'മേപ്പടിയാനി'ല്‍ കയ്യടക്കത്തോടെ ഇമോഷണല്‍ രംഗങ്ങളില്‍ മികവ് കാട്ടുന്നു ഉണ്ണി മുകുന്ദൻ.

നടൻ ഉണ്ണി മുകുന്ദന്റെ (Unni Mukundan) ആദ്യ നിര്‍മാണ സംരംഭമായിട്ടാണ് 'മേപ്പടിയാൻ' (Meppadiyan) വാര്‍ത്തകളില്‍ നിറഞ്ഞത്. നാട്ടിൻപുറത്തുകാരൻ ചെറുപ്പക്കാരനായ നായകനായി ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്‍ത ഉണ്ണി മുകുന്ദന് നിര്‍ണായകമാണ് മേപ്പടിയാൻ. മസില്‍ പെരുപ്പിക്കുന്ന കഥാപാത്രങ്ങളില്‍ നിന്ന് ഒരു കുതറിമാറ്റത്തിന് വേണ്ടിയുള്ള പരിശ്രമവുമായിരുന്നു ഉണ്ണി മുകുന്ദന് 'മേപ്പടിയാ'ൻ. ഉണ്ണി മുകുന്ദനെയും പ്രേക്ഷകനെയും നിരാശരാക്കാത്ത ചലച്ചിത്രാനുഭവം തന്നെയാണ് തീയറ്ററിലും. 

ഒരു ഫാമിലി ഡ്രാമയാണെന്ന കൃത്യമായ അടയാളപ്പെടുത്തലോടെയാണ് മേപ്പടിയാന്റെ തുടക്കം. കഥ നടക്കുന്ന ഗ്രാമത്തിലെ കഥാപാത്രങ്ങളെയും പരിസരത്തെയും ഒരു സസ്‍പെൻസ് ത്രില്ലറിനെ സൂചന നല്‍കി പരിചയപ്പെടുത്തുന്നു. 'ജയകൃഷ്‍ണൻ' എന്ന നായക കഥാപാത്രത്തെയും അവതരിപ്പിച്ച ശേഷം പതിഞ്ഞ താളത്തിലാണ് 'മേപ്പടിയാന്റെ' ആദ്യ രംഗങ്ങള്‍. വര്‍ക്ക് ഷോപ്പ് നടത്തുന്ന കഥാപാത്രമാണ് നായകൻ. എല്ലാവര്‍ക്കും ഇഷ്‍ടപ്പെടുന്ന സ്വഭാവ സവിശേഷതകളോടെയുള്ള 'ജയകൃഷ്‍നെ' ആദ്യമേ പ്രേക്ഷകന് സ്വീകാര്യനാക്കിയ ശേഷമാണ് സംവിധായകൻ കഥയിലേക്ക് കടക്കുന്നത്. 

പേര് സൂചിപ്പിക്കുന്നത് പോലെ ഒരു സ്ഥലക്കച്ചവടവും അതിനെ ചുറ്റിപ്പറ്റി നേരിടേണ്ടി വരുന്ന സംഭവങ്ങളുമാണ് 'മേപ്പടിയാന്റെ' കഥാ ചുരുക്കം. ഇമോഷണലായ ഘടകങ്ങള്‍ കൂടി ചേര്‍ത്തുവെച്ചാണ് 'മേപ്പടിയാന്റെ' തിരക്കഥാകൃത്ത് കഥ മെനഞ്ഞിരിക്കുന്നത്. ചില പ്രലോഭനങ്ങളാല്‍ നായക കഥാപാത്രം സ്ഥലക്കച്ചവടത്തില്‍ പങ്കാളിയാകുകയാണ്. അത് ഊരാക്കുടുക്കിലേക്കാണ് എത്തിക്കുന്നത്. എങ്ങനെയാണ് നായകൻ പ്രതിസന്ധികളെ തരണം ചെയ്യുന്നത് എന്നതാണ് 'മേപ്പടിയാനെ' ആകാംക്ഷാഭരിതമാക്കുന്നതും

.

പതിവ് മാനറിസങ്ങളെല്ലാം മാറ്റിവെച്ചാണ് ഇത്തവണ ഉണ്ണി മുകുന്ദൻ കഥാപാത്രത്തിന്റെ കുപ്പായം ധരിച്ചിരിക്കുന്നത്. മസില്‍ പ്രകടനങ്ങള്‍ ആവശ്യപ്പെടുന്ന കഥാപാത്രമേയല്ല 'ജയകൃഷ്‍ണൻ'. മാസിനല്ല ഇമോഷണാണ് പ്രാധാന്യം. ചിത്രത്തില്‍ കയ്യടക്കത്തോടെ ഇമോഷണല്‍ രംഗങ്ങളില്‍ മികവ് കാട്ടിയിരിക്കുകയും ചെയ്യുന്നു ഉണ്ണി മുകുന്ദൻ. 'മേപ്പടിയാനെ' എൻഗേജിംഗായി നിര്‍ത്തുന്ന ഒരു നടൻ സൈജു കുറുപ്പാണ്. 'ഫിലിപ്പോസ് വര്‍ക്കി' എന്നെ കഥാപാത്രം സൈജു കുറുപ്പിന്റെ അഭിനയ വൈവിധ്യം കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്നു. ക്യാരക്ടര്‍ റോളിലേക്ക് ചുവടുമാറ്റിയ അജു വര്‍ഗീസിന്റെ വേഷവും പക്വതയോടെയുള്ളതായിരുന്നു. കുണ്ടറ ജോണിയെന്ന നടനെയും ചിത്രത്തില്‍ ഇതുവരെയുള്ളതില്‍നിന്ന് വ്യത്യസ്‍തനായി കാണാം. അഞ്‍ജു കുര്യന്റെ നായികാ കഥാപാത്രത്തിന് അത്ര പ്രാധാന്യം നല്‍കിയില്ല. നിഷാ സാരംഗാണ് സ്‍ത്രീ കഥാപാത്രങ്ങളില്‍ മികച്ച് നില്‍ക്കുന്നത്. ഇന്ദ്രൻ, കോട്ടയം രമേശ്, മേജര്‍ രവി, കലാഭവൻ ഷാജോണ്‍ തുടങ്ങിയവര്‍ 'മേപ്പടിയാന്റെ' കഥാഗതിയോട് ചേര്‍ന്നുനില്‍ക്കുന്നു. 

'മേപ്പടിയാൻ' എന്ന ആദ്യ ചിത്രത്തിലൂടെ വരവറിയിച്ചിരിക്കുകയാണ് സംവിധായകൻ വിഷ്‍ണു മോഹൻ. കുടുംബപ്രേക്ഷകരെ മുന്നില്‍ക്കണ്ട് തന്നെ ഒരു ത്രില്ലര്‍ ആഖ്യാനം സ്വീകരിക്കുമ്പോള്‍ പതറാതിരിക്കാൻ വിഷ്‍ണു മോഹന് സാധിച്ചിട്ടുണ്ട്. സ്വന്തം തിരക്കഥയുടെ കരുത്ത് തന്നെയാണ് വിഷ്‍ണു മോഹന് 'മേപ്പടിയാനെ' ത്രില്ലിംഗ് അനുഭവമാക്കാൻ സഹായകരമാകുന്നത്. രണ്ടാം പകുതിയില്‍ ഒട്ടേറെ രംഗങ്ങളില്‍ പ്രേക്ഷകനെ ആകാംക്ഷാഭരിതരാക്കാനാകുന്നുണ്ട് 'മേപ്പടിയാന്'. ഉണ്ണി മുകുന്ദൻ നായകനായ ചിത്രത്തിന്റെ സ്വീകാര്യതയ്‍ക്ക് രാഹുല്‍ സുബ്രഹ്‍മണ്യത്തിന്റെ പശ്ചാത്തലസംഗീതവും അനുകൂല ഘടകമാകും. നീല്‍ ഡി കുഞ്ഞയുടെ ഛായാഗ്രാഹണവും 'മേപ്പടിയാന്റെ' ഫാമിലി- ഇമോഷണല്‍ ചലചിത്രാനുഭവത്തെ കൃത്യമായി പ്രേക്ഷകനിലേക്ക് എത്തിക്കുന്നു. എന്തായാലും ആദ്യ നിര്‍മാണ സംരഭത്തില്‍ ഉണ്ണി മുകുന്ദന് കൈപൊള്ളില്ലെന്ന് തീര്‍ച്ച.