ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിനും ചിത്രം നേട്ടമുണ്ടാക്കി

പൃഥ്വിരാജിന്‍റെ (Prithviraj) സംവിധാനത്തില്‍ മോഹന്‍ലാല്‍ (Mohanlal) ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ബ്രോ ഡാഡിയിലെ (Bro Daddy) വീഡിയോ ഗാനം പുറത്തെത്തി. 'കാണാക്കുയിലേ' എന്ന ഗാനത്തിന്‍റെ വീഡിയോയാണ് നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് പുറത്തുവിട്ടിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ദീപക് ദേവ് ആണ്. എവുഗിനും ആന്‍ ആമിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

ലൂസിഫറിന്‍റെ വന്‍ വിജയത്തിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത ചിത്രം എന്ന നിലയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ബ്രോ ഡാഡി. ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു റിലീസ്. സംവിധാനത്തിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും പൃഥ്വിരാജ് ആണ്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജോണ്‍ കാറ്റാടിയുടെ മകന്‍ ഈശോ ജോണ്‍ കാറ്റാടിയാണ് പൃഥ്വിരാജിന്‍റെ കഥാപാത്രം. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, കനിഹ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഫണ്‍ ഫാമിലി എന്‍റര്‍ടെയ്‍നര്‍ സ്വഭാവത്തിലെത്തിയ ചിത്രത്തില്‍ ലാലു അലക്സും മോഹന്‍ലാലുമാണ് ഏറ്റവും കൈയടി നേടിയത്.