പൊന്നിയിന്‍ സെല്‍വന്‍റെ രണ്ടാം ഭാഗം തിയറ്ററുകളിലെത്തുക ഏപ്രില്‍ 28 ന്

രണ്ടാം ഭാഗത്തിനായി ഇന്ത്യന്‍ സിനിമാപ്രേമികളില്‍ ഭാഷാതീതമായി കാത്തിരിപ്പുയര്‍ത്തിയിരിക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. 2022 സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനെത്തിയ പൊന്നിയിന്‍ സെല്‍വന്‍റെ രണ്ടാം ഭാഗം തിയറ്ററുകളിലെത്തുക ഏപ്രില്‍ 28 ന് ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. അഗ നഗ എന്ന് തമിഴില്‍ ആരംഭിക്കുന്ന ഗാനത്തിന്‍റെ വിവിധ ഭാഷാ പതിപ്പുകള്‍ ഒരുമിച്ചാണ് പുറത്തിറക്കിയിരിക്കുന്നത്. തൃഷ അവതരിപ്പിക്കുന്ന കുന്ദവൈക്കും കാര്‍ത്തി അവതരിപ്പിക്കുന്ന വല്ലവരായന്‍ വന്ദിയത്തേവനും ഇടയിലുള്ള പ്രണയമാണ് ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ലിറിക് വീഡ‍ിയോ ആണ് പുറത്തെത്തിയിരിക്കുന്നത്.

"അകമലർ അകമലർ ഉണരുകയായോ/ മുഖമൊരു കമലമായ് വിരിയുകയായോ/ പുതുമഴ പുതുമഴ ഉതിരുകയായോ/ തരുനിര മലരുകളണിവു 
ആരത്.... ആരത് എൻ ചിരി കോർത്തത്..." എന്നാണ് മലയാളം ഗാനത്തിലെ വരികള്‍. റഫീക്ക് അഹമ്മദ് രചിച്ച് ഏ ആർ റഹ്മാൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്. സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ വിശ്വപ്രസിദ്ധ ചരിത്ര നോവൽ പൊന്നിയിൻ സെല്‍വൻ ആധാരമാക്കിയാണ് മണിരത്‍നം അതേ പേരിൽ തന്നെ ദൃശ്യ സാക്ഷത്ക്കാരം ഒരുക്കിയിരിക്കുന്നത്.

വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്ണന്‍, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആൻ്റണി, റിയാസ് ഖാൻ, ലാൽ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങിയവരാണ് അഭിനേതാക്കൾ. തമിഴ് സിനിമയുടെ ബോക്സ് ഓഫീസില്‍ ചരിത്ര വിജയമാണ് പൊന്നിയിൻ സെല്‍വൻ 1 നേടിയത്. ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ചിത്രത്തിൻ്റെ രണ്ടാം ഭാഗം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.

ALSO READ : 'പ്രാര്‍ഥനകള്‍ക്ക് നന്ദി'; ജോലിയില്‍ തിരികെ പ്രവേശിച്ച് മിഥുന്‍ രമേശ്

Aga Naga - Lyrical | PS2 Tamil | A R Rahman | Mani Ratnam | Karthi, Trisha | Subaskaran |Shakthisree

Akamalar - Lyrical | PS2 Malayalam | A R Rahman | Mani Ratnam|Karthi, Trisha|Subaskaran|Shakthisree