രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം അജിത്ത് കുമാർ തിരിച്ചെത്തുന്നത് മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിഡാമുയര്‍ച്ചി എന്ന ഹോളിവുഡ് ശൈലിയിലുള്ള ത്രില്ലർ ചിത്രത്തിലൂടെയാണ്.

ജിത്ത് കുമാറിന്‍റെ രണ്ട് കൊല്ലത്തിന് ശേഷം തീയറ്ററില്‍ എത്തുന്ന ചിത്രമാണ് വിഡാമുയര്‍ച്ചി. മഗിഴ് തിരുമേനി ഒരുക്കിയ ചിത്രം ഒരോ അപ്ഡേറ്റിലും ആവേശം ജനിപ്പിച്ച ചിത്രമാണ്. അതേ സമയം പതിവ് തമിഴ് സിനിമ ഫോര്‍മാറ്റിനെ തീര്‍ത്തും വകവയ്ക്കാതെ ഒരുക്കിയ അജിത്ത് ചിത്രമാണ് വിഡാമുയര്‍ച്ചി എന്ന് പറയാം. എന്തായാലും അജിത്ത് ആരാധകര്‍ക്ക് 'തലദര്‍ശനം' നല്‍കുന്ന വകകള്‍ എല്ലാം വച്ചാണ് ഒരു ഹോളിവുഡ് ഫ്ലെവറില്‍ വിഡാമുയര്‍ച്ചി ഒരുക്കിയിരിക്കുന്നത്. 

വിവാഹമോചന തീരുമാനത്തിലാണ് അര്‍ജുനും ഭാര്യ കായലും. 12 കൊല്ലത്തെ ദാമ്പത്യത്തില്‍ പ്രണയം നഷ്ടപ്പെട്ടപ്പോള്‍ അവര്‍ രണ്ടു വഴിക്ക് പിരിയാന്‍ തീരുമാനിക്കുന്നു. അവസാനം കായലിന്‍റെ ആവശ്യപ്രകാരം അവളുടെ വീട്ടില്‍ കൊണ്ടുവിടുവാന്‍ അര്‍ജുന്‍ തീരുമാനിക്കുന്നു. അതിനായി അവര്‍ ഒന്‍പത് മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന റോഡ് യാത്രയിലാണ്. എന്നാല്‍ അവരുടെ ഈ യാത്രയില്‍ അവരെ കാത്തിരിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് വിഡാമുയര്‍ച്ചി. 

തടം അടക്കം മുന്‍ചിത്രങ്ങളില്‍ പ്രേക്ഷകരെ ഞെട്ടിക്കുന്ന ട്വിസ്റ്റുകള്‍ ഒരുക്കി ചിത്രത്തെ എന്‍ഗേജിംഗ് ആക്കുന്ന രീതിയാണ് സംവിധായകന്‍ മഗിഴ് തിരുമേനി ആവിഷ്കരിക്കുന്നത്. ആ രീതി തന്നെയാണ് മഗിഴ് വിഡാമുയര്‍ച്ചി എന്ന ചിത്രത്തിലും പിന്തുടരുന്നത്. എന്നാല്‍ അജിത്ത് കുമാര്‍ എന്ന് സ്റ്റാര്‍ എത്തുമ്പോള്‍ അഖ്യാന രീതിക്ക് ലഭിക്കുന്ന ഗാംഭീര്യവും, ചില വീഴ്ചകളും വി‍ഡാമുയര്‍ച്ചിയില്‍ ഉണ്ടെന്ന് പറയാം. 

പാട്ട്, സംഘടനം, ഇമോഷന്‍ എല്ലാം സമാസമം ചേര്‍ത്തുണ്ടാക്കുന്ന കോളിവുഡ് കോമേഷ്യല്‍ ഫോര്‍മുലയെ എടുത്ത് കോടമ്പക്കത്ത് തന്നെ വച്ച് അസര്‍ബൈജാന്‍ എന്ന രാജ്യത്തിന്‍റെ മരുഭൂമി പോലെ തോന്നുന്ന പ്രദേശത്താണ് ചിത്രം നടക്കുന്നത്. കായല്‍ അര്‍ജുന്‍ ബന്ധത്തിന്‍റെ ആഴവും പരക്കും പ്രേക്ഷകനിലേക്ക് സംവേദിക്കാന്‍ ഒരുക്കുന്ന നോണ്‍ ലീനിയറായ ആദ്യ ആഖ്യാനം ഒഴികെ ഈ ഭൂമികയുടെ പുറത്തേക്ക് കഥ പോകുന്നില്ല. 

അതായത് തന്‍റെ അഖ്യാന രീതിയിലേക്ക് അജിത്തിനെപ്പോലെ ഒരു സൂപ്പര്‍താരത്തെ കൃത്യമായി സംയോജിപ്പിക്കുന്ന സംവിധായകന്‍. ഒന്നാം പകുതിയില്‍ തന്നെ ട്വിസ്റ്റുകളുമായി മുന്നേറുന്ന ചിത്രത്തില്‍ ഒരു ഘട്ടത്തില്‍ പോലും അജിത്ത് എതിരാളിക്കെതിരെ കൈ ഉയര്‍ത്തുന്നത് പോലും ഇല്ല എന്നത് ചിന്തിക്കേണ്ടതാണ്. ഒപ്പം തന്നെ സംഘര്‍ഷഭരിതമായ കഥ പരിസരത്തനപ്പുറം, പ്രണയരംഗങ്ങളില്‍ പഴയ സിനിമകളിലെ കാമുകനായി സ്ക്രീനില്‍ കണ്ട അജിത്ത് കുമാറിന്‍റെ മാനറിസങ്ങള്‍ മാറിമറിയുന്ന ചില രംഗങ്ങള്‍ നന്നായിട്ടുണ്ട്. 

ആക്ഷന്‍ സ്റ്റാര്‍ അര്‍ജുന്‍ ചിത്രത്തില്‍ പ്രധാന റോളില്‍ എത്തുന്നുണ്ട്. ഒപ്പം റെജീന കാസാന്‍ട്രയും മികച്ച റോളിലുണ്ട്. ഇവര്‍ക്ക് സംവിധായകന്‍ ഒരു ജോക്കര്‍, ക്വിൻസെൽ ഫ്ലെവര്‍ നല്‍കിയത് അവരുടെ താരമൂല്യവും കണക്കിലെടുത്തായിരിക്കാം. പക്ഷെ അവരുടെ കഥാപാത്രങ്ങള്‍ ഗംഭീരമാകുമ്പോഴും ഇത്തരം ഒരു ഫ്ലാഷ്ബാക്ക് ചില സമയത്ത് മുഴച്ച് നില്‍ക്കുന്നതായി തോന്നാം. 

ടെക്നിക്കലായി ഗംഭീരമായി ഒരുക്കിയിരിക്കുന്ന ചിത്രമാണ് വിഡാമുയര്‍ച്ചി. അനിരുദ്ധ് പതിവ് പോലെ തന്‍റെ ജോലി ഗംഭീരമാക്കിയിട്ടുണ്ട്. ക്ലൈമാക്സ് ഫൈറ്റിനോട് അനുബന്ധിച്ച് 'വിഡാമുയര്‍ച്ചി' ഗാനം ഉപയോഗിച്ച് നടത്തിയ പെര്‍ഫോമന്‍സ് ചിത്രത്തിന്‍റെ ഗ്രാഫ് ഉയര്‍ത്തുന്നുണ്ട്. അസര്‍ബൈജന്‍ പോലെ ശരിക്കും നിഗൂഢവും മരുഭൂമിയുടെ വന്യതയും എല്ലാം മനോഹരമായി പകര്‍ത്തുന്നുണ്ട് ഓം പ്രകാശിന്‍റെ ക്യാമറ. 

ഉത്സവ സീസണ്‍ മിസ് ചെയ്ത് തീയറ്ററില്‍ എത്തിയ ചിത്രമാണ് വിഡാമുയര്‍ച്ചി. പടം ഇറങ്ങുന്ന ദിനം അന്നാണ് ഉത്സവം എന്നാണ് അജിത്ത് ഇതിനെക്കുറിച്ച് പറഞ്ഞത് എന്നാണ് സംവിധായകന്‍ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ പതിവ് തമിഴ് തട്ടുപൊളിപ്പന്‍ രീതിയില്‍ അല്ല, ഹോളിവുഡ് ചേരുവകളുമായി ഒരു അജിത്ത് ആരാധകന് ഉത്സവം ആക്കാനുള്ളത് ചിത്രത്തിലുണ്ട്. 

150 കോടി ചോദിച്ചു, 11 കോടിയില്‍ തല്‍ക്കാലം ഒതുക്കി: അജിത്തിന്‍റെ വിഡാമുയര്‍ച്ചി അവസാന പ്രതിസന്ധി മറികടന്നു!

അത്ഭുതം?, അജിത്തിന് രണ്ട് വര്‍ഷം സിനിമയില്ല, എന്നിട്ടും വിഡാമുയര്‍ച്ചി നേടുന്ന അഡ്വാൻസ് കളക്ഷൻ ഞെട്ടിക്കുന്നു