സജില്‍ മമ്പാട് സംവിധാനം ചെയ്ത ഡര്‍ബി റിവ്യു.
'എനിക്ക് ടെൻഷൻ ഇല്ല. ചെയ്യേണ്ടത് പക്കാ പെർഫെക്ട് ആയിട്ട് തന്നെ ചെയ്തിട്ടുണ്ട്. ഒരാളും മോശം പറയില്ലെന്ന ആത്മവിശ്വാസമുണ്ട്', കഴിഞ്ഞ ദിവസം ഡർബിയുടെ സംവിധായകൻ സജിൽ മമ്പാട് പറഞ്ഞ വാക്കുകളാണിത്. ഈ വാക്കുകൾ അന്വർത്ഥമാക്കുന്ന തരത്തിലുള്ള പ്രകടനമാണ് ഇന്ന് തിയറ്ററിൽ എത്തിയ സിനിമ, പ്രേക്ഷകർക്ക് മുന്നിൽ കാഴ്ചവച്ചതും. കോളേജ് പശ്ചാത്തലുള്ള നിരവധി സിനിമകൾ മലയാളത്തിൽ മുൻപ് വന്നിട്ടുണ്ട്. ക്യാമ്പസ് പ്രണയം, രാഷ്ട്രീയം, സൗഹൃദം തുടങ്ങിയവയായിരുന്നു അവയുടെ പ്രമേയങ്ങൾ. ഇതെല്ലാം കൂട്ടിച്ചേർത്ത്, എന്നാല്‍ രാഷ്ട്രീയം ഇല്ലാതെ ഇന്നത്തെ കാലത്തെ അതായത് ന്യൂ ജനറേഷൻ ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ സിനിമയാണ് ഡർബി. നല്ല കലക്കൻ ക്യാമ്പസ് 'തല്ലുമാല' എന്ന് തന്നെ സിനിമയെ വിശേഷിപ്പിക്കാം.
എംഇഎസ് ആർട്സ് കോളേജ് മമ്പാടിലാണ് ഡർബിയുടെ കഥ നടക്കുന്നത്. ഈ ക്യാമ്പസിൽ രണ്ട് ഗ്യാങ്ങുകളാണുള്ളത്. വൈകിങ്സും ഹൂലികിങ്സും. ഇവരെ പരിചയപ്പെടുത്തി കൊണ്ടാണ് സിനിമ തുടങ്ങുന്നത്. ഒപ്പം ഒരു ഫ്രഷേഴ്സ് ഡേയും. ഇരു ടീമും തമ്മിൽ നടക്കുന്ന അടിയോടെ എത്തുന്ന ചിത്രം പിന്നീട് അങ്ങോട്ട് സംഘട്ടനങ്ങളുടെ മേളമാണ്. വൈകിങ്സും ഹൂലികിങ്സും ഭരിക്കുന്ന ക്യാമ്പസിലേക്കാണ് അർജുൻ, സന്ദീപ്, യൂസഫ്, ഷോൺ, മരിയ തുടങ്ങിയവർ നവാഗതരായി എത്തുന്നത്. ഇവരുമായി സീനിയേഴ്സ് കൊമ്പുകോർക്കുന്നതും പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. എന്നാൽ സാധാരണഗതിയിൽ ജൂനിയർമാരെ വിറപ്പിക്കുന്ന സീനിയർ എന്ന ക്ലീഷേ രീതി സജിൽ മമ്പാടും സംഘവും തിരുത്തി കുറിച്ചിട്ടുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന സന്ദർഭങ്ങൾക്കൊപ്പം ഗോപി സുന്ദറിന്റെ മ്യൂസിക് കൂടിയായപ്പോൾ ഡർബി നല്ല കലക്കൻ ക്യാമ്പസ് ചിത്രമായിട്ടുണ്ട്.

പ്രണയവും സൗഹൃദവും സ്നേഹവും സംഘട്ടനങ്ങളും സംഘർഷങ്ങളും എല്ലാം കോർത്തിണക്കിയ ഡർബിയിലെ പ്രധാന ഹൈലൈറ്റ് അഭിനേതാക്കളാണ്. യുവതാരങ്ങളെ, അതായത് ജെൻസി വൈബിലുള്ള താരങ്ങളെ ഉൾക്കൊള്ളിച്ചാണ് സജിൽ മമ്പാട് സിനിമ ഒരുക്കിയിരിക്കുന്നത്. അത് തന്നെ സിനിമയ്ക്ക് വലിയൊരു പോസിറ്റീവ് മാറിയിട്ടുണ്ട്. ആദം സാബിക്ക്, സാഗർ സൂര്യ, അമീൻ, ഹരി ശിവറാം, റിഷ് എൻ. കെ തുടങ്ങിയ താരങ്ങളാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. ഓസ്ലർ എന്ന സിനിമയിൽ മമ്മൂട്ടിയുടെ ചെറുപ്പകാലം അവതരിപ്പിച്ച് കയ്യടി നേടിയ ആദത്തിന്റെ പുതിയൊരു ലുക്ക് ഡർബിയിൽ കാണാൻ സാധിക്കും.
സെക്കന്റ് ഹാഫിലാണ് വരുന്നതെങ്കിലും സാഗർ തന്റെ നെഗറ്റീവ് ഷെയ്ഡ് വേഷം എപ്പോഴത്തേയും പോലെ കളറാക്കിയിട്ടുണ്ട്. ഡർബിയിലെ മെയിൻ താരം അൽ അമീൻ ആണ്. സിനിമയെ പിടിച്ചു നിർത്തിയതിൽ പ്രധാന പങ്കുവഹിച്ചത് അമീന്റെ ഷോൺ എന്ന വേഷമാണെന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല. പ്രകമ്പനം എന്ന സിനിമയിൽ സാഗറും അമീനും സുഹൃത്തുക്കളായി വൻ വൈബിലാണ് എത്തിയതെങ്കിൽ, ഡർബിയിൽ ഓപ്പോസിറ്റ് വേഷങ്ങളിൽ കിടിലം പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. മറ്റുള്ളവരും അവരവരുടെ വേഷങ്ങളെല്ലാം കൃത്യവും വ്യക്തവുമായി ചെയ്തുവച്ചിട്ടുണ്ട്. പ്രത്യേകിച്ച് വില്ലൻ വേഷങ്ങൾ ചെയ്തവരെല്ലാം. ഇവർക്കൊരു ഇടി കൂടുതൽ കിട്ടണം എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു പ്രകടനങ്ങൾ.

അനു, ജസ്‌നിയ ജയദീഷ്, ശിവരാജ്, പ്രവീൺ, ആൻ മെർലറ്റ്, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ, ദിവ്യ എം നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർഗ്ഗീസ്, ആർ.ജെ അന്തു, ഷിക്കു നസീർ, ഹബീബ് ഷാജഹാൻ, ഫാഹിസ് ബിൻ റിഫാഹി, മനൂപ് എലമ്പ്ര തുടങ്ങിയവരാണ് മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
സഹ്‌റു സുഹ്റ, അമീർ സുഹൈൽ എന്നിവർ തിരക്കഥ ഒരുക്കിയ ഡർബിയുടെ ഛായാഗ്രാഹകൻ അഭിനന്ദൻ രാമനുജം ആണ്. മികച്ചതും എൻഗേജിങ്ങുമായിട്ടുള്ള വിഷ്വൽസ് കൊണ്ട് അഭിനന്ദൻ തന്റെ ജോലി മികച്ചതാക്കിയിട്ടുണ്ട്. ആകെ മൊത്തത്തിൽ മലയാള സിനിമയിൽ വീണ്ടും ഒരു ആവേശകരമായ ക്യാമ്പസ് പോരാട്ടത്തിന് കളമൊരുക്കിയിരിക്കുകയാണ് ഡർബി. പേരിടോട് ആദിമധ്യാന്തം നീതി പുലർത്തിയ സജിൽ മമ്പാടിന് സന്തോഷിക്കാനും വകയുണ്ട്.



