ഐഎഫ്എഫ്‍കെയില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമയായ ടു സീസണ്‍സ്, ടു സ്‍ട്രേഞ്ചേഴ്‍സിന്റെ റിവ്യു.

രണ്ട് സീസണുകളിലെ വൈകാരിക സംഘര്‍ഷങ്ങളിലൂടെ സഞ്ചരിക്കുന്ന തിരക്കഥാകൃത്തിനെ പിന്തുടരുന്ന സിനിമയാണ് ടു സീസണ്‍സ്, ടു സ്‍ട്രഞ്ചേഴ്‍സ്. രണ്ട് കാലങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ അതിലൊന്നു സിനിമയ്‍ക്കുള്ളിലെ സിനിമയും മറ്റൊന്ന് തിരക്കഥാകൃത്തിന്റെ സ്വന്തം ജീവിതവുമായാണ് ജാപ്പനീസ് സംവിധായകൻ ഷോ മിയാക്കെ ചിത്രീകരിച്ചിരിക്കുന്നത്. ഒന്ന് വേനല്‍ക്കാലത്ത് ചിത്രീകരിച്ചിരിക്കുമ്പോള്‍ രണ്ടാമത്ത കഥ ശൈത്യകാലത്തും ചിത്രീകരിച്ചിരിക്കുന്നു. ഒരു കഥ പറയുന്ന ചിത്രം എന്നതിലുപരി അനുഭവിച്ചറിയേണ്ട തിയറ്റര്‍ കാഴ്‍ചയാണ് ടു സീസണ്‍സ്, ടു സ്‍ട്രേഞ്ചേഴ്‍സ്.

ആദ്യ രംഗങ്ങളില്‍ തന്നെ തിരക്കഥാകൃത്ത് ലീയുടെ മാനസിക വ്യാപാരങ്ങള്‍ സമര്‍ഥിക്കാനാണ് സംവിധായകൻ ശ്രമിച്ചിട്ടുള്ളത്. പുതിയ ഒരു തിരക്കഥ എഴുതാൻ ശ്രമിക്കുന്ന ലീയെയാണ് പ്രേക്ഷകൻ ആദ്യ രംഗങ്ങളില്‍ കാണുക. ആ തിരക്കഥ എഴുതുമ്പോള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദത്തിനൊപ്പം തന്നെ ലീയുടെ സര്‍ഗാത്മക സഞ്ചാരത്തെയും അടിവരയിടുന്നു സംവിധായകൻ. ലീ തിരക്കഥയിലെ ആദ്യ വരികള്‍ എഴുതുന്നതിനൊപ്പം തന്ന അത് സിനിമയായി പ്രേക്ഷകരിലേക്ക് അവതരിപ്പിക്കുകയും ചെയ്യുന്നു സംവിധായകൻ.

നഗീസ നട്‍സൗ എന്നിവര്‍ തമ്മില്‍ കണ്ടുമുട്ടുന്നു. ഒരു കടല്‍ തീരത്തുവെച്ചാണ് ഇവര്‍ കണ്ടുമുട്ടുന്നത്. ഇവര്‍ തമ്മില്‍ സംഭാഷണം അധികമില്ല. ആറ്റിക്കുറുക്കിയ വാചകങ്ങളിലാണ് ഇവരുടെ സംസാരം. നിശബ്‍ദതയ‍്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഒരു പരമ്പരാഗത ഡ്രാമ എന്നതിലുപരിയായി വൈകാരികമായ ഒരു സഞ്ചാരമാണ് ഇവിടെ സംഭവിക്കുന്നത്. രണ്ട് അപരിചിതര്‍ എങ്ങനെയാണ് പരസ്‍പരം കണക്റ്റ് ചെയ്യുന്നത് എന്ന് അതിവിദഗ്‍ദമായി ഇവിടെ ദൃശ്യവത്‍ക്കരിക്കുന്നു. പിന്നീട് ഇത് സിനിമയ്‍ക്കുള്ളിലെ സിനിമയാണെന്ന് പ്രേക്ഷകര്‍ തിരിച്ചറിയുന്നു.

മറ്റൊരു കഥയ്‍ക്ക് വേണ്ടി ലീ സഞ്ചരിക്കുമ്പോള്‍ റൈറ്റേഴ്സ് ബ്ലോക്ക് അനുഭവപ്പെടുന്നു. അത് മറികടക്കാൻ മഞ്ഞുമൂടിയ ഒരു മല മുകളിലേക്ക് ലീ ഒരു പഴയ ക്യാമറയും എടുത്തു പോകുകയാണ്. പഴയ ഒരു പരിചയക്കാരനെ കാണുക എന്നതാണ് ലക്ഷ്യമെങ്കിലും ബെൻസോ എന്ന സത്രം ജീവനക്കാരനെയാണ് ലീക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ബെൻസോ ലീയുമായുള്ള സംഭാഷണത്തിന് വിമുഖത പ്രകടിപ്പിക്കുന്ന ആളാണ്. ഒരു ഘട്ടത്തില്‍ ഈ സ്ഥലവും തന്റെ ജീവിതവും സിനിമയ്‍ക്ക് വേണ്ടി ഉപയോഗിക്കരുതെന്ന് തുറന്നുപറയുന്നുണ്ട് ബെൻസോ ലീയോട്.

ലീയും ബെൻസോയും ഏകാന്തതയുടെ തടവിലാണെന്ന് പ്രേക്ഷകര്‍ തിരിച്ചറിയുന്നു. ഇരുവരും പങ്കിടുന്നതും ആ ഏകാന്തതയാണ്. സര്‍ഗാത്മപ്രതിസന്ധി മറികടക്കാൻ വന്ന ലീയുടെ ജീവിതം പിന്നെ എങ്ങനെയാണ് മാറുന്നത് എന്നത് സിനിമയുടെ കഥാവഴിയില്‍ വ്യക്തമാകുന്നു. ശൈത്യകാലത്ത് കണ്ടുമുടുന്ന രണ്ട് അപരിചിതരുടെ ജീവിത പശ്ചാത്തലമാണ് ഈ ഭാഗത്ത് അവതരിപ്പിക്കുന്നത്.

നിശബ്‍ദതയാണ് ഈ സിനിമയുടെ ഭാഷ. നിശബ്‍ദതയെ വൈകാരിക തീവ്രതയോടെ അവതരിപ്പിച്ചിരിക്കുന്നു. വൈകാരികമായ സംഭാഷണങ്ങള്‍ക്കപ്പുറത്ത് ഒരു മൂഡ് ക്രിയേറ്റ് ചെയ്യാനാണ് ഷോ മിയാക്കെ ശ്രമിച്ചിട്ടുള്ളത്. കാവ്യാത്മകമായിട്ടുള്ള ദൃശ്യഭാഷയാണ് സിനിമയ്‍ക്കായി ഉപയോഗിച്ചിട്ടുള്ളത്.

കഥാപാത്രങ്ങളുടെ പ്രകടനവും സിനിമയെ മികവുറ്റതാക്കുന്നു. സിനിമയുടെ ഏറ്റവും ആകര്‍ഷകമായ ഘടകം അതിന്റെ സിനിമാറ്റോഗ്രാഫിയാണ്. രണ്ട് കാലങ്ങളെ സിനിമയില്‍ പകര്‍ത്തിയ വിധം മനോഹരമാണ്. ഒരു ട്രെയിൻ പാളത്തില്‍ നിറയെ മഞ്ഞു പുതഞ്ഞുള്ള കാഴ്‍ചയെ ദൃശ്യവത്‍കരിച്ചാണ് വേനല്‍ക്കാലത്ത് നിന്ന് സിനിമയെ ശൈത്യകാലത്തേയ്‍ക്ക് സംവിധായകനും ഛായാഗ്രാഹകനും പറിച്ചുനടന്നുത്. സാധാരണ തിയറ്റര്‍ പ്രേക്ഷകനെ ലക്ഷ്യംവെച്ചുള്ള ഒരു സിനിമയല്ല ടു സീസണ്‍സ്, ടു സ്‍ട്രേഞ്ചേഴ്‍സ്. പ്രേക്ഷകനെയും ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന തരത്തില്‍ ഒരു സെല്‍ഫ് റിഫ്ലക്റ്റീവാകപ്പെടുന്ന ഒരു ആർട്ട് ഹൗസ് സിനിമയാകുന്നു ടു സീസണ്‍സ്, ടു സ്‍ട്രേഞ്ചേഴ്‍സ്.