ഷെയ്ൻ- മഹിമ കോമ്പോ പോലെ തന്നെ എടുത്തു പറയാവുന്ന ഒന്നാണ് ഷെയ്നും ബാബു രാജും തമ്മിലുള്ള കോമ്പോ.

ലയാള സിനിമയില്‍ നിരവധി താര ജോഡികൾ ഉണ്ടായിട്ടുണ്ട്. മോഹൻലാൽ-ശോഭന(ഉര്‍വശി, രേവതി), ജയറാം- പാർവതി, മമ്മൂട്ടി- ശോഭന(സുഹാസിനി) അങ്ങനെ പോകുന്നു ഉദാഹരണങ്ങൾ. അത്തരത്തിലൊരു താരജോഡി ആയിരിക്കുകയാണ് ഷെയ്ൻ നി​ഗമും മഹിമ നമ്പ്യാരും. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നുവെന്ന നിലയിൽ പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ സിനിമയാണ് 'ലിറ്റിൽ ഹാർട്സ്'. കാത്തിരിപ്പുകൾക്കും പ്രതീക്ഷകൾക്കും ഷെയ്ൻ നി​ഗം ചിത്രം മങ്ങലേൽപ്പിച്ചില്ല എന്ന് ഉറപ്പു നൽകിയിരിക്കുകയാണ് ഇപ്പോൾ. 

ഒരു സിനിമയെ സംബന്ധിച്ച് പ്രണയം മുഖ്യഘടകമാണ്. ഇതേ ചുറ്റിപ്പറ്റി ഒട്ടനവധി സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുമുണ്ട്. അത്തരത്തിലൊരു പ്രണയ ചിത്രമാണ് ലിറ്റിൽ ഹാർട്സ്. എന്നാൽ ഒരു ചിത്രത്തിൽ മൂന്ന് പ്രണയവും അവയുടെ കഥകളും ആണ് മറ്റ് പ്രണയ ചിത്രങ്ങളിൽ നിന്നും ലിറ്റിൽ ഹാർട്സിനെ വ്യത്യസ്തമാക്കുന്നത്. സിബി, ബേബി, ശോശ, ജോൺസൺ, പപ്പൻ, സിസിലി, ഷാരോൺ, ജോയ്, അനിത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. 

മലയോര മേഖലയിൽ താമസിക്കുന്ന സാധാരണക്കാരനായ സിബി(ഷെയ്ൻ നി​ഗം) എന്ന യുവാവിന്റെ കഥയാണ് ലിറ്റിൽ ഹാർട്സ് പറയുന്നത്. സിബിന്റെ അപ്പനാണ് ബേബി(ബാബു രാജ്). അച്ഛൻ- മകൻ ബന്ധം ആണെങ്കിലും ഇരുവരും സുഹൃത്തുക്കളെ പോലെയാണ്. അപ്പന്റെ പ്രണയത്തിന് ഒപ്പം നിൽക്കുന്ന മകനാണ് സിബി. പ്രണയത്തിന്റെയും കോമഡിയുടെയും മെമ്പൊടിയോടെ മുന്നോട്ട് പോയ ചിത്രത്തിൽ അപ്രതീക്ഷിതമായി ചില ട്വിസ്റ്റ് നടക്കുന്നുണ്ട്. ശേഷം നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മറ്റാരോടും തുറന്നു പറയാൻ സാധിക്കാതെ, സമൂഹം എങ്ങനെ നോക്കിക്കാണും എന്ന പേടിയോടെ എല്ലാം ഉള്ളിലൊതുക്കി കഴിയുന്ന മനുഷ്യരുടെ മാനസിക സംഘർഷങ്ങളും ലിറ്റിൽ ഹാർട്സ് വരച്ച് കാട്ടുന്നുണ്ട്. 

ഷെയ്ൻ- മഹിമ കോമ്പോ പോലെ തന്നെ എടുത്തു പറയാവുന്ന ഒന്നാണ് ഷെയ്നും ബാബു രാജും തമ്മിലുള്ള കോമ്പോ. അച്ഛൻ- മകൻ ബന്ധത്തിന്റെ രസകരമായ വശം കാട്ടിത്തരുന്നുണ്ട് ഇരുവരും ചിത്രത്തിലൂടെ. ഇതുപോലൊരു അച്ഛനും മകനും ആകാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് പ്രേക്ഷകനെ ഒന്നിരുത്തി ചിന്തിപ്പിക്കുന്നുമുണ്ട് ഇവർ. ഷൈൻ ടോം ചാക്കോ, രഞ്ജി പണിക്കർ, മാലാ പാർവതി, ജാഫർ ഇടുക്കി, ഷമ്മി തിലകൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എപ്പോഴത്തെയും പോലെ അവരവർ തങ്ങളുടെ ഭാ​ഗങ്ങൾ അതി​ഗംഭീരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. കോമഡി- റൊമാന്റിക് ജോണറിൽ ഒരുങ്ങിയ ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുമെന്ന കാര്യത്തിൽ സംശയമില്ല. 

അച്ഛൻ നാട്ടുകാർക്ക് വേണ്ടി നടുവൊടിഞ്ഞാണ് പണി എടുക്കുന്നത്, ജയിച്ചില്ലേലും മാറ്റമുണ്ടാവില്ല: ഭാ​ഗ്യ സുരേഷ്

മലയോര മേഖലയുടെ ദൃശ്യവിസ്മയം പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച ഛായാ​ഗ്രാഹകനും സം​ഗീതം ഒരുക്കിയ കൈലാസ് മേനോനും കയ്യടി അർഹിക്കുന്നുണ്ട്. പ്രണയിതാക്കളുടെ പ്ലെ ലിസ്റ്റിൽ ഇടം നേടാൻ പോകുന്ന ഒരുകൂട്ടം മികച്ച ​ഗാനങ്ങളാണ് ലിറ്റിൽ ഹാർട്സിൽ ഉള്ളത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും വിൽ‌സൺ തോമസും ചേർന്ന് നിർമിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയത് രാജേഷ് പിന്നാടൻ ആണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..