ആന്‍സണ്‍ പോളും രാഹുല്‍ മാധവും ഒരുപോലെ സ്കോര്‍ ചെയ്‍ത ചിത്രം

ഇന്ത്യന്‍ സിനിമയ്ക്ക് എക്കാലവും പ്രിയപ്പെട്ട വിഷയമാണ് ക്യാമ്പസ് പശ്ചാത്തലമാക്കുന്ന പ്രണയചിത്രങ്ങള്‍. മലയാളത്തിലും പല കാലങ്ങളിലായി എത്തി ജനപ്രീതി നേടിയ ചിത്രങ്ങള്‍ ആ ഗണത്തില്‍ നമ്മുടെ മനസില്‍ ഇപ്പോഴുമുണ്ട്. ഇപ്പോഴിതാ ആ നിരയിലേക്ക് മലയാളത്തില്‍ നിന്ന് ഒരു പുതിയ എന്‍ട്രി എത്തിയിരിക്കുകയാണ്. അൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യാ ആൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ രാജാസാഗർ സംവിധാനം ചെയ്തിരിക്കുന്ന താള്‍ എന്ന ചിത്രമാണ് അത്.

പോസിറ്റീവ് അഭിപ്രായം വന്നാല്‍ മിനിമം ഗ്യാരന്‍റി ലഭിക്കുമെങ്കിലും ക്യാമ്പസ് പശ്ചാത്തലമാക്കി എന്നതുകൊണ്ട് മാത്രം ഒരു ചിത്രവും വിജയിക്കില്ല. തുടക്കത്തില്‍ ഒരു സാധാരണ ക്യാമ്പസ് ചിത്രം പോലെ ആരംഭിച്ച് പോകെപ്പോകെ പ്രേക്ഷകര്‍ക്ക് ഒരിക്കലും മുന്‍കൂട്ടി കാണാനാവാത്ത വഴികളിലൂടെ സഞ്ചരിക്കുകയാണ് താള്‍. ക്യാമ്പസ് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ പ്രധാന തീം പ്രണയമാണെങ്കിലും ഒരു ത്രില്ലര്‍ കൂടിയാണ് താള്‍. അതാണ് രാജാസാഗറിന്‍റെ ചിത്രത്തെ വ്യത്യസ്തമാക്കുന്നതും.

രണ്ട് കാലഘട്ടങ്ങളിലായി കഥ പറയുന്ന ചിത്രമാണിത്. ഇപ്പോഴത്തെ കാലത്തും 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറ്റൊരു തലമുറയുടെ കോളെജ് ജീവിത കാലത്തും. സൈക്കോളജിയില്‍ കോളെജ് അധ്യാപകനായ രാഹുല്‍ മാധവിന്‍റെ കഥാപാത്രത്തിന് മുന്നില്‍ തങ്ങളുടെ ചില സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ലഭിക്കാനായി അതേ കോളെജിലെ രണ്ട് വിദ്യാര്‍ഥികള്‍ എത്തുകയാണ്. വിദ്യാര്‍ഥികളോട് പുറമേക്ക് പരുക്കനായി ഇടപെടാറുള്ള ഈ അധ്യാപകന് മുന്നില്‍ ചോദ്യങ്ങളുമായി എത്താന്‍ ആദ്യം അവര്‍ക്ക് മടിയാണെങ്കിലും അയാള്‍ക്ക് സഹായിക്കാന്‍ കഴിയുമെന്ന ഉറച്ച ധാരണയില്‍ അവര്‍ അതിന് മുതിരുകയാണ്. 23 വര്‍ഷം മുന്‍പുള്ള, തന്‍റെ കൂടി ക്യാമ്പസ് കാലത്തേക്കാണ് ഈ അധ്യാപകന്‍ ആ വിദ്യാര്‍ഥികളെയും ഒപ്പം പ്രേക്ഷകരെയും കൊണ്ടുപോകുന്നത്. ഒരു സാധാരണ പ്രണയചിത്രമെന്ന നിലയില്‍ തുടങ്ങി, മനശാസ്ത്ര വഴികളിലൂടെ, ഇനിയെന്തെന്ന ആകാംക്ഷയുടെ മുനമ്പിലേക്ക് ക്ലൈമാക്സില്‍ പ്രേക്ഷകരെ എത്തിക്കുന്നുണ്ട് രാജാസാഗര്‍. 

ആന്‍സണ്‍ പോളും രാഹുല്‍ മാധവും ഒരുപോലെ സ്കോര്‍ ചെയ്തിട്ടുണ്ട് ചിത്രത്തില്‍, ഒപ്പം ആരാധ്യ ആനും. മാസ് ഗെറ്റപ്പിനൊപ്പം നിരവധി അഭിനയമുഹൂര്‍ത്തങ്ങളും നായകനായ ആന്‍സണിന് നല്‍കുന്ന തിരക്കഥയാണ് താളിന്‍റേത്. അദ്ദേഹം അത് മനോഹരമായി അവതരിപ്പിച്ചിട്ടുമുണ്ട്. നായകനോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് ആരാധ്യയുടേത്. ആദ്യകാഴ്ചയില്‍ സിംപിളും ഹാപ്പിയുമൊക്കെയായി തോന്നിപ്പിക്കുന്ന ഈ കഥാപാത്രമാണ് ആഖ്യാനത്തിന്‍റെ കേന്ദ്രസ്ഥാനത്ത് നിന്ന് പ്രേക്ഷകരെ നിരന്തരം ഞെട്ടിക്കുന്നത്. ഒരു തുടക്കക്കാരിയുടെ പതര്‍ച്ചകളൊന്നുമില്ലാതെ അല്‍പം ഹെവിയായ ഈ കഥാപാത്രത്തെ ആരാധ്യ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

കഥപറച്ചിലിന്‍റെ ഒഴുക്കിന് തടസമൊന്നും സൃഷ്ടിക്കാത്ത ഛായാഗ്രഹണവും സംഗീതവുമാണ് ചിത്രത്തിന്‍റേതെന്ന് എടുത്ത് പറയേണ്ടതാണ്. അതേസമയം ആഖ്യാനത്തില്‍ സംവിധായകന് താങ്ങാവുന്നുമുണ്ട് ഈ ഡിപ്പാര്‍ട്ട്മെന്‍റുകള്‍. സിനു സിദ്ധാര്‍ഥ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. സംഗീതവും പശ്ചാത്തല സംഗീതവും ബിജിബാലും. മേക്കിംഗില്‍ കെട്ടുകാഴ്ചകളൊന്നുമില്ലാതെ, ലളിതമായി ഉള്ള് തൊടുന്ന ഒരു കഥ പറയുന്ന ചിത്രമാണ് പേര് സൂചിപ്പിക്കുന്നതുപോലെ താള്‍. തിയറ്റര്‍ കാഴ്ചയില്‍ നിരാശപ്പെടുത്തില്ല ഈ ചിത്രം.

ALSO READ : എത്തിയത് 55 മിനിറ്റ് കട്ടോടെ; ഇത് ഒറിജിനലിനേക്കാള്‍ ഗംഭീരം? 'ആളവന്താന്‍' റീ റിലീസ് പ്രതികരണങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം