പ്രഖ്യാപന സമയത്തു തന്നെ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ്

ഫഹദ് ഫാസിലിന്‍റെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമാണ് ആവേശം. വിഷു റിലീസ് ആയി തിയറ്ററുകളിലെത്തി വന്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രം ഒടിടിയിലെത്തിയപ്പോള്‍ മറുഭാഷാ പ്രേക്ഷകരുടെയും കൈയടി നേടി. ചിത്രത്തിലെ ഗാനങ്ങളും തിയറ്ററുകളില്‍ ആവേശം വിതറിയിരുന്നു. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന്‍റെ സംഗീതം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ശ്രദ്ധേയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. അധോലോകം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. ആലപിച്ചിരിക്കുന്നത് വിപിന്‍ രവീന്ദ്രന്‍.

പ്രഖ്യാപന സമയത്തു തന്നെ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആയിരുന്നു ആവേശം. തിയറ്ററുകളില്‍ തരംഗം തീര്‍ത്ത രോമാഞ്ചത്തിന്‍റെ സംവിധായകന്‍ ജിത്തു മാധവന്‍റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ എത്തുന്നു എന്നതായിരുന്നു അതിന് കാരണം. ജിത്തു മാധവന്‍റെ രണ്ടാമത്തെ ചിത്രമാണിത്. ഏപ്രില്‍ 11 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ഷോകള്‍ മുതല്‍ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ഫഹദ് ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രം തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ബംഗളൂരു പശ്ചാത്തലമാക്കുന്ന ആക്ഷന്‍ കോമഡി ചിത്രത്തില്‍ രംഗ എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് ബംഗളൂരുവില്‍ പഠിക്കാനെത്തുന്ന ഒരു സംഘം മലയാളി വിദ്യാര്‍ഥികളും രംഗയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ഹിപ്സ്റ്റര്‍, മിഥുന്‍ ജയ് ശങ്കര്‍, റോഷന്‍ ഷാനവാസ് എന്നിവരാണ് വിദ്യാര്‍ഥികളെ അവതരിപ്പിച്ചിരിക്കുന്നത്.

അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്, ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സ് എന്നീ ബാനറുകളിൽ നസ്രിയ നസീമും അൻവർ റഷീദും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സമീർ താഹിറാണ് നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെ, വസ്ത്രാലങ്കാരം മഷര്‍ ഹംസ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എ ആര്‍ അന്‍സാര്‍.

ALSO READ : ബലാല്‍സംഗ കേസ്; സംവിധായകന്‍ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം

Adholokam | Aavesham | Jithu Madhavan |Fahadh Faasil | Sushin Shyam| Vinayak| Nazriya| Anwar Rasheed