'കാക്കിപ്പട' എന്ന ചിത്രത്തിന്റെ റിവ്യു.

പ്രമേയം കൊണ്ട് വേറിട്ടുനില്‍ക്കുന്ന ഒരു ചിത്രമാണ് 'കാക്കിപ്പട'. പ്രമേയം അര്‍ഹിക്കുന്ന ഗൗരവതരമായ സമീപനം കൊണ്ടും ചിത്രം ശ്രദ്ധിക്കപ്പെടും. ഷെബി ചൗഘട്ട് സംവിധാനം ചെയ്‍ത ചിത്രം ജനപ്രിയ ചേരുവകള്‍ കുത്തിനിറച്ച ഒന്നല്ല. എന്നാല്‍ പ്രേക്ഷകരെ ആകര്‍ഷിക്കും വിധമുള്ള കഥ പറച്ചില്‍ കൊണ്ട് 'കാക്കിപ്പട' പ്രിയംനേടുകയും ചെയ്യും.

ഒരു കൊച്ച് പെണ്‍കുട്ടിയെ കൊന്ന് കെട്ടിത്തൂക്കിയ ദൃശ്യം ആദ്യ രംഗങ്ങളില്‍ തന്നെ കാട്ടി 'കാക്കിപ്പട'യിലെ പ്രമേയത്തെ അടയാളപ്പെടുത്തിയാണ് തുടക്കം. പ്രതി അറസ്റ്റിലായി എന്ന് തുടര്‍ സംഭാഷണങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുമ്പോള്‍ നാട്ടുകാരില്‍ നിന്ന് ഉണ്ടായേക്കാവുന്ന രോഷത്തെ പ്രതിരോധിക്കാൻ ഒരു സംഘം റിസേവ്‍ഡ് പൊലീസ് ഫോഴ്‍സിനെ നിയോഗിക്കുന്നു. നാട്ടിലെ പ്രമാണിയുടെ മകനാണ് പ്രതി. അതിനാല്‍ തന്നെ അവരില്‍ നിന്ന് ഭീഷണിയും സമ്മര്‍ദ്ദവും അനുനയശ്രമങ്ങളും എല്ലാം പൊലീസ് സംഘത്തിന് നേരിടേണ്ടി വരുന്നുണ്ട്. ചിലര്‍ പ്രലോഭനങ്ങള്‍ക്ക് വശംവദരാകുന്നതായും കാണിക്കുന്നുണ്ട്. കുഞ്ഞിന് സംഭവിച്ച ദുരനുഭവത്തില്‍ രോഷാകുലരുമാണ് പൊലീസ് സംഘത്തിലെ ഭൂരിഭാഗം ആള്‍ക്കാരും.

പൊലീസ് സംഘത്തിനൊപ്പം സമാന്തരമായി കുഞ്ഞിന്റെ കുടുംബത്തിന്റെ കഥയും ചിത്രം പറയുന്നു. ആ കുടുംബത്തിന്റെ അനുഭവങ്ങള്‍ എങ്ങനെയാണ് പൊലീസുകാരുടെ മനസിനെ സ്വാധീനിക്കുന്നത് എന്നും തുടര്‍ രംഗങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ആ കുഞ്ഞിന് നീതി ലഭിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമാണ് ചിത്രം പറയുന്നത്. എന്തെല്ലാം കടമ്പകളാണ് മറികടക്കേണ്ടി വരുന്നത് എന്നും ദൃശ്യവത്‍കരിക്കുന്ന 'കാക്കിപ്പട' പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതും എന്നാല്‍ പ്രതീക്ഷിക്കാത്തതുമായ ഒരു ട്വിസ്റ്റോടെയുമാണ് അവസാനിക്കുന്നത്.

രാജ്യത്തെ ചില സംഭവങ്ങള്‍ പ്രചോദനമാക്കി ഇങ്ങനെയൊരു പ്രമേയം തെരഞ്ഞെടുത്തതിന് തന്നെ സംവിധായകൻ ഷെബി ചൗഘട്ട് അഭിനന്ദനമര്‍ഹിക്കുന്നു. കൃത്യമായ പഠനം നടത്തിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എന്നും വ്യക്തമാകും. കഥാപാത്രങ്ങളോട് ഇമോഷണല്‍ കണക്റ്റാവുന്ന രംഗങ്ങള്‍ പാളിച്ചകളില്ലാതെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു എന്നിടത്താണ് 'കാക്കിപ്പട' പ്രേക്ഷകനോട് ചേര്‍ന്നുനില്‍ക്കുന്നത്. ക്രമസമാധാനത്തിന് നിയോഗിക്കപ്പെടുന്ന പൊലീസ് സംഘത്തിലെ കഥാപാത്രങ്ങള്‍ക്ക് ഒരു നോട്ടം കൊണ്ടെങ്കിലും വ്യക്തിത്വം നല്‍കി ബുദ്ധിപൂര്‍വമായ ശ്രമം സംവിധായകന്റെ ഭാഗത്ത് നിന്ന് ഉണ്ടായി എന്നതും ചിത്രത്തില്‍ പ്രകടമാണ്.

സുജിത്ത് ശങ്കര്‍, നിരഞ്‍ജ് മണിയൻപിള്ളരാജു, ശരത് അപ്പാനി എന്നിവരാണ് പൊലീസ് സംഘത്തിലെ പ്രധാനികളെ അവതരിപ്പിച്ചിരിക്കുന്നത്. 'മോഹനൻ' എന്ന എസ്ഐ കഥാപാത്രമായി സുജിത് ശങ്കര്‍ പക്വതയോടെയുള്ള പ്രകടനം കാഴ്‍ചവെച്ചിരിക്കുന്നു. 'അമീര്‍' എന്ന പൊലീസുകാരൻ കഥാപാത്രത്തിന്റെ ഭാവങ്ങള്‍ ശരത് അപ്പാനിയിലും ഭദ്രമായിരുന്നു. ചിത്രം പുരോഗമിക്കവേ നിര്‍ണമായകമായി മാറുന്ന കഥാപാത്രമായ 'അക്ഷയ്' ആയി നിരഞ്‍ജ് മണിയൻപിള്ള രാജു 'കാക്കിപ്പട'യില്‍ തന്നെ അടയാളപ്പെടുത്തിയിരിക്കുന്നു.

'രാധിക'യായുള്ള ഷൈലജ അമ്പുവിന്റെ ഭാവപകര്‍ച്ചകള്‍ ചിത്രത്തില്‍ വിസ്‍മയിപ്പിക്കുന്നു. ഏറ്റവും പ്രകടന സാധ്യതയുടെ ലഭിച്ചിരിക്കുന്നത്. സങ്കടവും രോഷവുമെല്ലാം കയ്യടക്കത്തോടെ ഷൈലജ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. മണികണ്ഠൻ ആചാരി, സിനോജ് വര്‍ഗീസ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ 'കാക്കിപ്പട'യില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ജാസി ഗിഫ്റ്റിന്റെ മനോഹരമായ പാട്ട് ചിത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. റോണി റാഫേലിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ വൈകാരികവും ഉദ്വേഗജനകവുമായ കഥാസന്ദര്‍ഭങ്ങളെ ആകര്‍ഷകമാക്കുന്ന ഘടകമാണ്. പ്രശാന്ത് കൃഷ്‍ണയുടെ ഛായാഗ്രാഹണവും ഷെബിയുടെ ചിത്രം അര്‍ഹിക്കുന്ന തരത്തിലുള്ള റിയലിസ്റ്റിക് സമീപനത്തോടെയാണ്. തിയറ്ററുകളില്‍ തന്നെ കാണേണ്ട ഒരു കുടുംബ ചിത്രമാണ് തീര്‍ച്ചയായും 'കാക്കിപ്പട'.

Read More: ഫുട്‍ബോള്‍ ഇതിഹാസത്തിന് ആദരവായി ഹിറ്റ് ഗാനം പങ്കുവെച്ച് എ ആര്‍ റഹ്‍മാൻ