സംഗീതം പകര്‍ന്ന് ആലപിച്ചിരിക്കുന്നത് ഗോവിന്ദ് വസന്ത

മാത്യു തോമസും മാളവിക മോഹനനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രിസ്റ്റിയിലെ വീഡിയോ ഗാനം പുറത്തെത്തി. തെരവന്ന് കാലീ തൊട്ടാ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീതം പകര്‍ന്ന് ആലപിച്ചിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. പൂവാറിന്‍റെ പശ്ചാത്തലത്തില്‍ മാത്യു തോമസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ സാമൂഹ്യ ജീവിതം പകര്‍ത്തിയിരിക്കുന്ന ഗാനമാണിത്. വിജയ് ആരാധകനായ ഈ കഥാപാത്രം ഒരു വിജയ് ചിത്രം തിയറ്ററില്‍ കണ്ട് നായകന്‍റെ ഇന്‍ട്രൊ സമയത്ത് കൂട്ടുകാര്‍ക്കൊപ്പം ആര്‍പ്പ് വിളിക്കുന്നുണ്ട്.

നവാഗതനായ ആല്‍വിന്‍ ഹെന്‍റിയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ബെന്യാമിനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രഞ്ജിത്ത് ശങ്കർ, ജീത്തു ജോസഫ്, ജെകെ, വേണു, സലിം അഹമ്മദ് തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ച അനുഭവപരിചയവുമായാണ് ആൽവിൻ ഹെൻറി ആദ്യ ചിത്രം ഒരുക്കിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ആണ് ഛായാഗ്രാഹണം. സംഗീതം പകരുന്നത് ഗോവിന്ദ് വസന്ത. റോക്കി മൗണ്ടൻ സിനിമാസിന്‍റെ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാന്ന് ചിത്രം നിർമ്മിക്കുന്നത്. പൂവാർ ആണ് സിനിമയുടെ പശ്ചാത്തലം. ഈ പ്രദേശം ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമായാണ്. കടലും കായലും ചേരുന്ന പൊഴി പൂവാറിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ പ്രദേശത്തിന്റെ സംസ്‍കാരവും ആചാരങ്ങളും ഭാഷയുമൊക്കെ ചിത്രത്തില്‍ കടന്നുവരുന്നുണ്ട്.

ALSO READ : വിജയ് ചിത്രം വിജയമോ? ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 'വാരിസ്' ഇതുവരെ നേടിയത്

ഒരിടവേളയ്‍ക്ക് ശേഷം മാളവിക മോഹനൻ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട്. പട്ടം പോലെ, ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം മാളവിക മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയ എസ് കുറുപ്പ്, വീണ നായർ, മഞ്ജു പത്രോസ്, സ്‍മിനു സിജോ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എഡിറ്റിം​ഗ് മനു ആന്റണി, അൻവർ അലി, വിനായക് ശശികുമാർ എന്നിവരുടേതാണ് ​ഗാനരചന. കലാസംവിധാനം സുജിത് രാഘവ്, മേക്കപ്പ് ഷാജി പുൽപ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ഷെല്ലി ശ്രീസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് പ്രദീപ് ഗോപിനാഥ്, വിജയ് ജി എസ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പിആര്‍ഒ വാഴൂർ ജോസ്. അതേസമയം വിജയ് നായകനാവുന്ന അടുത്ത ചിത്രത്തില്‍ മാത്യു തോമസും അഭിനയിക്കുന്നുണ്ട്. വിജയ്‍യുടെ കരിയറിലെ 67-ാം ചിത്രമാണിത്. ലോകേഷ് കനകരാജ് ആണ് സംവിധാനം.

Poovar - Video Song | Christy | Mathew Thomas | Malavika Mohanan | Govind Vasantha | Alvin Henry