നെറ്റ്ഫ്ലിക്സിന്‍റെ ക്രിസ്‍മസ് റിലീസ്

ടൊവീനോ തോമസിനെ (Tovino Thomas) നായകനാക്കി ബേസില്‍ ജോസഫ് (Basil Joseph) സംവിധാനം ചെയ്‍ത 'മിന്നല്‍ മുരളി'യിലെ (Minnal Murali) പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'ആരോമല്‍ താരമായ്' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്‍മാന്‍. നിത്യ മാമ്മനും സൂരജ് സന്തോഷും ചേര്‍ന്നാണ് ആലാപനം.

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെയെത്തുന്ന മിന്നല്‍ മുരളിക്കുവേണ്ടിയുള്ള കാത്തിരിപ്പ് മലയാളികളല്ലാത്ത പ്രേക്ഷകരിലുമുണ്ട്. ചിത്രം നെറ്റ്ഫ്ളിക്സിലൂടെയുള്ള ഡയറക്റ്റ് ഒടിടി റിലീസ് ആണെന്ന് പ്രഖ്യാപിക്കപ്പെതിനു ശേഷം ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ സിനിമാപ്രേമികള്‍ പങ്കുവെക്കുന്നുണ്ട്. 'ഗോദ'യ്ക്കു ശേഷം ബേസിലും ടൊവീനോയും ഒരുമിക്കുന്ന ചിത്രം നെറ്റ്ഫ്ലിക്സിന്‍റെ ക്രിസ്‍മസ് റിലീസ് ആണ്. എന്നാല്‍ അതിനു മുന്‍പ് ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയര്‍. ഫെസ്റ്റിവല്‍ ചെയര്‍പേഴ്സണ്‍ കൂടിയായ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് ദിവസങ്ങള്‍ക്കു മുന്‍പ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡിസംബര്‍ 16നാണ് ജിയോ മാമിയിലെ പ്രീമിയര്‍ പ്രദര്‍ശനം. 24ന് നെറ്റ്ഫ്ളിക്സ് റിലീസ്.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഗുരു സോമസുന്ദരം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരുടേതാണ് തിരക്കഥ. 

YouTube video player