'റാണി ചിത്തിര മാര്‍ത്താണ്ഡ' ഏറ്റവും ശ്രദ്ധേയമായ കാര്യം ​ഗാനങ്ങളാണ്.

പേരിലെ കൗതുകം കൊണ്ട് പലപ്പോഴും സിനിമകൾ ശ്രദ്ധയാകർഷിക്കാറുണ്ട്. അത്തരത്തിലൊരു സിനിമ ആണ് 'റാണി ചിത്തിര മാര്‍ത്താണ്ഡ'. പിങ്കു പീറ്റർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഫാമിലി- റൊമാന്റിക്- കോമഡി എന്റർടെയ്നർ ആണെന്ന് ഒറ്റവാക്കിൽ പറയാം. മെഡിക്കൽ ഷോപ്പ് നടത്തിപ്പുകാരായ ഒരച്ഛന്റെയും മകന്റെയും കഥയാണ് 'റാണി ചിത്തിര മാര്‍ത്താണ്ഡ' പറയുന്നത്. 

മാത്യൂസ്, അൻസൺ, ലിഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. കോട്ടയം നസീർ അച്ഛൻ കഥാപാത്രമായ മാത്യൂസിനെ അവതരിപ്പിക്കുമ്പോൾ അൻസൺ എന്ന മകനായി എത്തുന്നത് ജോസ്കുട്ടി ജേക്കബ് ആണ്. ജോസ്കുട്ടിയുടെ നായികയാണ് കീർത്തന ശ്രീകുമാർ അവതരിപ്പിക്കുന്ന ലിഷ. 

കുട്ടനാട്ടിലെ ക്രിസ്ത്യൻ കുടുംബ പശ്ചാത്തലത്തിൽ ഉള്ള സിനിമയാണ് 'റാണി ചിത്തിര മാര്‍ത്താണ്ഡ'. ഒരു മെഡിക്കൽ ഷോപ്പ് ഉടമയാണ് മാത്യുസ്. ആളൊരു കരക്കശക്കാരനായ അച്ഛനാണ്. മകനെ ഒന്നും ചെയ്യാൻ അനുവദിക്കാത്ത എന്തിനും ഏതിനും കുറ്റം കണ്ടുപിടിക്കുന്ന പ്രകൃതം. അച്ഛനെ പേടിയുള്ള, അദ്ദേഹം പറയുന്നത് മനസില്ലെങ്കിലും അനുസരിക്കേണ്ടി വരുന്നൊരു മകനാണ് അന്‍സണ്‍. വിവാഹത്തിന് താല്പര്യമില്ലാതെ ഹയർ സ്റ്റഡീസിനായി വിദേശത്ത് പോകാൻ നിൽക്കുന്ന ആളാണ് ലിഷ. 

ഒരു പ്രത്യേക സാഹചര്യത്തിൽ അച്ഛനിൽ നിന്ന് മെഡിക്കൽ ബിസിനസ് മകൻ ഏറ്റെടുക്കുന്നു. അതുമായി ബന്ധപ്പെട്ട് വരുന്ന സെക്കൻഡ് ജനറേഷൻ ബിസിനസ് പ്രശ്നങ്ങളാണ് സിനിമ പറയുന്നത്. അതിനിടയിൽ പ്രണയം മൂലം സംഭവിക്കുന്ന ചില കാര്യങ്ങളുമൊക്കെ റൊമാൻറിക് കോമഡി ജോണറിൽ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു. 

പ്രണയ നായകനായി 'ആൻസൺ' എത്തുന്നു, റൊമാന്‍റിക് കോമഡി ജോണറില്‍ 'റാണി ചിത്തിര മാർത്താണ്ഡ'

'റാണി ചിത്തിര മാര്‍ത്താണ്ഡ'യിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം ​ഗാനങ്ങളാണ്. വളരെ മനോഹരമായ ​ഗാനങ്ങൾ ആണ് സിനിമയ്ക്കായി മനോജ് ജോർജ് ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാർ, സുഹൈൽ കോയ എന്നിവരുടേതാണ് വരികൾ. ചിത്രത്തിലെ കഥാപാത്രങ്ങൾ എല്ലാവരും അവരുവരുടെ ഭാ​ഗങ്ങൾ ​ഗംഭീരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കോട്ടയം നസീർ. കർക്കശക്കാരനായ അച്ഛനെ കയ്യടക്കത്തോടെ നസീർ അതി ​ഗംഭീരമാക്കിയിട്ടുണ്ടെന്ന് നിസംശയം പറയാം. വൈശാഖ് വിജയൻ, അഭിഷേക് രവീന്ദ്രൻ, ഷിൻസ് ഷാൻ, കിരൺ പിതാംബരൻ, അബു വളയംകുളം തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കുട്ടനാടിന്‍റെ മനോഹാരിത ഒപ്പിയെടുത്ത നിഖില്‍ എസ് പ്രവീണ്‍ കയ്യടി അര്‍ഹിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..