ട്രോമാറ്റിക് അനുഭവങ്ങള്‍ മനുഷ്യരുടെ ജീവിതങ്ങളെ എങ്ങനെയാണ് പുനര്‍രചിക്കുന്നതെന്ന് പറയുന്നു ഈ ചിത്രം. അതിനെ മറികടക്കുക വ്യക്തികളെ സംബന്ധിച്ച് എത്ര പ്രയാസകരമാണെന്നതും
ഒരു അനാഥാലത്തില്‍ തന്‍റെ കൗമാരകാലം കടന്നുപോവുകയാണ് ഹൂലിയോ. നിശ്ചിതപ്രായം എത്തുന്നതുവരെ സംരക്ഷണം ലഭിക്കുന്ന അവിടെ കഴിയുന്ന കുട്ടികളെ സംബന്ധിച്ച് ദത്തെടുക്കലിന് ആരെങ്കിലും എത്തുമെന്ന കാത്തിരിപ്പുമുണ്ട്. അനാഥത്വത്തിന്‍റെ മുറിവ് ഉള്ളില്‍ പേറുമ്പോഴും ഹൂലിയോയും സുഹൃത്തുക്കളും തങ്ങളുടെ കൗമാരം പരിമിത സൗകര്യങ്ങളിലും ആഘോഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ച് വ്യത്യാസങ്ങളൊന്നുമില്ലാത്ത ഹൂലിയോയുടെ ദിനങ്ങളിലേക്ക് മുപ്പതുകളുടെ തുടക്കത്തിലുള്ള അസുസേന കടന്നുവരികയാണ്. എല്ലാവരോടും ഒരുപോലെ ഇടപഴകുമ്പോഴും അവര്‍ക്ക് തന്നോട് എന്തോ പ്രത്യേക പരിഗണന ഉള്ളതായി ഹൂലിയോയ്ക്ക് തോന്നുന്നു. പിന്നാലെ പ്രേക്ഷകരെ ഒപ്പം കൂട്ടി ഇരുവരെയും പിന്തുടരുകയാണ് തന്‍റെ കരിയറിലെ മൂന്നാം ചിത്രത്തിലൂടെ ഇക്വഡോറിയന്‍ സംവിധായിക അന ക്രിസ്റ്റീന ബറാഗന്‍.
ഭൂതകാലത്തില്‍ ഏറ്റ മുറിവുകളാല്‍ ഉള്‍വലിഞ്ഞ് ജീവിക്കുന്ന ആളാണ് അസുസേന. പ്രായമായ അച്ഛനല്ലാതെ അവര്‍ക്ക് മറ്റാരുമില്ല. ഹൂലിയോയിലേക്ക് എത്തുന്നതിന് മുന്‍പ് അച്ഛനോട് മാത്രമാണ് അസുസേന ഇടപഴകുന്നതായി നാം കാണുന്നത്. അതും വല്ലപ്പോഴും മാത്രം. അനാഥാലയത്തില്‍ വളര്‍ന്നുവരുന്ന ഒരു പയ്യനുമായി യദൃശ്ചയാ അവര്‍ പരിചയത്തിലാവുന്നതല്ലെന്ന് പിന്നീട് നാം അറിയുന്നു. അവരുടെ മകന്‍ തന്നെയാണ് ഹൂലിയോ. നാടകീയത ഒട്ടുമില്ലാതെ, അവരവരുടേതല്ലാത്ത കാരണങ്ങളാല്‍ മുറിവേറ്റ ഒരു അമ്മയുടെയും മകന്‍റെയും വര്‍ഷങ്ങള്‍ക്കിപ്പുറത്തെ സമാഗമമാണ് മിനിമലിസത്തിന്‍റെ ഭംഗീയോടെ അന ക്രിസ്റ്റീന സ്ക്രീനില്‍ വരച്ചിടുന്നത്.
പ്രധാന കഥാപാത്രങ്ങളുടെ മികച്ച കാസ്റ്റിംഗ് ആണ് ചിത്രത്തിലേത്. അസുസേനയായി സിമോണ്‍ ബൂസിയോയും ഹൂലിയോ ആയി ഫ്രാന്‍സിസ് എഡ്യു ലൂമിക്വിങ്കയും അഭിനയിച്ചിരിക്കുന്നു. ആദ്യ കാഴ്ചയില്‍ത്തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ പ്രേക്ഷകരിലേക്ക് രജിസ്റ്റര്‍ ചെയ്യുന്നുണ്ട് ഇരുവരും. ദുരനുഭവങ്ങളാല്‍ ഉറഞ്ഞുപോയ ആളാണ് അസുസേനയെങ്കില്‍ ദു;ഖം ഉള്ളിലൊളിപ്പിച്ച ആളാണ് ഹൂലിയോ. പറയുന്ന വിഷയം ഗഹനമെങ്കിലും ദുര്‍ഗ്രാഹ്യതകളിലേക്കൊന്നും പോവാതെ ലളിതമായി തുടങ്ങി ലളിതമായി അവസാനിപ്പിക്കുന്ന ആഖ്യാനമാണ് അന ക്രിസ്റ്റീന ബറാഗന്‍റേത്. പ്രായമായ അച്ഛന്‍ മാത്രമുള്ള അസുസേനയുടെ ലോകവും ഹൂലിയോയും കൂട്ടുകാരും കഴിയുന്ന അനാഥാലയവും മാത്രമാണ് ചിത്രത്തില്‍ കടന്നുവരുന്നത്. ഒപ്പം അസുസേന ആരായിരുന്നു എന്ന് പറയുന്ന ചെറു ഫ്ലാഷ്ബാക്കുകളും.
ട്രോമാറ്റിക് അനുഭവങ്ങള്‍ മനുഷ്യരുടെ ജീവിതങ്ങളെ എങ്ങനെയാണ് പുനര്‍രചിക്കുന്നതെന്ന് പറയുന്നു ഈ ചിത്രം. അതിനെ മറികടക്കുക വ്യക്തികളെ സംബന്ധിച്ച് എത്ര പ്രയാസകരമാണെന്നും. എന്നാല്‍ ആത്യന്തികമായി പ്രതീക്ഷയാണ് ദി ഐവി പങ്കുവെക്കുന്നത്. അത്ര നേരവും കണ്ട ദൃശ്യങ്ങളില്‍ നിന്ന് വേറിട്ട ഒന്നിലാണ് സംവിധായിക ചിത്രം അവസാനിപ്പിക്കുന്നത്. അമ്മയും മകനും ചേര്‍ന്ന് യാത്ര പോകുന്ന ഒരിടത്ത് തടാകത്തിനപ്പുറമുള്ള വിദൂരതയില്‍ പുകയുന്ന ഒരു അഗ്നിപര്‍വ്വതം കാണാം. എന്നാല്‍ ഒരു നനുത്ത മഴ അവിടെ പെയ്യാന്‍ തുടങ്ങുകയാണ്. ഇരുവരുടെയും മനസിലെ കനലുകള്‍ അണയ്ക്കാനെന്നപോലെ.



