ധ നേടുകയും ചെയ്‍തിരുന്നു. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രവും അതിനെ കഥാപാത്രവും നിവിന്‍ പോളിയുടെ ഫിലിമോഗ്രഫിയില്‍ വേറിട്ടുനില്‍ക്കുന്ന ഒന്നാണ്.

നിവിന്‍ പോളിയുടെ ഓണ്‍ സ്ക്രീന്‍ ഇമേജിനെക്കുറിച്ചുള്ള ആലോചനയില്‍ ഭൂരിഭാഗം പ്രേക്ഷകരുടെയും മനസിലേക്ക് ആദ്യമെത്തുന്ന ചിത്രങ്ങളില്‍ ചിലത് പ്രേമവും ഒരു വടക്കന്‍ സെല്‍ഫിയുമൊക്കെയാവും. അലസതയാണ് തിയറ്ററുകളില്‍ ആഘോഷിക്കപ്പെട്ട അദ്ദേഹത്തിന്‍റെ പല ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെയും മുഖമുദ്ര. പടവെട്ടിലെ കോറോത്ത് വീട്ടില്‍ രവിയും അങ്ങനെതന്നെ. പക്ഷേ അയാള്‍ അങ്ങനെയാവാന്‍ കാരണമായ വിശ്വസനീയമായ ഒരു ഭൂതകാലം സംവിധായകന്‍ നല്‍കിയിട്ടുണ്ട്. ട്രാക്കില്‍ ഭാവിയിലെ മിന്നും താരമെന്ന് കായികലോകം കരുതിയ രവിക്ക് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ഒരു വാഹനാപകടത്തെ നേരിടേണ്ടിവന്നിരുന്നു. തന്റെ ആത്മപ്രകാശനം പോലുമായിരുന്ന ട്രാക്കില്‍ നിന്ന് വിട്ടതോടെ ജീവിതത്തിനുതന്നെ പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ അലസഗമനം നടത്തുകയാണ് ആയാള്‍. നാട്ടുകാരുടെയും വീട്ടുകാരുടെയും പരിഹാസങ്ങള്‍ക്കു നടുവില്‍ ജീവിച്ചുപോന്ന രവിക്ക് പ്രാദേശികമായ ചില സംഭവങ്ങളില്‍ ഇടപെടേണ്ടിവരുന്നതും അതയാളെ രാഷ്ട്രീയപരമായി ആഴത്തില്‍ സ്വാധീനിക്കുന്നതുമൊക്കെയാണ് ചിത്രത്തിന്റെ പ്ലോട്ട്.

അവതരണം റിയലിസ്റ്റിക് ആയിരിക്കുമ്പോള്‍ത്തന്നെ ഡ്രാമയുടെ ഘടകങ്ങള്‍ സിനിമാറ്റിക് ആയി കോര്‍ത്തെടുത്തുമാണ് ലിജു കൃഷ്‍ണ കഥ പറയുന്നത്. രവിയുടെ വീടും ചുറ്റുപാടും നാടുമൊക്കെ വളരെ സ്വാഭാവികമായി അവതരിപ്പിച്ചുകൊണ്ടാണ് സിനിമയുടെ തുടക്കം. മലബാറിന്‍റെ ഗ്രാമ്യ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തെ അവിടുത്തെ ഭാഷയും അനുഷ്ഠാനങ്ങളും മിത്തുകളുമൊക്കെ ദൃശ്യ ശ്രാവ്യ അനുഭവമെന്ന നിലയില്‍ ചിത്രത്തെ മണ്ണില്‍ ഉറപ്പിച്ച് നിര്‍ത്തുന്നുണ്ട്. നിവിന്‍ പോളിയുടെ നായക കഥാപാത്രത്തിനൊപ്പം ചില രംഗങ്ങളില്‍ മാത്രം വന്നുപോകുന്ന കഥാപാത്രങ്ങള്‍ക്കും വ്യക്തിത്വം നല്‍കിയിട്ടുണ്ട് എന്നതാണ് ലിജു കൃഷ്ണയുടെ തിരക്കഥയുടെ പ്രത്യേകത. രവിക്കൊപ്പം ജീവിക്കുന്ന ചെറിയമ്മ പുഷ്പയായി രമ്യ സുരേഷ്, സുധീഷിന്‍റെ ഗോവിന്ദന്‍, ദാസന്‍ കൊങ്ങാടിന്‍റെ പൊക്കന്‍ തുടങ്ങി ഒരു സീനില്‍ വന്നുപോകുന്ന ജാഫര്‍ ഇടുക്കിയുടെ മൃഗ ഡോക്ടര്‍ക്കുവരെ സിനിമയില്‍ പ്രാധാന്യമുണ്ട്.

പക്ഷേ നിവിന്‍ പോളിക്കൊപ്പം ചിത്രത്തില്‍ ഏറ്റവുമധികം സ്കോര്‍ ചെയ്യാന്‍ അവസരം ലഭിച്ചത് ഷമ്മി തിലകനാണ്. വലിയ രാഷ്ട്രീയ മോഹങ്ങളുള്ള, വ്യവസായിയും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവുമായ, നെഗറ്റീവ് ഷെയ്ഡ് ഉള്ള കുയ്യാലിയെ ഷമ്മി ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്. വലിയ മേക്കോവര്‍ ഒന്നും നടത്തിയിട്ടില്ലെങ്കിലും ഷമ്മിയെ ഇതുവരെ കാണാത്ത തരത്തിലാണ് സംവിധായകന്‍ അവതരിപ്പിച്ചിട്ടുള്ളത്. ദീപക് ഡി മേനോന്‍റെ ഛായാഗ്രഹണവും ഗോവിന്ദ് വസന്തയുടെ സംഗീതവുമാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്ലസ്. പുറമേക്ക് ലളിതമെന്ന് തോന്നുമെങ്കിലും ഗൌരവമുള്ള ഉള്ളടക്കം പറയുന്ന ചിത്രത്തെ സംവിധായകന്‍ ഉദ്ദേശിക്കുന്ന മൂഡിലേക്ക് ഉയര്‍ത്തുന്നതില്‍ ഈ രണ്ട് ഘടകങ്ങളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. തീം സോംഗില്‍ പോലും മലബാറിന്‍റെ മനോഹരമായ പേച്ചുകള്‍ ചേര്‍ത്ത് അന്‍വര്‍ അലി എഴുതിയ വരികള്‍ കേള്‍ക്കാം.

മരക്കച്ചവടക്കാരനും രാഷ്ട്രീയമോഹിയുമായ കുയ്യാലിയിലൂടെ വര്‍ത്തമാനകാല രാഷ്ട്രീയത്തിലെ ചില സവിശേഷ മുന്നേറ്റങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുന്നുണ്ട് ചിത്രം. ഒപ്പം പരിസ്ഥിതി രാഷ്ട്രീയത്തെയടക്കം ഗൌരവത്തോടെ അവതരിപ്പിക്കുകയും ചെയ്യുന്നു ചിത്രം. ഗൌരവമുള്ള ഉള്ളടക്കം അവതരിപ്പിക്കുമ്പോള്‍ത്തന്നെ ഒരു എന്‍റര്‍ടെയ്നര്‍ ചിത്രം എന്ന നിലയില്‍ പ്രേക്ഷകരോടുള്ള ഉത്തരവാദിത്തവും നിറവേറ്റുന്നു എന്നതാണ് പടവെട്ടിന്‍റെ പ്രത്യേകത.