നിവിന്‍ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ത്രില്ലറാണ് പ്രതിഛായ

മലയാളത്തിന്‍റെ ബിഗ് സ്ക്രീനില്‍ മുന്‍പ് നിരവധി സിനിമകള്‍ വന്നിരുന്ന ജോണര്‍ ആണ് പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്നത്. എന്നാല്‍ മാറിയകാലത്ത് പ്രത്യക്ഷ രാഷ്ട്രീയ പരിസരത്തുള്ള സിനിമകള്‍ നാമമാത്രമായി ചുരുങ്ങിയിട്ടുണ്ട്. നിവിന്‍ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം പ്രതിഛായ ആ ഗണത്തില്‍ പെടുന്ന സിനിമയാണ്. ജീവിച്ചിരുന്നവരോ മരിച്ചുപോയവരോ ആയി ബന്ധമില്ലെന്ന ഡിസ്ക്ലൈമര്‍ ഏത് സിനിമയുടെയും തുടക്കത്തിലേതുപോലെ ഇവിടെയും ഉണ്ടെങ്കിലും മലയാളിയുടെ സമീപകാല രാഷ്ട്രീയ ഓര്‍മ്മകളില്‍ മങ്ങാതെ നില്‍ക്കുന്ന ചില സംഭവങ്ങളുടെ ഛായ സിനിമയുടെ പ്രധാന പ്രമേയ പരിസരത്തിന് ഉണ്ട്.

Add Asianetnews as a Preferred SourcegooglePreferred

ഐക്യ ജനാധിപത്യ മുന്നണിയെ അനുസ്മരിപ്പിക്കുന്ന സര്‍ക്കാരിന്‍റെ അവസാന ഘട്ടം. പാര്‍ട്ടിയുടെ ജനകീയ മുഖമായ കെ എം വര്‍ഗീസ് മുഖ്യമന്ത്രി. രാഷ്ട്രീയ പ്രതിസന്ധികളെ അസാമാന്യ മെയ്വഴക്കത്തോടെ മറികടക്കാറുള്ള വര്‍ഗീസിന് മുന്നിലേക്ക് പക്ഷേ ഒരു ഗുരുതര ആരോപണം വന്നെത്തുകയാണ്. അത് അയാളെ അക്ഷരാര്‍ഥത്തില്‍ തളര്‍ത്തിക്കളയുന്നു. പ്രതിപക്ഷം ആഞ്ഞടിക്കാന്‍ തുടങ്ങുമ്പോഴേക്കും മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാനുള്ള നിയോഗം അയാളുടെ ഇളയ മകന്‍ ജോണിലേക്ക് എത്തുന്നു. അച്ഛന്‍റെയും തന്‍റെ കുടുംബത്തിന്‍റെയും നിരപരാധിത്വം പൊതുജനസമക്ഷം തെളിയിക്കേണ്ടത് പിന്നെ ജോണിന്‍റെ ഉത്തരവാദിത്തം ആവുകയാണ്. പ്രതിച്ഛായ എന്നത് ഏറ്റവും പ്രധാനമായ രാഷ്ട്രീയ രംഗത്ത് പുതുകാലത്ത് അത് എത്ര വേഗത്തില്‍ മാറ്റിവരയ്ക്കപ്പെടാമെന്ന് ചിത്രം പറയുന്നു. ആഴവും ഉള്‍പ്പിരിവുകളുമൊക്കെയുള്ള, മുന്‍പരിചയമില്ലാത്ത ഒരിടത്ത് ജോണ്‍ വര്‍ഗീസിസിന് വിജയം കണ്ടെത്താനാവുമോ എന്നാണ് 2.42 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രതിഛായ നമ്മോട് ചോദിക്കുന്നത്. കെ എം വര്‍ഗീസിനെ ബാലചന്ദ്ര മേനോനും ജോണ്‍ വര്‍ഗീസിനെ നിവിന്‍ പോളിയും അവതരിപ്പിക്കുന്നു.

ടി ദാമോദരന്‍റെയും ഐ വി ശശിയുടെയുമൊക്കെ, വലിയ സ്കെയിലില്‍ ഒരുങ്ങിയ രാഷ്ട്രീയ ചിത്രങ്ങള്‍ കണ്ടുവളര്‍ന്നവരാണ് മലയാളി പ്രേക്ഷകര്‍. കാഴ്ചയുടെ ആ ഓര്‍മ്മ കണ്ടിരിക്കവെ ഉണര്‍ത്തുന്നുണ്ട് ബി ഉണ്ണികൃഷ്ണന്‍ പ്രതിഛായയിലൂടെ. സമീപകാലത്ത് അത്തരമൊരു അനുഭവം മലയാളികള്‍ക്ക് പകര്‍ന്ന മറ്റൊരു ചിത്രം ലൂസിഫര്‍ ആയിരുന്നു. പ്രധാന പ്രമേയ പരിസരം നമ്മുടെ ഓര്‍മ്മയിലെ ഒരു സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെങ്കിലും അതില്‍ നിന്ന് ഒരു സിനിമ വിടര്‍ത്തിയെടുക്കാനായി ആവോളം ഫിക്ഷനും ചേര്‍ത്തിട്ടുണ്ട് ബി ഉണ്ണികൃഷ്ണന്‍. എന്നാല്‍ അവിടവിടെ യാഥാര്‍ഥ്യത്തിന്‍റെ ചില മിന്നലുകള്‍ കാണാമെന്ന് മാത്രം. ഒപ്പം മുന്നണി രാഷ്ട്രീയത്തില്‍ എപ്പോഴും സംഭവിക്കാറുള്ള അധികാര വടംവലിയെ പലപ്പോഴും പരിഹസിക്കുന്നുമുണ്ട് ചിത്രം. ഫാക്റ്റും ഫിക്ഷനും ചേര്‍ത്ത് ഒരു ലാര്‍ജ് സ്കെയില്‍ നിര്‍മ്മിതി നടത്തിയപ്പോഴും അത് പാളിപ്പോയില്ല എന്നതില്‍ ബി ഉണ്ണികൃഷ്ണന് അഭിമാനിക്കാം. മറിച്ച് അദ്ദേഹം ഇതുവരെ ചെയ്തതില്‍ ഏറ്റവും മികച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിക്കും പ്രതിഛായ. ചിത്രത്തില്‍ ഉടനീളം കൈയൊതുക്കവും കൈയടക്കവും പ്രകടിപ്പിക്കുന്നുണ്ട് ബി ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകന്‍.

ചിത്രത്തിലെ ഏറ്റവും മികച്ച കാസ്റ്റിം​ഗ് ബാലചന്ദ്ര മേനോന്‍റേതാണ്. കെ എം വര്‍​ഗീസ് ആയി ജീവിച്ചിട്ടുണ്ട് അദ്ദേഹം. ബോഡി ലാം​ഗ്വേജിലും ചലനങ്ങളിലുമൊക്കെ മിതത്വമുള്ള ഒരു കഥാപാത്രമായാണ് ബാലചന്ദ്ര മേനോന്‍ വര്‍​ഗീസിന് സ്ക്രീനില്‍ എത്തിച്ചിരിക്കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട അഭിനയജീവിതത്തില്‍ ബാലചന്ദ്ര മേനോന്‍റെ ഏറ്റവും ശ്രദ്ധേയ കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ വര്‍​ഗീസ് ഉണ്ടാവും. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ഇറങ്ങിയപ്പോഴും ​ഗൗരവമുള്ള രാഷ്ട്രീയ പരിസരമുള്ള ചിത്രമെന്ന അറിവിലുമൊക്കെ നിവിന്‍ പോളിക്ക് ചേരുന്ന കഥാപാത്രമാണോ ഇതെന്ന സംശയം പ്രേക്ഷകരില്‍ ഒരു വിഭാ​ഗം പങ്കുവച്ചിരുന്നു. എന്നാല്‍ അത്തരം സംശയങ്ങളെ മറവിയിലാക്കുന്ന തരത്തില്‍ അദ്ദേഹം വര്‍​ഗീസിന്‍റെ മകന്‍ ജോണ്‍ ആയി മാറിയിട്ടുണ്ട്. തന്‍റെ സേഫ് സോണില്‍ ഉള്‍പ്പെടാത്ത കഥാപാത്രത്തെ അനായാസമെന്ന് തോന്നുന്ന തരത്തില്‍ പകര്‍ന്നാടിയിട്ടുണ്ട് നിവിന്‍. വര്‍​ഗീസിന്‍റെ മൂത്ത മകന്‍ ടോബിന്‍ വര്‍​ഗീസ് ആയി നിഷാന്ദ് സാ​ഗര്‍, എതിര്‍ പാര്‍ട്ടി നേതാവ് എം വി ജയദേവനായി സായ് കുമാര്‍, ഭരണ പാര്‍ട്ടിയുടെ നേതാവ് പുരുഷോത്തമനായി ഹരിശ്രീ അശോകന്‍, ഒരു കോര്‍പറേറ്റ് നിക്ഷേപകനായി ഷറഫുദ്ദീന്‍, ചാനല്‍ മേധാവിയായി വിഷ്ണു അ​ഗസ്ത്യ എന്നിങ്ങനെയാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയ കാസ്റ്റിം​ഗ്. ഇതില്‍ ഹരിശ്രീ അശോകന്‍റെ കഥാപാത്രം അദ്ദേഹം ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമാണ്. മറ്റൊരു സര്‍പ്രൈസ് കാസ്റ്റിം​ഗ് ആന്‍ അ​ഗസ്റ്റിന്‍റേത് ആണ്.

സാങ്കേതികമായ മികവ് എല്ലാ ഡിപ്പാര്‍ട്ട്മെന്‍റുകളിലും പുലര്‍ത്തിയിരിക്കുന്ന ചിത്രം കൂടിയാണ് പ്രതിഛായ. ഛായാ​ഗ്രഹണവും എഡിറ്റിം​ഗും പശ്ചാത്തല സം​ഗീതവും ഒക്കെ ചേര്‍ന്ന് പുതുകാല രാഷ്ട്രീയ ലോകത്തിന്‍റെ ചടുലതയാണ് ചിത്രം പകരുന്നത്. അധികാരത്തിന്‍റെ ഇടനാഴിയില്‍ എല്ലാം കണ്ട് എവിടെയോ ഇരിക്കുന്നതുപോലെയുള്ള അനുഭവമാണ് പ്രതിഛായ. പ്രതിഛായാ നിര്‍മ്മിതി ഇന്ന് എത്രത്തോളം പണച്ചെലവുള്ള ഒന്നാണെന്നു കൂടി ചിത്രം പറഞ്ഞുവെക്കുന്നുണ്ട്. പ്രതിഛായയുടെ തകര്‍ച്ച വ്യക്തികളെ എത്രത്തോളം ബാധിക്കാമെന്നും.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News