രണ്ടാം വരവില്‍ വിജയം നേടി ചിത്രം

മലയാളത്തിലെ റീ റിലീസുകളില്‍ സമീപകാലത്ത് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ദേവദൂതന്‍‍. ഒറിജിനല്‍ റീ റിലീസ് സമയത്ത് വിജയിച്ച ചിത്രങ്ങള്‍ പല ഭാഷകളിലും റീ റിലീസ് ആയി എത്തുന്നത് സാധാരണമാണെങ്കിലും പരാജയപ്പെട്ട ഒരു ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത് അപൂര്‍വ്വമാണ്. എന്നാല്‍ രണ്ടാം വരവില്‍ അണിയറക്കാരെ ആഹ്ലാദഭരിതരാക്കുന്ന വിജയമാണ് പ്രേക്ഷകര്‍‌ നല്‍കിയത്. ദേവദൂതന്‍റെ ജനപ്രീതിക്ക് പിന്നില്‍ ഒരു പ്രധാന ഘടകം വിദ്യാസാഗര്‍ സംഗീതം പകര്‍ന്ന ഗാനങ്ങളാണ്. രണ്ടാം വരവിലും ചിത്രത്തിന് അത്രയും പബ്ലിസിറ്റി നല്‍കിയത് വിദ്യാജിയുടെ ഈണങ്ങള്‍ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒറിജിനല്‍ സൌണ്ട് ട്രാക്കും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ചിത്രത്തിന്‍റെ പല ഭാഗങ്ങളിലായി കടന്നുവരുന്ന 13 സൌണ്ട് ട്രാക്കുകളാണ് ഒരുമിച്ച് എത്തിയിരിക്കുന്നത്. വിദ്യാസാഗറിന്‍റെ ഏറ്റവും മികച്ച വര്‍ക്കുകളിലൊന്നാണ് ദേവദൂതന്‍. ചിത്രത്തിന്‍റെ സൌണ്ട് ട്രാക്കുകള്‍ വിദ്യാസാഗര്‍ സൂക്ഷിച്ചിരുന്നുവെന്നും റീ റിലീസ് ഇത്രയും ക്വാളിറ്റിയില്‍ സാധ്യമായതിന് അതൊരു പ്രധാന കാരണമാണെന്നും സിബി മലയില്‍ പറഞ്ഞിരുന്നു.

സിബി മലയിലിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2000 ല്‍ പ്രദര്‍ശനത്തിനെത്തിയ ദേവദൂതന്‍ നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷം റീ റിലീസ് ചെയ്യപ്പെടുട്ടത്. വിശാൽ കൃഷ്ണമൂർത്തി എന്ന സംഗീതജ്ഞനെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. അതിനാല്‍ത്തന്നെ സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഇത്. ജയപ്രദ, ജനാർദ്ദനൻ, മുരളി, വിനീത്, ജ​ഗദീഷ്, ലെന, വിജയ ലക്ഷ്മി, ശരത് തുടങ്ങി നിരവധി താരങ്ങൾ മോഹന്‍ലാലിനൊപ്പം ചിത്രത്തിൽ അണിനിരന്നിരുന്നു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ സ്റ്റുഡിയോസിന്‍റെ നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിലേക്ക് റീമാസ്റ്റേർ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിച്ചത്. 

ALSO READ : പൊട്ടിച്ചിരിയുമായി സൈജു കുറുപ്പ്; 'ഭരതനാട്യം' ട്രെയ്‌‍ലര്‍ എത്തി

Devadoothan Original Sound Track | OST | Vidyasagar | Mohanlal | Siby Malayil | Siyad Koker