Asianet News MalayalamAsianet News Malayalam

'നിശാഗന്ധി നിശബ്ദമായ രാത്രി..'; അരനൂറ്റാണ്ടിനിപ്പുറവും ഭയപ്പെടുത്തുന്നു ദി എക്‌സോർസിസ്റ്റ്

അര നൂറ്റാണ്ടോളം പഴക്കമുള്ള ഒരു സിനിമ, ഇപ്പോഴും പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്നതെങ്ങനെ എന്നതിന് സാക്ഷ്യം വഹിക്കുകയായിരുന്നു നിശാഗന്ധി. അത്രമേൽ ഭീതി നിറയ്ക്കാൻ എന്താണ് ദി എക്‌സോർസിസ്റ്റില്‍ വില്ല്യം ഫ്രീഡ്കിൻ ഒരുക്കി വെച്ചത്? 

the exorcist review
Author
First Published Dec 14, 2023, 10:53 AM IST

യം, മനുഷ്യന്റെ ഭയത്തെ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിച്ച് അവിടെ ആസ്വാദനത്തിന്റെ പുതിയൊരു തലം സൃഷ്ടിയ്ക്കുന്നത് അത്ര എളുപ്പമല്ല, പണ്ട് ചാത്തനേയും മാടനെയും ഭീകരതയുടെ നിറം ചാർത്തി, മനസ്സിൽ ആദ്യമായി ഭയത്തിന്റെ വിത്ത് പാകിയിരുന്ന മുത്തശ്ശി കഥ കേൾക്കാൻ ഒരു കരിമ്പടത്തിനുള്ളിൽ ഒത്തുചേർന്ന ബാല്യത്തെ ഓർമ്മിപ്പിക്കും വിധമായിരുന്നു കഴിഞ്ഞ ദിവസം നിശാഗന്ധി ഓഡിറ്റോറിയം ഉണ്ടായിരുന്നത്. ലോകത്തെങ്ങും ഏറെ ആരാധകരുള്ള ചലച്ചിത്രകാരന്‍  വില്ല്യം ഫ്രീഡ്കിനുള്ള ആദരവായി അദ്ദേഹത്തിന്റെ ഹൊറർ ചിത്രം 'ദി എക്‌സോർസിസ്റ്റ്' പ്രദർശിപ്പിച്ചിരുന്നു. അര നൂറ്റാണ്ടോളം പഴക്കമുള്ള ഒരു സിനിമ, ഇപ്പോഴും പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്നതെങ്ങനെ എന്നതിന് സാക്ഷ്യം വഹിക്കുകയായിരുന്നു നിശാഗന്ധി. അത്രമേൽ ഭീതി നിറയ്ക്കാൻ എന്താണ് ദി എക്‌സോർസിസ്റ്റില്‍ വില്ല്യം ഫ്രീഡ്കിൻ ഒരുക്കി വെച്ചത്? 

the exorcist review

വില്യം പീറ്റർ ബ്ലാറ്റിയുടെ 1971ല്‍ പുറത്തിറങ്ങിയ  നോവലിനെ അടിസ്ഥാനമാക്കിയാണ് 1973ല്‍ ദി എക്സോർസിസ്റ്റ് എന്ന ചിത്രം പുറത്തിറങ്ങുന്നത്. കഥ പശ്ചാത്തലങ്ങളെല്ലാം അൻപത് വർഷം പിന്നിലാണെങ്കിലും ഇന്നും അത് കാണികളിൽ നിറയ്ക്കുന്നത് പുതുമയാണ്.  വടക്കൻ ഇറാഖിൽ, പുരോഹിതനായ ലങ്കെസ്റ്റർ മെറിൻ ഹത്രയുടെ നേതൃത്വത്തിൽ നടക്കുന്ന പുരാവസ്തു ഖനനത്തിന്റെ കാഴ്ചകളിലൂടെയാണ് ചിത്രം തുടങ്ങുന്നത്. വരണ്ടുങ്ങിയ മണ്ണിൽ തകർച്ച നേരിട്ട ഏതോ ഭൂതകാലത്തെ ചുരണ്ടിയെടുക്കകയാണ് അയാൾ. അസാധാരണമായ എന്തോ ഒന്ന് കണ്ടെത്തിയിട്ടുണ്ടെന്ന അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് അയാൾ ഖനനം നടക്കുന്ന മറ്റൊരു ഭാഗത്തേക്ക് എത്തിച്ചേർന്നു. ചിതറിക്കിടക്കുന്ന എന്തൊക്കൊയോ അവശിഷ്ടങ്ങൾ കണ്ട അയാളുടെ മുഖം ശാന്തമാണെങ്കിലും ആ കുഴിയിൽ നിന്നും വീണ്ടും ലഭിച്ച വസ്തു കണ്ട് അദ്ദേഹത്തിന്റെ മുഖത്ത് ആശങ്ക നിറയുന്നു. ചിറകുള്ള ജീവിയെ കൊത്തിവെച്ച പച്ച നിറത്തിലുള്ള ഒരു കല്ലാണ് അവർക്ക് ലഭിച്ചത്. വരാനിരിക്കുന്ന യുദ്ധത്തെ ചൂണ്ടികാണിക്കും വിധം, തയ്യാറായിക്കൊള്ളാൻ ആഹ്വാനം ചെയ്യുന്നതിന് തുല്യമായി ആ വിചിത്ര രൂപത്തിന്റെ ഭീമാകാരമായ രൂപം ലങ്കെസ്റ്റർ മെറിന്റെ മുന്നിൽ വെളിവാകുന്നുണ്ട്. 

കഥയുടെ ആധാരം ഈ ഏറ്റുമുട്ടലായിരിക്കുമെന്ന് സൂചന നൽകികൊണ്ട്  ചിത്രം സഞ്ചരിക്കുന്നത് മറ്റൊരു കഥാഗതിയിലേക്കാണ്. വാഷിംഗ്ടൺ ഡിസിയിൽ, നടി ക്രിസ് മക്നീൽ തന്റെ സുഹൃത്ത് ബർക്ക് ഡെന്നിംഗ്സ് സംവിധാനം ചെയ്യുന്ന ഒരു സിനിമയിൽ അഭിനയിക്കുകയാണ്. ആളുകളുടെ ഹർഷാരവങ്ങളും ചിത്രീകരണവും എല്ലാം ആഘോഷതുല്യമാണ്. ക്രിസിനറെ സ്വകാര്യ ജീവിതത്തിൽ അവർക്ക് 12 വയസ്സുള്ള തന്റെ മകളോടുള്ള കരുതലും സ്നേഹവും വളരെ വലുതാണ്. മകൾ റീഗനോടൊപ്പം ഒരു ആഡംബര വീട്ടിലാണ് അവർ താമസമാക്കിയിരിക്കുന്നത്. തിരക്കുകൾക്കിടയിലും മകളുടെ കാര്യങ്ങൾ അവർ ഭംഗിയായി നിർവഹിക്കുന്നുണ്ട്. സമാധാനപൂർണമായ അന്തരീക്ഷം പൊടുന്നനെ മാറിമറിയുന്നുണ്ട്. ക്രിസിന്റെ വീടിന്റെ മച്ചിൽ നിന്നും അസാധാരണമായ ശബ്ദങ്ങൾ കേൾക്കുന്നതോടെ ക്രിസ് അവിടം മുഴുവൻ പരിശോധിക്കുന്നുണ്ട്, എന്നാൽ അസ്വാഭാവികമായി യാതൊന്നും അവർക്ക് കണ്ടെത്താൻ കഴിയുന്നില്ല. എന്നാൽ തന്റെ മകളിൽ അസ്വാഭാവികമായ പെരുമാറ്റങ്ങൾ ഉണ്ടാകുന്നത് ക്രിസ് ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്. പ്രായത്തിൽ കവിഞ്ഞ പക്വത കാണിക്കുന്ന റീഗൻ ചില സമയങ്ങളിൽ പ്രവചനാതീതമായ രീതിയിൽ പെരുമാറുകയും ചെയ്യുന്നു. 

the exorcist review

ഇതിനിടയിൽ, ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റിയിലെ വൈദികരെ കൗൺസിലിംഗ് ചെയ്യുന്ന സൈക്യാട്രിസ്റ്റായ ഫാദർ ഡാമിയൻ കരാസിനെയും അദ്ദേഹത്തിന്റെ സുഹൃത്തായ ഫാദർ ഡയറിനെയും ക്ഷണിച്ച് ക്രിസ് വീട്ടിൽ ഒരു പാർട്ടി നടത്തുന്നുണ്ട്. കരാസിന്റെ അമ്മയുടെ മരണത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ പാർട്ടിയിലേക്ക് ഇറങ്ങിവരുന്ന റീഗൻ അവിടെ പൊതുമധ്യത്തിൽ നിന്നും മൂത്രമൊഴിക്കുന്നു. ഞെട്ടിപോകുന്ന ക്രിസ് മകൾക്ക് ഒരു കവചമെന്നപോലെ ചേർത്തുപിടിക്കുന്നുണ്ട്. എന്നാൽ സംഭവങ്ങൾ അവിടംകൊണ്ടൊന്നും അവസാനിക്കുന്നില്ല, റീഗന്റെ കിടക്ക ശക്തമായി കുലുങ്ങുകയും അവർ ഭയപ്പെടുകയും ചെയ്യുന്നു. മകൾക്ക് എന്തോ അസുഖമായിരിക്കുമെന്ന ധാരണയിൽ  വൈദ്യപരിശോധനകള്‍ നടത്തുമെങ്കിലും യാതൊന്നും കണ്ടെത്താൻ സാധിക്കുന്നില്ല. ക്രിസ്ന്റെ  സുഹൃത്ത് ബർക്ക് ഡെന്നിംഗ്സിനെ മരിച്ച നിലയിൽ കാണപ്പെടുന്നതോടെ സംഭവങ്ങൾ കൂടുതൽ ഗുരുതരമാകുകയായിരുന്നു. റീഗന്റെ മുറിയുടെ ജനാലയോട് ചേർന്നുള്ള ഗോവണിക്ക് അടിയിൽ നിന്നാണ് മൃതദേഹം കണ്ടെടുക്കുന്നത്. 

the exorcist review

റീഗന്റെ പെരുമാറ്റങ്ങൾ മോശമാകാൻ തുടങ്ങിയതോടെ ഇത് അമാനുഷിക ശക്തിയുടെ സാന്നിധ്യമാണെന്നും വേണ്ടത് ഉച്ഛാടനമാണെന്നും ക്രീസിന് ഉപദേശങ്ങൾ ലഭിക്കുന്നു. അക്രമാസക്തമായ രീതിയിലേക്ക് റീഗൻ മാറി തുടങ്ങിയിരുന്നു. യോനിയിൽ ഒരു ക്രൂശിതരൂപം കൊണ്ട് കുത്തി മുറിവേൽപ്പിക്കുന്ന രംഗത്തിൽ പ്രേക്ഷകർ ഒന്നടങ്കം നിശബദ്ധരാകുകയാണ്. ഈ പരിതസ്ഥിയിൽ നിന്നും മകളെ രക്ഷിക്കാൻ പുരോഹിതമാരോട് അപേക്ഷിക്കുന്നുണ്ട് ആ 'അമ്മ. തുടർന്ന് ഉഛാടന കർമ്മങ്ങൾക്കായി ലങ്കെസ്റ്റർ മെറിൻ എത്തുന്നു. ഇവിടന്നങ്ങോട്ട് ഭയത്തിന്റെ കൊടുമുടി കയറും ഓരോ പ്രേക്ഷകനും. റീഗന്റെ രൂപ മാറ്റം തന്നെയാണ് അതിൽ പ്രധാനം. റീഗന്റെ അഴുകിത്തുടങ്ങിയ ശരീരവും പൈശാചികമായ ശബ്ദങ്ങളും പ്രേക്ഷകരെ അസ്വസ്ഥമാക്കുന്നുണ്ട്. അത്ഭുതം എന്തെന്നാൽ കഴിഞ്ഞ അർദ്ധരാതിയിൽ നിശാഗന്ധിയിൽ പ്രദർശിപ്പിച്ചപ്പോഴും ആ ഭീകരത പഴകിയില്ലെന്നുള്ളതാണ്. അൻപത് വർഷങ്ങൾക്കിപ്പുറം കാഴ്ചയിൽ അതേ ഭയം നിലനിർത്താൻ കഴിയുന്ന വില്ല്യം ഫ്രീഡ്കിൻ മാജിക് ആണ് 'ദി എക്‌സോർസിസ്റ്റ്'. ഇതുതന്നെയാണ് എക്കാലത്തെയും മികച്ച ഹോളിവുഡ് ഹൊറർ ചിത്രങ്ങളിൽ ഒന്നായി ഇതിനെ മാറ്റുന്നതും. 

the exorcist review

റീഗനായി ലിൻഡ ബ്ലെയർ അതിഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. എലൻ ബർസ്റ്റിൻ, മാക്സ് വോൺ എന്നിവർ ചിത്രത്തെ അവിസ്മരണീയമാക്കുന്നു. അഴുകി തുടങ്ങിയ ശരീരത്തിൽ നിന്നും പുറത്തേക്ക് വമിക്കുന്ന പച്ച നിറത്തിലുള്ള ദ്രാവകം പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നുണ്ട്‌. ഇന്നും അതിന്റെ ദുർഗന്ധം അടുത്ത നിന്നും അറിയുന്നതുപോലെ പലരുടെയും മുഖം ചുളിയുന്നുണ്ടായിരുന്നു. വലിയൊരു ഓഡിയൻസിനൊപ്പം ആയിരുന്നിട്ടും റീഗന്റെ പൈശാചിക ഭാവങ്ങൾ ഓരോരുത്തരെയും കിടിലംകൊള്ളിക്കുകയും ചെയ്‌തിട്ടുണ്ട്. നിശാഗന്ധി ഒന്നടങ്കം നിശബ്ദമായി വീണ്ടും ആ ഹൊറർ പടം ആദ്യത്തെ അതേ ആവശത്തോടെ കണ്ടുതീർക്കുകയായിരുന്നു. ബാല്യത്തിന്റെ കുസൃതികൾ വിരിയേണ്ട റീഗന്റെ മുഖത് ക്രൂരത വിരിയുന്നത് ഭയത്തോടെ അല്ലാതെ എങ്ങനെ കണ്ടിരിക്കാനാകും. പലരും അടുത്തുള്ളവരുടെ കൈയിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. ഭയമോ എന്ന് പറഞ്ഞ് പുച്ഛിച്ച് തള്ളിയവർ പോലും ശ്വാസമടക്കിപിടിച്ച നിമിഷങ്ങൾ വിദൂരമല്ലായിരുന്നു എന്നതാണ് രസകരം. 

the exorcist review

പുറത്തിറങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും ആദ്യ ദിവസത്തെ അനുഭവം പോലെ പ്രേക്ഷകരെ മുൾമുനയിൽ നിർത്താനും സിരകളെ പോലും മരവിപ്പിക്കുന്ന രീതിയിൽ ഭയം നിറയ്ക്കാനും  ദി എക്‌സോർസിസ്റ്റിന് സാധിച്ചിട്ടിട്ടുണ്ട്. എത്ര ഹൊറർ ചിത്രങ്ങൾ വന്നുപോയാലും വില്ല്യം ഫ്രീഡ്കിൻ ഒരുക്കിയ ദി എക്‌സോർസിസ്റ്റിനറെ തട്ട് താണ് തന്നെയിരിക്കും എന്നുള്ളതിന്റെ തെളിവ് കൂടിയായിരുന്നു ഈ ഐഎഫ്എഫ്കെ വേദിയും 

Follow Us:
Download App:
  • android
  • ios