ചിത്രത്തിലെ ആദ്യ ഗാനമായ അറബിക് കുത്ത് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു

കൊവിഡ് കാലത്ത് തമിഴ് സിനിമാ വ്യവസായത്തിന് ആശ്വാസം പകര്‍ന്ന അപൂര്‍വ്വം വിജയങ്ങളിലൊന്നായിരുന്നു വിജയ് (Vijay) നായകനായ മാസ്റ്റര്‍. ബീസ്റ്റ് (Beast) ആണ് വിജയിയുടേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഡോക്ടര്‍ എന്ന വിജയ ചിത്രത്തിനു ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതും ബീസ്റ്റിന് ലഭിച്ച പ്രേക്ഷകശ്രദ്ധയ്ക്ക് ഒരു കാരണമാണ്. അനിരുദ്ധ് രവിചന്ദര്‍ (Anirudh Ravichander) ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ചിത്രത്തിലെ ആദ്യം പുറത്തെത്തിയ അറബിക് കുത്ത് എന്ന ഗാനം ആസ്വാദകര്‍ക്കിടയില്‍ വന്‍ തരംഗം തീര്‍ത്തിരുന്നു. ചിത്രത്തിന്‍റെ രണ്ടാം സിംഗിള്‍ ഇന്ന് വൈകിട്ട് പുറത്തിറക്കുമെന്ന് അണിയറക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ആ ഗാനത്തിന്‍റെ ഒരു പുതിയ പ്രൊമോയും പുറത്തെത്തിയിരിക്കുകയാണ്.

ജോളി ഓ ജിംഖാന എന്നാണ് പുതിയ ഗാനത്തിന് നല്‍കിയിരിക്കുന്ന ടൈറ്റില്‍. ഗാനചിത്രീകരണ സമയത്ത് നര്‍ത്തകരോട് സംസാരിക്കുന്ന നെല്‍സണ്‍ ആണ് പ്രൊമോയില്‍. ചിത്രത്തിന്‍റെ പ്രധാന അപ്ഡേറ്റുകള്‍ക്കൊക്കെയൊപ്പം തയ്യാറാക്കുന്ന രസകരമായ പ്രൊമോ വീഡിയോകള്‍ മുന്‍പും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അതേസമയം തെന്നിന്ത്യന്‍ സിനിമാ ഗാനങ്ങളില്‍ ആസ്വാദകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടിരുന്നു അറബിക് കുത്ത്. തെന്നിന്ത്യന്‍ സിനിമാ ഗാനങ്ങളില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ചകള്‍ സ്വന്തമാക്കിയ ഗാനമെന്ന റെക്കോര്‍ഡ് ഇപ്പോള്‍ അറബിക് കുത്തിനാണ്. 15 ദിവസങ്ങൾ കൊണ്ടാണ് ഗാനത്തിന്റെ ഈ നേട്ടം. ധനുഷ് നായകനായ ചിത്രം മാരി 2വിലെ 'റൗഡി ബേബി' എന്ന ഗാനത്തിന്റെ റെക്കോർഡാണ് അറബി കുത്ത് മറികടന്നിരിക്കുന്നത്. റൗഡി ബേബി 18 ദിവസം കൊണ്ടായിരുന്നു 100 മില്യണ്‍ കടന്നത്. വിജയിയുടെ മാസ്റ്ററിലെ 'വാത്തി കമിങ്ങ്' എന്ന ഗാനമാണ് മൂന്നാം സ്ഥാനത്ത് ഉള്ളത്.

സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയാണ് നായിക. സെല്‍വരാഘവന്‍, യോഗി ബാബു, ജോണ്‍ വിജയ്, ഷാജി ചെന്‍, വിടിവി ഗണേഷ് തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ഷൈന്‍ ടോം ചാക്കോയും അപര്‍ണ്ണ ദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഷൈനിന്‍റെ ആദ്യ തമിഴ് ചിത്രമാണിത്. ഏപ്രില്‍ റിലീസ്. ചിത്രത്തില്‍100 കോടിയാണ് വിജയ്‍യുടെ പ്രതിഫലം എന്നും റിപ്പോര്‍ട്ടുണ്ട്. മാസ്റ്ററിന്റെ വിജയമാണ് വിജയിയെ പ്രതിഫലം വര്‍ദ്ധിപ്പിക്കാൻ പ്രേരിപ്പിച്ച ഘടകം. 'മാസ്റ്ററി'ല്‍ വിജയ് വാങ്ങിയത് 80 കോടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

മനോജ് പരമഹംസയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍. ചെന്നൈയിലും ജോര്‍ജിയയിലുമായിട്ടായിരുന്നു ചിത്രത്തിന്‍റെ പ്രധാന ചിത്രീകരണം. വിജയിയുടെ ഭാഗങ്ങള്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11നു തന്നെ നെല്‍സണ്‍ പൂര്‍ത്തിയാക്കിയിരുന്നു.

YouTube video player